NEWS

നെറ്റ്‌വർക്കില്ല, വീണ്ടും ചാർജ്ജുയർത്തി മോബൈൽ കമ്പനികൾ

എയര്‍ടെലിനു പിന്നാലെയാണ് വോഡാഫോൺ ഐഡിയ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതെങ്കിലും ഒരു നാൾ മുമ്പേ വോഡാഫോണ്‍ ഐഡിയ സംഗതി നടപ്പിൽ വരുത്തി. പക്ഷേ കസ്റ്റമേഴ്സ് ഒന്നടങ്കം പറയുന്നു, നെറ്റിന്റെ കാര്യം പോകട്ടെ. അങ്ങോട്ടുമിങ്ങോട്ടും അത്യാവശ്യത്തിനാന്നു വിളിക്കാനെങ്കിലും…!

യര്‍ടെല്‍ ആണ് ആദ്യം നിരക്ക് വദ്ധിപ്പിക്കുമെന്ന് അറിയിച്ചത്.
ഇന്ന്, വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 20-25 ശതമാനം വര്‍ദ്ധനവാണ് കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും ലേറ്റസ്റ്റ് ‘ഓഫർ’. ഇതിനുമുമ്പ് ഇത്തരത്തിലല്ലാതെ കൃത്യമായി അവരുടെ ഓഫർ ലഭിച്ച ഏതെങ്കിലും കസ്റ്റമർ ഈ ഭൂമി മലയാളത്തിൽ ഉണ്ടോ എന്ന് സി.ബി.ഐ സേതുരാമയ്യർ അന്വേഷിച്ചാലും കണ്ടെത്താനാകുമെന്ന് ഉറപ്പില്ല. പ്രത്യേകിച്ച് ‘അടിയന്തിരാവസ്ഥ’കളിൽ.
മൊയലാളീ കുറഞ്ഞത് ഇരുപത്തിനാലു മണിക്കൂറും കൃത്യമായി റെയിഞ്ചെങ്കിലും…
നെറ്റിന്റെ കാര്യം പോകട്ടെ. അങ്ങോട്ടുമിങ്ങോട്ടും അത്യാവശ്യത്തിനാന്നു വിളിക്കാനെങ്കിലും…!

അടുത്തത് വോഡാഫോണ്‍ ഐഡിയയാണ്.
എയർടെലിന് പിന്നാലെ അവരും ടെലികോം താരിഫ് ഉയര്‍ത്തി.
പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 20 മുതൽ 25ശതമാനം വരെ അധിക ബാധ്യതയാണ് ഇവരും പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു നെറ്റ്‌വർക്ക് കൂടിയാണ് വോഡാഫോണ്‍ ഐഡിയ. ടോപ്പ് അപ്പ് പ്ലാനുകളില്‍ 19-21ശതമാനമാണ് വര്‍ധന. നവംബര്‍ 25 മുതൽ ഇവരുടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. അതായത് ഇന്നലെ മുതൽ.

പത്തു വർഷമായി ഐഡിയ പോസ്റ്റ്പെയ്ഡ് ഉപയോഗിക്കുന്ന ഒരു കസ്റ്റമർ. അതിനുമുമ്പ് അവരുടെ മുൻഗാമിയായ എസ്കോട്ടലിൽ തുടങ്ങിവച്ച സ്നേഹമാണ്.2002 ൽ എന്നുവച്ചാൽ എസ്കോട്ടൽ മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങിയതു മുതൽ ഉള്ള സ്നേഹം (കരുതൽ ചേർത്തുപിടിക്കൽ).പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും ഈ ഒരു പഴയ ബന്ധം മൂലം ഇതുവരെ പോർട്ട്‌ ചെയ്യാതെ പിടിച്ചു നിന്നു.
വന്നുവന്ന് ഇപ്പോൾ തെങ്ങിലും കുന്നിലും അങ്ങ് ഹൈറേഞ്ചിൽ പോയാലും റേഞ്ചില്ലാത്ത അവസ്ഥയായി ഡാറ്റയുടെ കാര്യം.
യൂട്യൂബ് വീഡിയോ പോലും
ബഫർ ചെയ്യാതെ കാണാൻ പറ്റാത്ത അവസ്ഥ. ക്ഷമയുടെ നെല്ലിപ്പലക എത്തി. ഇനി പിടിച്ചുനിൽക്കാൻ ആവുമെന്ന് തോന്നുന്നില്ല, ഷാജിയേട്ടാ…

പോർട്ട് റിക്വസ്റ്റ് അവിടെ എത്തുന്നതിനു മുന്നേ മെസ്സേജുകളും വിളികളും തുരുതുരെ….
’10 ജി.ബി കൂട്ടി തരാം. പ്ലാനിൽ മാസം നൂറു രൂപ കുറച്ചു തരാം…’

“മാസം 100 രൂപ കൂടുതൽ ഞാൻ അങ്ങോട്ട് തരാം, നെറ്റ്‌വർക്ക് ശരിയാക്കി തന്നാൽ… പക്ഷേ ഇനി ശരിയാവും എന്ന പ്രതീക്ഷ ഒന്നുമില്ല. അതുകൊണ്ട് സോറി…”

അങ്ങനെ പറയുന്ന ഒരാളോട് ഓഫറുകൾ നിരത്തിയിട്ടു കാര്യമില്ലല്ലോ… അതുകൊണ്ടാവാം, കസ്റ്റമർ നിൽക്കുന്ന സ്ഥലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിശദമായി ചോദിച്ചറിഞ്ഞു.

“സാർ, ഒരു 24 മണിക്കൂറിനകം നെറ്റ്വർക്ക് പ്രോബ്ലം ശരിയായില്ലെങ്കിൽ സാറിന്റെ ഇഷ്ടം പോലെ ചെയ്തോളൂ. അത്രയും സമയം ഞങ്ങൾക്ക് തരണം..”

24 മണിക്കൂർ കൊണ്ട് എന്ത് അത്ഭുതമാണാവോ ഉണ്ടാകാൻ പോകുന്നത്!
എന്തരോ എന്തോ ?

ചാർജ്ജ് കൂട്ടാൻ കസ്റ്റമറുടെ അനുമതി ഒന്നും വേണ്ടല്ലോ. അമ്പാനിയെ വെട്ടി അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ സന്തോഷത്തിലാണ് ഇന്ന് കസ്റ്റമർ..!

അനുഭവം ഗുരു തന്നെ. അതിനാൽ കട്ട് ചെയ്തു കളഞ്ഞ ലാൻഡ് ഫോൺ കണക്ഷൻ തിരികെ കിട്ടുമോന്ന് ഒന്നു നോക്കാമെന്നുള്ള ശ്രമത്തിലാണ്. അല്ല,ഈ നെറ്റും നെറ്റ്‌വർക്കുമൊക്കെ എന്നാ ഉണ്ടായേ..!

അതന്നെ. നെറ്റും വേണ്ട, നെറ്റ് വർക്കും വേണ്ട. അത്യാവശ്യം ചാവടിയന്തിരം ഒന്നറിയിക്കാൻ വേണ്ടിയെങ്കിലും ഉപകരിക്കപ്പെടും…!

വാട്ട് ആൻ ഐഡിയ സേഡ്ജീ..!

Back to top button
error: