രാത്രി രണ്ടു മണിക്ക് മെട്രോയുടെ തൂണിൽ കാറിടിച്ച്‌ യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് മുങ്ങി

രാത്രി രണ്ടു മണിയോടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറിൽ കാർ ഇടിച്ചിട്ടാണ് സുഹാന മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് അപകടസ്ഥലത്തുനിന്നും മുങ്ങി

കൊച്ചി: കൊച്ചി ഇടപ്പള്ളി പത്തടിപ്പാലത്ത് ദേശീയപാതയിൽ മെട്രോ റെയിലിൻ്റെ തൂണിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത.

അപകടത്തിന് പിന്നാലെ മരിച്ച യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് സംഭവത്തിൽ ദുരുഹത വർധിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം മൻസിയ എന്ന സുഹാന (22) ആണ് അപകടത്തിൽ മരിച്ചത്. കാർ ഡ്രൈവർ പാലക്കാട് കാരമ്പാറ്റ സൽമാന് (26) നേരിയ പരിക്കേറ്റു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പുലർച്ചെ രണ്ടു മണിയോടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാർ തകർന്നത്. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു.

ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവതി കാറിൽ കയറിയതെന്നാണ് വിവരം. പിറന്നാൾ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ച്‌ മൂന്നാമത് ഒരാൾ കൂടി വാഹനത്തിൽ കയറി.

യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞു കാറിൽ കയറിയ മൂന്നാമൻ, അപകടം സംഭവിച്ചതിനു പിന്നാലെ സ്ഥലത്തുനിന്നും മുങ്ങി. ഇയാളെ അറിയില്ലെന്ന് വാഹനം ഓടിച്ച സൽമാൻ പറയുന്നു.

അതേസമയം 11 മണി മുതൽ രണ്ടര വരെ ഇവർ എവിടെയായിരുന്നു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. അപകടസ്ഥലത്തു നിന്നും മുങ്ങിയ മൂന്നാമനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version