ഘട്ടം ഘട്ടമായി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കും: മന്ത്രി വീണാ ജോര്‍ജ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ സംസ്ഥാനം 2025 ഓടെ ലക്ഷ്യം കൈവരിക്കും. എയ്ഡ്‌സ് രോഗികള്‍ കുറവുള്ള കേരളത്തിന് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. ഈ വര്‍ഷം 1000ല്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 17,000 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 2025ന് ശേഷം ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്ന ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം എല്ലാവരും ഉള്‍ക്കൊള്ളണം. വര്‍ണ, വര്‍ഗ, ലിംഗ, അസമത്വങ്ങള്‍ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അവരെ സമൂഹത്തിന്റെ ഭാഗമായി ഒപ്പം നിര്‍ത്തണം. ബോധവത്ക്കരണം പ്രധാന ഘടകമാണ്. കേരളത്തിന് പുറത്തും ധാരാളം പേര്‍ ജോലിചെയ്യുന്നുണ്ട്. ബോധവത്ക്കരണം അവരിലുമെത്തണം. ലക്ഷ്യം കൈവരിക്കാന്‍ അവരുടെ കൂടി സഹകരണം ആവശ്യമാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version