KeralaLead NewsNEWS

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല; കെജിഎംഒഎ നില്‍പ്പ് സമരം നാളെ മുതല്‍

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു.

കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും.

വിഷയത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ നിസഹകരണ സമരം ഡോക്ടേഴ്സ് ആരംഭിച്ചിരുന്നു. നവംബര്‍ മാസം മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രത്യക്ഷസമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നും അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സമരം പുനരാരംഭിക്കാന്‍ കെജിഎംഒഎ തീരുമാനിച്ചത്.

Back to top button
error: