KeralaLead NewsNEWS

കരട് വോട്ടർ പട്ടിക; ആക്ഷേപങ്ങളും അവകാശങ്ങളും നവംബർ 30നകം അറിയിക്കണം

സംസ്ഥാനത്ത് നവംബർ എട്ടിനു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ നവംബർ 30നു മുൻപ് അറിയിക്കണമെന്നു ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് എം. കൗൾ അറിയിച്ചു. കരട് വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in) ബന്ധപ്പെട്ട ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും വില്ലേജ് ഓഫിസിലും ബി.എൽ.ഒമാരുടെ കൈവശവും ലഭ്യമാണ്. ഇതു പരിശോധിച്ച് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാം.

2022 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഈ തീയതിയിൽ 18 വയസ് പൂർത്തിയാകുന്ന പൗര•ാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണു നവംബർ എട്ടിനു കേരളത്തിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും കാരണത്താൽ വോട്ടർ പട്ടികയിൽനിന്നു പേര് നീക്കംചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ നവംബർ 30 നകം പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകാം.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും നവംബർ 28നു സ്പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിക്കും. വോട്ടർമാർക്ക് ഈ കേന്ദ്രങ്ങളിൽ വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടാകുമെന്നും സി.ഇ.ഒ. അറിയിച്ചു.

Back to top button
error: