NEWS

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു, രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി

മോട്ടോര്‍ വാഹന വകുപ്പ് മെയ് 5 ന് തൊടുപുഴയില്‍ നടത്തിയ പരിശോധനയിലാണ് ‘കുട്ടി ഡ്രൈവര്‍’ പിടിയിലായത്. വാഹനം കസ്റ്റഡിയിലെടുത്ത വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാർ, കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരനായ ‘കുട്ടി ഡ്രൈവറു’ടെ പിതാവ് കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴ വിധിച്ചു

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് പിതാവിന് കോടതി 25,000 രൂപ പിഴ വിധിച്ചു. 2021 മെയ് അഞ്ചാം തീയതി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ‘കുട്ടി ഡ്രൈവര്‍’ പിടിയിലായത്.

‘ഡ്രൈവർ’ക്ക് ലൈസന്‍സ് ഇല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴ വിധിക്കുകയായിരുന്നു.
പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം തടവ് അനുഭവിക്കാനും കോടതി വിധിയിലുണ്ട്.
സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ ‘കുട്ടി ഡ്രൈവര്‍’മാരെയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന വരെയും പിടികൂടാന്‍ കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ നസീര്‍.പി.എ പറഞ്ഞു.

കൂടാതെ നിയമാനുസൃതമായി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ അപകടകരമായ ഡ്രൈവിങ്ങു നടത്തുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ആര്‍.ടി.ഒ അറിയിച്ചു.

Back to top button
error: