KeralaLead NewsNEWS

മോഫിയ പര്‍വീണിന്റെ മരണം; സിഐ സുധീറിന് സസ്പെൻഷൻ

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ കേസില്‍ സിഐ സുധീറിന് സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി.

മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം, റിമാന്റ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയ സ്ഥിരമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു.

അതേസമയം, കേസ് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐ സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവ ആത്മഹത്യയില്‍ ഈസ്റ്റ് പോലീസിന് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും പുതിയ സംഘം അന്വേഷിക്കും. സിഐയ്ക്ക് കേസ് എടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 29 ന് പരാതി കിട്ടിയിട്ടും കേസ് എടുത്തത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണ്. 25 ദിവസം ഈ പരാതിയില്‍ സിഐ സി.എല്‍ സുധീര്‍ കാര്യമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍.

നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വ്വീണിന്റെ ആത്മഹത്യ കേസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.

FacebookWhatsAppTwitterTelegramEmailSMSGmailPinterestShare

Back to top button
error: