പാര്‍ട്ട്‌ണേഴ്‌സ്’ ഡിസംബര്‍ 10ന് കാസര്‍ഗോഡ് ആരംഭിക്കുന്നു; നായകന്‍ ധ്യാന്‍ ശീനിവാസന്‍, നായിക സറ്റ്‌ന ടൈറ്റസ്

നവീന്‍ ജോണിനെ ആദ്യമായി പരിചയപ്പെടുന്നത് ഇരയുടെ സെറ്റില്‍വച്ചാണ്. ഉണ്ണിമുകുന്ദനെയും ഗോകുലിനെയും നായകന്മാരാക്കി സൈജു സംവിധാനം ചെയ്ത ചിത്രമാണ് ഇര. അതിന്റെ തിരക്കഥാകൃത്തായിരുന്നു നവീന്‍ജോണ്‍. ഇരയുടെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുമ്പോഴാണ് നവീനിനെ കാണുന്നതും പരിചയപ്പെടുന്നതും. അതിനുശേഷം ഇന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വിളിക്കാന്‍ പ്രത്യേകിച്ചൊരു കാരണവുമുണ്ടായിരുന്നു. നവീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പാര്‍ട്ട്‌ണേഴ്‌സിന്റെ ഷൂട്ടിംഗ് നാളെ കാസര്‍ഗോഡ് തുടങ്ങുകയാണ്. അതിന്റെ വിവരങ്ങള്‍ അറിയാന്‍കൂടിയാണ് വിളിച്ചത്.

‘പാര്‍ട്ട്‌ണേഴ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ഇത് യഥാര്‍ത്ഥത്തില്‍ കാസര്‍ഗോഡ് നടന്ന ഒരു സംഭവമാണ്. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ കഥ എഴുതിയിരിക്കുന്നത്. ത്രില്ലറാണ് സിനിമ. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സറ്റ്‌ന ടൈറ്റസും നീരജയുമാണ് നായികനിരയിലുള്ളത്. സഞ്ജു ശിവറാം, കലാഭവന്‍ ഷാജോണ്‍, ഹരിഷ് പേരടി, അനീഷ് ഗോപാല്‍ എന്നിവരും താരനിരയിലുണ്ട്.’ നവീന്‍ ജോണ്‍ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ന്യൂയോര്‍ക്കിന്റെ തിരക്കഥാകൃത്തും നവീന്‍ ജോണായിരുന്നു. ന്യൂയോര്‍ക്കിന്റെ അനൗണ്‍സ്‌മെന്റ് നടന്നിരുന്നെങ്കിലും ഷൂട്ടിംഗ് വൈകുകയാണ്. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ നവീന്‍ പറഞ്ഞു.

‘കഴിഞ്ഞ ജൂണില്‍ തുടങ്ങാനിരുന്ന സിനിമയാണ്. കോവിഡിനെത്തുടര്‍ന്ന് ഷൂട്ടിംഗ് മാറ്റിവയ്‌ക്കേണ്ടിവന്നു. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് 2022 ല്‍ ന്യൂയോര്‍ക്കിന്റെ ഷൂട്ടിംഗ് തുടങ്ങും.’

പാര്‍ട്ട്‌ണേഴ്‌സിന്റെ നിര്‍മ്മാതാവ് ദിനേഷ് കൊല്ലപ്പള്ളിയാണ്. കൊല്ലപ്പള്ളി ഫിലിംസാണ് ബാനര്‍. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സുനില്‍ എസ്. പിള്ളയും കലാസംവിധായകന്‍ സുരേഷ് കൊല്ലവും മേക്കപ്പ് സജി കൊരട്ടിയും കോസ്റ്റിയൂം സുജിത് മട്ടന്നൂരാണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. സതീഷ് കാവില്‍കോട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഹരി നാരായണനും പ്രകാശ് അലക്‌സിനുമാണ് സംഗീതവിഭാഗത്തിന്റെ ചുമതല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version