മുല്ലപ്പെരിയാറില്‍ മരംമുറിക്കുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

തൊടുപുഴ: മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍. അനുമതി നല്‍കിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കേരളം അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമാണ്. 2006ൽ സുപ്രീംകോടതി മരംമുറിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. ഇതുകൂടാതെ, വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് നിർദേശം നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

2014ലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലും ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 22 മരങ്ങൾ വെട്ടാനുള്ള അനുമതി നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിധികളെല്ലാം ലംഘിച്ചുകൊണ്ട് ഇതിനുള്ള അനുമതി നിരന്തരം കേരളം നിഷേധിക്കുകയാണ്. ഏറ്റവുമൊടുവിൽ കേരള വനംവകുപ്പ് ഉത്തരവിറക്കുകയും അത് ദിവസങ്ങൾക്കകം റദ്ദാക്കുകയും ചെയ്തു.

ഈ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണം. അതിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് അനുമതി നൽകാൻ കേരളത്തിന് കോടതി തന്നെ നേരിട്ട് നിർദേശം നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version