ഹെലികോപ്റ്റര്‍ അപകടം; രാഷ്ട്രപതിയുടെ കാര്യപരിപാടികൾ റദ്ദാക്കി, കരസേനാ മേധാവി എം.എം.നരവനെയും രാജ്നാഥ് സിങ്ങും റാവത്തിന്റെ വീട്ടിലെത്തി

ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍
തകര്‍ന്നവീണുണ്ടായ അപകടത്തെക്കുറിച്ച് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി യാതൊരു വിവരങ്ങളും പങ്കവച്ചിട്ടില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നു പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് അറിയിച്ചെങ്കിലും ഇതു വ്യാഴാഴ്ചത്തേയ്ക്കു മാറ്റിയതായാണ് റിപ്പോര്‍ട്ട്.

രാജനാഥ് സിങ്, അപകടത്തില്‍പ്പെട്ട സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹത്തിന്റെ മകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. പ്രതിരോധമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കരസേനാ മേധാവി എം.എം.നരവനെയുമായും ബിപിന്‍ റാവത്തിന്റെ വസതിയിലെത്തി.

രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാര്യങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. ഇന്നു വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ കാബിനറ്റ് സുരക്ഷാ സമിതിയുടെ യോഗം ചേരും. അതേസമയം, ‘പ്രസിഡന്റ് സ്റ്റാന്‍ഡര്‍ഡ്’ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് മുംബൈയിലെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കാര്യപരിപാടികളെല്ലാം റദ്ദാക്കിയെന്നു റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രപതി ഡല്‍ഹിയിലേക്കു തിരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version