NEWS

തെരുവിൽ ഭക്ഷണം വിറ്റ് ജീവിതം പുലർത്തുന്ന വൃദ്ധദമ്പതികൾ, ഈ കഠിനാധ്വാനം സമൂഹത്തിനു മാതൃക

എഴുപത് പിന്നിട്ട വൃദ്ധ ദമ്പതികൾ ജീവിതച്ചെലവിനും വാടക നൽകാനും വേണ്ടി തെരുവിൽ ഭക്ഷണം വിറ്റ് കഠിനാധ്വാനം ചെയ്യുന്നു. അപൂർവ്വമായ സ്വാദ് തേടി നിരവധി പേരാണ് ഇവരുടെ ഭക്ഷണ സ്റ്റാളിലേക്ക് എത്തുന്നത്

വാർധക്യത്തിലും അധ്വാനിച്ച് ജീവിച്ചചെലവ് കണ്ടെത്തുന്ന ദമ്പതികൾ മാതൃകയാകുന്നു. ഇരുവർക്കും പ്രായത്തിന്റേതായ ശാരീരിക അവശതകൾ ഉണ്ട്. പക്ഷെ മനസ്സിപ്പോഴും സ്ട്രോങ്ങ് ആണ്. വയസ്സ് എഴുപത് പിന്നിട്ടിട്ടും ജീവിതച്ചെലവിനായും വാടക നൽകാനും തെരുവിൽ ഭക്ഷണം വിറ്റ് കഠിനാധ്വാനം ചെയ്യുകയാണ് ഈ ദമ്പതികൾ.
പുലർച്ചെ നാല് മണിയ്ക്കാണ് ഇവരുടെ ഒരു ദിവസം തുടങ്ങുന്നത്. നാഗ്പൂരിലെ പണ്ഡിറ്റ് നെഹ്റു കോൺവെന്റിലുള്ള പ്രകാശ് പാൻ കോർണറിലെ ഭക്ഷണ സ്റ്റാളിലേക്ക് പ്രഭാതത്തിലേക്ക് വേണ്ട എല്ലാ ഭക്ഷണ വിഭവങ്ങളും തയ്യാറാക്കി ആറുമണിയോടെ സ്റ്റാൾ തുറക്കും. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെ ഇവർ തിരക്കിലാണ്.

വീട്ടുവാടക കണ്ടെത്താനും ജീവിതച്ചെലവിനുമാണ് ഈ വയസിലും അവർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്. ഇവിടുത്തെ സ്‌പെഷ്യൽ വിഭവം നാഗ്പുർ സ്റ്റൈൽ സ്പെഷൽ ‘റ്റാരി പൊഹ’യാണ്. പത്ത് രൂപയാണ് ഇതിന്റെ വില.
മറ്റൊരു വിഭവം ആലുബോണ്ടയാണ് അതിന് പ്ലേറ്റ് ഒന്നിന് പതിനഞ്ച് രൂപയാണ്. ഈ സ്വാദ് തേടി നിരവധി പേർ ഇവിടെ എത്താറുണ്ട്.

ഫുഡ്വ്ലോഗർമാരായ വിവേകും ആയേഷയും ‘ഈറ്റോഗ്രാഫേഴ്സ്’ എന്ന അവരുടെ സോഷ്യൽ മീഡിയ പേജിൽ ഇത് പങ്കുവെച്ചതോടെയാണ് ഇവരുടെ കഥ ലോകമറിഞ്ഞത്. നാഗ്പൂരിലുള്ളവരും ഇങ്ങോട്ടേക്ക് എത്തുന്നവരും വിദേശികളും തീർച്ചയായും ഇവിടം സന്ദർശിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഫുഡ് വ്ലോഗേർസ് വീഡിയോ പങ്കുവെച്ചത്.

വീഡിയോയ്ക്ക് താഴെ ഇവരെ അഭിനന്ദിച്ച് കൊണ്ടും പ്രശംസിച്ച് കൊണ്ടും നിരവധി കമന്റുകളാണ് എത്തുന്നത്. അവരുടെ രുചി അനുഭവിച്ചവരും കമന്റുമായി എത്തിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പതിനായിരക്കണക്കിന് ആളുകളാണ് ഇവരെ തേടി എത്തുന്നത്.
അധ്വാന തിരക്കിലും ചിരിച്ച മുഖവുമായി ഭക്ഷണം വിളമ്പുന്ന ഇവരുടെ സാമിപ്യം തന്നെ ഭക്ഷണത്തിന് സ്വാദ് കൂടും എന്നാണ് ഒരുകൂട്ടർ പ്രതികരിച്ചിരിക്കുന്നത്.

Back to top button
error: