KeralaLead NewsNEWS

എയ്ഡഡ് സ്കൂൾ അധ്യാപകർ 5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി പോകും: ഹൈക്കോടതി

കൊച്ചി: തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വര്‍ഷത്തിന് ശേഷവും അവധി നീണ്ടാല്‍ സര്‍വീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്റ്റിസ് എ. കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കെ.ഇ.ആറിലെ റൂള്‍ 56 ഉദ്ധരിച്ചാണ് വിധി. കേരള വിദ്യാഭ്യാസ ചട്ടം സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

മലപ്പുറം ചെങ്ങോട്ടൂര്‍ എ.എം.എല്‍.എസ് അധ്യാപകനായിരിക്കെ അവധിയെടുത്ത എറണാകുളം സ്വദേശി ഷാജി പി. ജോസഫിന്റെ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. 2005 സെപ്തംബറില്‍ അഞ്ച് വര്‍ഷത്തെ അവധിയില്‍ ഇംഗ്ലണ്ടിലേക്ക് പോയ ഷാജി പി. ജോസഫിന് അഞ്ച് വര്‍ഷം കൂടി നീട്ടി അനുവദിച്ചു. വീണ്ടും അഞ്ച് വര്‍ഷം കൂടി അവധി ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ അപേക്ഷ തള്ളി. ഇതിനെതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അധ്യാപകരുടേതിന് സമാനമായ നിയമങ്ങളാണ് അവധിയുടെ കാര്യത്തിലടക്കം എയ്ഡഡ് അധ്യാപകര്‍ക്ക് ബാധകമെന്നായിരുന്നു ഷാജിയുടെ വാദം. അവധി നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് വ്യക്തമാക്കി സര്‍ക്കാറിന് കൈമാറണമെന്ന നടപടിക്രമം മാനേജര്‍ പാലിച്ചില്ലെന്നും വാദിച്ചു.

എന്നാല്‍, തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തെ അവധിക്ക് ശേഷം ജോലിക്ക് കയറിയില്ലെങ്കില്‍ സര്‍വീസില്‍ ഇല്ലാതാവുമെന്ന ചട്ടം സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്കും ബാധകമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവധികഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്ത സാഹചര്യത്തില്‍ മാനേജര്‍ക്ക് മറ്റ് നടപടിക്രമങ്ങള്‍ പാലിക്കേണ്ട ബാധ്യതയില്ലെന്നും ഉത്തരവില്‍ പറയുന്നു.

Back to top button
error: