IndiaLead NewsNEWS

ഒമിക്രോൺ വാക്സീനെ മറികടക്കില്ല, ജാഗ്രത തുടരണം; കൂടുതൽ ഗവേഷണങ്ങൾ ആവശ്യം

ജനീവ: മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണ് ഒമിക്രോൺ എന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മൈക്കൽ റയാൻ. വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോൺ എന്നാണ് പ്രാഥമിക നിഗമനങ്ങൾ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. വാക്സീനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തിൽ കൂടുതൽ പേരിലേക്ക് പകരുന്നതിനാണ് സാധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതിൽ പുതിയതിന് മുൻ‌തൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന, ഫലപ്രദമായ വാക്സീനുകൾ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാർഗങ്ങൾ തയാറാണ്.

പുതിയ വകഭേദങ്ങൾ രൂപാന്തരം പ്രാപിക്കുന്നെങ്കിലും ഇതുവരെ കോവിഡിനെ നേരിടാൻ സ്വീകരിച്ച പ്രതിരോധ നടപടികൾ തുടരണം. വാക്സീനുകൾ, മാസ്കുകൾ, സാമൂഹിക അകലം എന്നീ കരുതൽ നടപടികൾക്കാണ് ശ്രദ്ധ നൽകേണ്ടത്. വൈറസ് അതിന്റെ പ്രകൃതം മാറ്റിയെന്ന് പറയാൻ കഴിയില്ല. പക്ഷേ മാറ്റം വന്നിരിക്കുന്നത് അതിന്റെ വ്യാപനശേഷിയിലാണ്. അതു നമ്മൾ ശ്രദ്ധിക്കണമെന്നും റയാൻ കൂട്ടിച്ചേർത്തു.

Back to top button
error: