CrimeNEWS

ഗോവയില്‍ താമസിക്കാൻ ആഗ്രഹം, വീട് വിട്ടു പോയ സൂര്യ ഇപ്പോഴും കാണാമറയത്; റാന്നി വെച്ചൂച്ചിറയിലെ ജസ്നയുടെ തിരോധാനവും സമാന സംഭവം

സ്വന്തം മൊബൈൽ ഫോണും എ.ടി.എം കാർഡും എടുക്കാതെ രണ്ടുജോഡി വസ്ത്രവുമായി യാതൊരു സൂചനയും അവശേഷിപ്പിക്കാതെയാണ് പെൺകുട്ടി അപ്രത്യക്ഷയായത്

പാലക്കാട്: ഒന്നരമാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാൻ കഴിയാതെ കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു കുടുംബം. പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ(21)യാണ് ഓഗസ്റ്റ് 30ന് രാവിലെ മുതൽ കാണാതായത്.

സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിനും വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു.

തമിഴ്നാട്ടിൽ സൂര്യയുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങളിൽ ആലത്തൂർ പോലീസ് പോയി അന്വേഷണം നടത്തി. ഗോവയിൽ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഗോവയിലും അന്വേഷണസംഘം പോയെങ്കിലും ഫലം ഉണ്ടായില്ല.

സ്വന്തം മൊബൈൽ ഫോണും എ.ടി.എം കാർഡും എടുക്കാതെ രണ്ടുജോഡി വസ്ത്രവുമായി യാതൊരു സൂചനയും അവശേഷിപ്പിക്കാതെയാണ് പെൺകുട്ടി അപ്രത്യക്ഷയായത്. അന്വേഷണസംഘത്തെയും ഇത് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സുഹൃത്തുക്കളോടും അയൽവാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു സൂര്യയുടേത്.

ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛൻ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടിൽ നിന്നിറങ്ങിയത്. അച്ഛൻ രാധാകൃഷ്ണൻ ബുക്ക്സ്റ്റാളിൽ ഏറെനേരം കാത്തിരുന്നെങ്കിലും മകൾ എത്തിയില്ല. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എപ്ലസ് നേടിയ സൂര്യ പാല ബ്രില്യൻസിൽനിന്ന് മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയെങ്കിലും പ്രവേശനം കിട്ടിയില്ല. പാലക്കാട് മെഴ്സി കോളജിൽ ബിരുദ വിദ്യാർഥിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.
ആലത്തൂർ ഡിവൈ.എസ്.പി. കെ.എ. ദേവസ്യ, ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, ദീപക് കുമാർ എന്നിവരടങ്ങിയ ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

സമാനമായ സംഭവമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥിനിയായിരുന്നു ജസ്നയുടേത്. മൂന്നര വർഷമായി ജെസ്നയെ കാണാതായിട്ട്. അന്വേഷണ സംഘം ഇന്നും ഇരുട്ടിൽ തന്നെ.

2018 മാർച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജെയിംസിനെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നെ എങ്ങോട്ടുപോയി? അന്വേഷിക്കാൻ ഇനി സ്ഥലങ്ങളില്ല.

ആദ്യം വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സി.ഐ, തിരുവല്ല ഡിവൈ.എസ്.പി എന്നിവരും ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘവും കേസ് അന്വേഷിച്ചു. ഒരു വർഷം മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല.

ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി.ജി.പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരിക്കയാണ് ഇപ്പോൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker