പത്മശ്രീ പുരസ്കാരം നേടിയ ഓറഞ്ച് വിൽപ്പനക്കാരൻ

കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഹജ്ജബ്ബയ്ക്ക് ഓറഞ്ച് കച്ചവടമാണ്.എന്നുവച്ചാൽ വഴിയരികിൽ കൂട്ടിയിട്ടും കുട്ടയിൽ ചുമന്നുകൊണ്ട് നടന്നുമുള്ള കച്ചവടം. ഒരിക്കൽപ്പോലും സ്കൂൾ പടി ചവിട്ടാൻ ഭാഗ്യമുണ്ടായിട്ടില്ല ഹജ്ജബ്ബയ്ക്ക്. എന്നാൽ മംഗലാപുരത്തെ ഉൾഗ്രാമമായ ഹരേകാല ന്യൂപഡ്പുവിൽ അദ്ദേഹം ഒരു സ്കൂൾ നടത്തുന്നുണ്ട്.

ഓറഞ്ച് വിൽപ്പനയിലെ ലാഭം സ്വരൂപിച്ച് വച്ച് ഹജ്ജബ്ബ നിർമ്മിച്ചതാണ് ആ സ്കൂൾ. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലെ കുഞ്ഞുമക്കൾക്ക് ലഭിക്കണമെന്ന ആ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിൽ നിന്ന് ഉയർന്നു വന്നതാണ് ആ സ്കൂൾ.ആ നിശ്ചയദാർഢ്യത്തിനായിരുന്നു കഴിഞ്ഞ ദിവസം രാജ്യം ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചതും

2020 ജനുവരിയിൽ ആയിരുന്നു പത്മശ്രീ അവാർഡുകൾ പ്രഖ്യാപിച്ചതെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ കാരണം പുരസ്കാര വിതരണം നീണ്ടുപോകുകയായിരുന്നു.ഇന്നലെ (നവംബർ എട്ട്) രാഷ്ട്രപതി രാംനാഥ് കൊവിന്ദിൽ നിന്ന് ഹജ്ജബ്ബ പുരസ്കാരം ഏറ്റുവാങ്ങി. 2000ൽ വെറും 28 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 400 കുട്ടികൾ പഠിക്കുന്നുണ്ട്. സ്കൂളിന് അക്ഷര സന്ത (Letter Saint) എന്ന പേര് കണ്ടെത്തിയതും ഹജ്ജബ്ബ തന്നെ.

വളരെ തുച്ഛമായ തന്റെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് വില്ലേജിൽ ഒന്നര ഏക്കർ സ്ഥലം വാങ്ങി അവിടെ 400 കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ നിർമ്മിച്ച് നടത്തുന്ന ഹജ്ജബ്ബയുടെ ജീവിതം നമുക്ക് അവിശ്വസനീയം എന്ന് തോന്നാം.എന്നാൽ കർണാടകയിലുള്ള യൂണിവേഴ്സിറ്റികളിലെ
ബിരുദ വിദ്യാർഥികൾ വരെ ഇന്ന് ഇദ്ദേഹത്തെ കുറിച്ച് പഠിക്കുന്നുണ്ടെന്നറിഞ്ഞാലോ.. അതെ പാഠപുസ്തകം ആകാൻ തക്ക വലിപ്പമുണ്ടായിരുന്നു മംഗലാപുരത്തെ ആ മെല്ലിച്ച ഓറഞ്ച് കച്ചവടക്കാരന് !

പദ്മശ്രീ കിട്ടിയിട്ടും തന്റെ ഓറഞ്ച് വിൽപ്പന നിർത്താൻ ഹജ്ജബ തയ്യാറായിട്ടില്ല.കാരണം അടുത്ത ലക്ഷ്യം ഒരു കോളേജിന്റ നിർമ്മാണമാണ്.പത്മശ്രീ പുരസ്കാരത്തോടൊപ്പം ലഭിച്ച തുകയും ഇതിനായി വിനിയോഗിക്കാനാണ് ഹജ്ജബ്ബയുടെ തീരുമാനം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version