ലൈഫ് ഭവന പദ്ധതിക്കായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലെ അർഹരായ ഭൂരഹിത, ഭവനരഹിതരിൽ ഭൂമി ആർജ്ജിച്ച കുടുംബങ്ങൾക്കും പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നതിനായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കളുമായി കരാറിൽ ഏർപ്പെട്ട് വീട് നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭ്യമായ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ചേർത്ത് ആദ്യഗഡു നൽകാനാവും. എല്ലാ ഗുണഭോക്താക്കൾക്കുമുള്ള തുടർന്നുള്ള ഗഡുക്കൾ ഹഡ്കോ ലോൺ ലഭ്യമാകുന്നതോടെ വിതരണം ചെയ്യും. ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലെ ഭൂമി ആർജ്ജിച്ചിട്ടുള്ളതും പട്ടികജാതി, പട്ടികവർഗ, മത്സ്യ തൊഴിലാളി, അഡീഷണൽ ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടതുമായ അർഹതയുള്ള മുഴുവൻ ഗുണഭോക്താക്കളുമായും കരാറിലേർപ്പെട്ട് ഭവന നിർമ്മാണം പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

നിർമ്മാണം ആരംഭിച്ച് വിവിധ സ്റ്റേജുകളിലുള്ള ഭവനങ്ങൾ മുഴുവനും ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കുവാൻ ആവശ്യമായ സത്വരമായ നടപടികൾ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവണം. 2022 മെയ് മാസത്തിന് മുമ്പായി ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ എല്ലാവരുടേയും സജീവ സഹകരണം ഉണ്ടാകണമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version