KeralaLead NewsNEWS

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല, പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; നിലപാട് കർശനമാക്കി സർക്കാർ

തിരുവനന്തപുരം: ഒരു കാരണവുമില്ലാതെ കോവിഡ് വാക്‌സിനെടുക്കാത്തവര്‍ പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ ചികില്‍സയില്ലെന്നും യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ 15 ന് രണ്ടാംഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പൊതുസമൂഹത്തില്‍ ഇടപെടുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇളവു നല്‍കും. ഇവര്‍ ചികില്‍സാ രേഖകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നില്‍ ഹാജരാക്കണം. കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു.

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ആഴ്ചയില്‍ ഒരുതവണ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. വാക്‌സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

Back to top button
error: