CrimeNEWS

കുറ്റാന്വേഷണത്തിലെ റാണി, സെൽമ്മ എന്ന പോലീസ് നായയും പരിശീലകനായ പ്രേംജിയും

കോട്ടയം നാഗമ്പടം പാലത്തിൽ നിന്ന് ഗ്രൗണ്ടിലേയ്ക്കുള്ള വഴിയിലെ ഇടുങ്ങിയ കടമുറിയുടെ മുന്നിലാണ് ആ ശവം കിടന്നത്. അന്ന് 2012 ജനുവരി 26. മരിച്ച ആളെ പോലീസ് വേഗം തിരിച്ചറിഞ്ഞു. പേര് ചീര സദൻ, ടൗണിലെ ഒരു ഗുണ്ട. അല്പം കഞ്ചാവ് കച്ചവടവും ഉണ്ട്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങിയ ചീര സദനെ ആരോ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതാണ്. കൊലയാളി നിസ്സാരക്കാരനല്ല. തെളിവുകളൊന്നും ബാക്കി വെച്ചിട്ടില്ല.

ജഡം ഉടുമുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലാണ്. മാത്രവുമല്ല ആ മുണ്ടിൽ നിറയെ മൂത്രം തളിച്ചിട്ടുണ്ട്.
അധികം വൈകാതെ ഡോഗ് സ്ക്വാഡ് എത്തി.

സെൽമ്മ എന്ന പോലീസ് നായ…!
ഓരോ വ്യക്തിയുടെ ശരീരത്തിലും ഏതൊരു ഊഷ്മാവിലും അദൃശ്യമായ വിയർപ്പു കണങ്ങൾ രൂപപ്പെടാറുണ്ട്.
അയാൾ നിൽക്കുന്നിടത്തും ഇരിക്കുന്നിടത്തും അയാളെ ചുറ്റിപ്പറ്റി അതുണ്ടാവും.
അയാൾ സഞ്ചരിച്ച വഴികളിൽ ആ അദൃശ്യ കണങ്ങൾ വീണ് കിടക്കും.
മനുഷ്യനേക്കാൾ നാൽപ്പത് മടങ്ങു ഘ്രാണശക്തി ഉള്ളതിനാൽ നായകൾക്ക് അവയെ പിന്തുടർന്ന് പോകാനാകും.
എന്നാൽ നായക്ക് പ്രാഥമികമായി നൽകാൻ കഴിയും വിധം ഒരു ഗന്ധം കണ്ടെത്തുക ശ്രമകരമാണ്.
അവിടെയാണ് നായപരിശീലകന്റെ മികവ്.
മൃതദേഹം പുതപ്പിച്ച മുണ്ടിന്റെ തലപ്പിൽ നിന്നും നേർത്ത വിയർപ്പ് കണങ്ങളുടെ ഗന്ധം.
അതിന്റെ ഉറവിടം തേടി പോലീസ് നായ ഓടിതുടങ്ങി.

നാഗമ്പടം സ്റ്റേഡിയത്തിൽ നിന്നും ഗ്രീൻ പാർക്ക്‌ ഹോട്ടലിന് മുന്നിലൂടെ സെൽമ അല്പ്പം ദൂരം ചെന്നു.
ശാസ്ത്രിറോഡ് ഇറക്കമിറങ്ങി വരുന്നിടത്തു നിന്നും റോഡ് മുറിച്ചുകടന്ന് വീണ്ടും മുന്നിലേക്ക്.
പഴയ ലോറി സ്റ്റാൻഡിനു തെക്ക് പടിഞ്ഞാറെ മൂലയിലെ അഴുക്ക്ചാലിനു നേർക്ക്…
കറുത്ത്‌ കുറുകി ദുർഗന്ധം വമിക്കുന്ന ഓടയ്ക്ക് അരികിലൂടെ വീണ്ടും നടന്നു.
ഒരു നിമിഷത്തേക്ക് വഴി തെറ്റിയോ എന്ന ആശങ്ക എല്ലാവരിലും ഉണ്ടായി.

എന്നാൽ സെൽമ നടന്നുചെന്ന് ഓടയുടെ സ്ലാബ് തുടങ്ങുന്നിടത്ത് നിന്നു.
ആ സ്ലാബിന് കീഴെ ഓടയ്ക്കുള്ളിൽ കൊല ചെയ്ത ആൾ ഉണ്ടായിരുന്നു.
കസ്റ്റഡിയിൽ ആയ പ്രതി കുമരകംകാരൻ ഹരിദാസ് ആയിരുന്നു.
തുടർന്ന് അയാൾ കുറ്റം സമ്മതിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു.
തലേന്നാൾ ചന്തയിൽവെച്ച് ഉണ്ടായ വഴക്കിന്റെ തുടർച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലനടന്നു മണിക്കൂറുകൾക്കകം തന്നെ കൊലപാതകിയെ കണ്ടെത്തി എന്നത് അത്ഭുതാവഹമായ നേട്ടമായി വിലയിരുത്തി.

പറഞ്ഞു വന്നത് സെൽമ്മയെക്കുറിച്ചാണ്, ഒപ്പം പരിശീലകനായ പ്രേംജിയെക്കുറിച്ചും.

2008 ജനുവരി ഒന്ന്
കേരള പോലീസിന്റെ ചരിത്രത്തിലെ ആദ്യ ശ്വാനപരിശീലനക്യാമ്പ് ആരംഭിച്ച ദിവസം.
കേരളപോലീസിൽ 10 വർഷം പൂർത്തിയാക്കിയ കുമരകം സ്വദേശി പ്രേംജിയും ആറു മാസം പ്രായമുള്ള സെൽമയും ആദ്യമായി കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്.
12 നായകളും 24 പരിശീലകരും പങ്കെടുത്ത ഒമ്പത് മാസം നീളുന്ന ക്യാമ്പ് അവസാനിക്കുമ്പോൾ സെൽമയും പരിശീലനായ പ്രേംജിയും ക്യാമ്പിലെ ഒന്നാം റാങ്ക്കാരായാണ് പുറത്തിറങ്ങിയത്.
തുടർന്നു വന്ന വർഷങ്ങളിൽ നിരവധി കേസുകളിൽ നിർണായക തെളിവുകളും സൂചനകളും നൽകുവാൻ അവർക്ക് സാധിച്ചു.

നാഗമ്പടം കൊലപാതകത്തിന്റെ ചുരുളഴിച്ചതോടെ കുറ്റാന്വേഷത്തിൽ മികവ് തെളിയിച്ചു സെൽമ കേരള പോലീസിന്റെ അഭിമാനമായി മാറി.
പ്രമാദമായ ഒട്ടേറെ കേസുകളിൽ തുടർന്നും സെൽമ മികവ്കാട്ടി.

അവയിൽ കൗതുകകരമായ ഒന്നായിരുന്നു മുണ്ടക്കയത്ത്‌ നടന്ന വീട്ടമ്മയുടെ കവർച്ചാ നാടകം.
ബന്ധുക്കൾ സ്വർണ്ണം പണയം വയ്ക്കാൻ അവശ്യപ്പെടും എന്ന് ഭയന്ന്, കൈവശമുണ്ടായിരുന്ന മുക്കുപണ്ടം കിണറ്റിൽ ഇട്ടശേഷം അവർ പോലീസിൽ വിവരം അറിയിച്ചു.
എന്നാൽ സെൽമ മുക്കുപണ്ടം കിണറ്റിൽ നിന്നും കണ്ടെത്തുകയും കവർച്ചാ നാടകം പൊളിയുകയും ചെയ്തു.
അങ്ങനെ അസംഖ്യം കേസുകൾ…!
2016 സെപ്റ്റംബർ 17ന് സെൽമ സർവീസിൽ നിന്ന് വിരമിച്ചു.
തുടർന്ന് സെൽ‍മയെ തിരുവനന്തപുരം വലിയറത്തലയിലെ തെരുവ് നായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായി.
ഒമ്പതുവർഷം നിഴൽപോലെ ഒപ്പമുണ്ടായിരുന്ന സെൽമയെ പിരിയുന്നതിൽ പ്രേംജിക്ക് വലിയ മനോവിഷമം തോന്നി. അങ്ങനെ, സെൽ‍മയെ തനിക്കു വിട്ടുതരാൻ പ്രേംജി ഡി.ജി.പിക്ക് അപേക്ഷ നൽകി.
അതിനോടൊപ്പംതന്നെ വലിയറത്തലയിലെ നായവളർത്തൽ കേന്ദ്രത്തിൽ എത്തിയാൽ അവിടെ നിന്നും സെൽ‍മയെ ദത്തെടുക്കാൻ ഉള്ള സാധ്യതകളും അന്വേഷിച്ചു.

കാത്തിരിപ്പിനൊടുവിൽ പ്രേംജിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായി.
കേരളപോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരിശീലകന് ഒരു നായയെ സ്വന്തമായി വിട്ടുകൊടുക്കുന്നത്.

അങ്ങനെ കുമരകം പടിഞ്ഞാറ്
കദളിക്കാട്ടുമാലിയിലെ വീട്ടിൽ
2016 ഡിസംബർ ഒന്ന് മുതൽ 2018
ഏപ്രിൽ ഒമ്പതു വരെ സെൽമ ഒരു കുമരകംകാരിയായി ജീവിച്ചു.

2018 ഏപ്രിൽ 9ന് സെൽമയുടെ പ്രാണൽ നാലച്ചു.

ഹർത്താൽ ദിവസമായതിനാൽ ഔപചാരികതകൾ ഒന്നും ഉണ്ടായില്ല. എങ്കിലും ദീർഘകാലം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ പ്രയത്നിച്ച സെൽമയുടെ നാമം കേരളത്തിന്റെ നീതിനിർവഹണ സേനയും ഈ നാടും അഭിമാനത്തോടെ എന്നും ഓർക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker