KeralaNEWS

നൂറ്റാണ്ടുകളുടെ കഥ പറയുന്ന മുത്തശ്ശി മാവ്, സിനിമയിലും അരക്കൈ നോക്കിയ മുത്തശ്ശി

 

ഈ മുത്തശ്ശി മാവിന് കഥകൾ പറയാനുണ്ട്, പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകൾ.പ്രായം പക്ഷെ ചോദിക്കരുത്, അത് രഹസ്യമാണ്..

സത്യത്തിൽ ഈ മാവിന്റെ പ്രായം അറിയുന്ന നാട്ടുകാർ ഇല്ല എന്നതാണ് വാസ്തവം. എന്തായാലും ഉടമസ്ഥന്റെ അച്ഛന്റെ, അമ്മൂമ്മയുടെ ചെറുപ്പത്തിൽ അവരുടെ ഉറ്റ കൂട്ടുകാരിയായിരുന്നു ഈ മുതു മുത്തശ്ശി… അവരുടെ പ്രായം കണക്കു കൂട്ടിയാൽ 125, അതു വച്ചു കൂട്ടിയാൽ പോലും മുത്തശ്ശി മാവിന് ‘125’ ന് മുകളിൽ ആണ് പ്രായം.

തൊടുപുഴ, കരിംകുന്നം ഗ്രാമപഞ്ചായത്തിലെ 9-ആം വാർഡിൽ തല ഉയർത്തി നിൽക്കുന്ന മുത്തശ്ശി മാവിനെ കണ്ടാൽ നോക്കാതെ പോകുന്നവർ വിരളം.ഒന്നരാടൻ കൊല്ലം ഉടമക്ക് അത്യാവശ്യം ചായയും, വടയും കഴിക്കാനുള്ള വക മുത്തശ്ശി മാവ് നൽകുന്നുവെന്നു ഉടമസ്ഥന്റെ സാക്ഷ്യം.നിരവധി കിളികൾക്ക് അഭയസ്ഥാനമാണ് ഈ മുത്തശ്ശി മാവ്.

മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയം. ദിലീപ് ആണ് നായകൻ, ബിജു മേനോൻ വില്ലൻ. അങ്ങനെയിരിക്കെ പള്ളിയിലെ പൊൻകുരിശു മോഷണം പോയി. നാട്ടുകാരും പോലീസും തിരച്ചിൽ തുടങ്ങി.. പക്ഷെ കണ്ടെത്താനായില്ല… അവസാനം മുത്തശ്ശി മാവ് നിന്ന സ്ഥലത്തെ വീടിനു തീ പിടിക്കുന്നതും, തുടർന്നു വില്ലൻ കഥാപാത്രം ബിജുമേനോൻ വീടിനു സമീപമുള്ള കൂറ്റൻ മാഞ്ചുവട്ടിൽ നിന്ന് പൊൻകുരിശു കണ്ടെടുക്കുന്നതും ചിത്രത്തിൽ ഉണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ പൊന്കുരിശു കുഴിച്ചിട്ടിരുന്നത് ഈ മുത്തശ്ശി മാവിൻ ചുവട്ടിൽ ആണ്…..


എന്തായാലും സിമിമാക്കാരിയായ ശേഷം മുത്തശ്ശി മാവ് വലിയ ഗമയിൽ ആണ്. ഒന്നാരാടൻ കൊല്ലം 3000 /4000 രൂപക്കുള്ള കണ്ണിമാങ്ങ നൽകിയിരുന്നെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ അത് 10000/15000 ആയി ഉയർത്തി. അങ്ങനെ തല ഉയർത്തിപ്പിടിച്ചി നിൽക്കുന്ന മുത്തശ്ശി മാവ് ഒന്നരാടൻ കൊല്ലം വീതം ‘തല കുനിച്ചു’ വിനയാന്വിത ആകും… ചായയുടേയും, വടയുടെയും സ്ഥാനത്ത് ഉടമക്ക് ബിരിയാണിയും ലഭിച്ചു തുടങ്ങി…

രണ്ടു പേർ ചുറ്റും പിടിച്ചാൽ മാത്രമെ മുത്തശ്ശിയെ ഒന്ന് ആശ്ലെഷിക്കാൻ ആവുകയുള്ളു. അങ്ങനെ തലമുറകളുടെ,നൂറ്റാണ്ടുകളുടെ കഥകളും പേറി തല ഉയർത്തി നിൽക്കുകയാണ് മുത്തശ്ശി മാവ് നാട്ടുകാർക്ക് അഭിമാനമായി…..

മുത്തശ്ശിമാവിന് കൂട്ടായി മനോഹരമായ മാലനിരകളും. മുത്തശ്ശിക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്നതും ഒരു കാഴ്ചയാണ് ഇവിടെ.ഒപ്പം മലനിരകളിലൂടെ പതഞ്ഞൊഴുകുന്ന അരുവികളും.

 

 

 

Back to top button
error: