KeralaNEWS

പ്രസവിച്ച കുഞ്ഞിനെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്ന് അമ്മ, കുഞ്ഞിനെ തേടി ഒരു വർഷമായി അമ്മയുടെ അലച്ചില്‍

പ്രാദേശിക സി.പി.എം നേതാവ് ജയചന്ദ്രന്‍റെ മകൾ, എസ്.എഫ്.ഐ പ്രവര്‍ത്തകയായ അനുപമയും വിവാഹിതനായ, ഡി.വൈ.എഫ്.ഐ നേതാവ് അജിത്തും തമ്മില്‍ പ്രണയത്തിലായി. പക്ഷേ അച്ഛനമ്മമാർ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ അനുപമ ഗര്‍ഭിണിയായി. വീട്ടുകാർ മകളെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസേയറിനിലൂടെ അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് വിലപിച്ച് തലസ്ഥാനത്തെ സ‍‍ർക്കാ‍ർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഒരമ്മ.

ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്‍റെ അച്ഛനും അമ്മയും ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന ഗുരുതരമായ ആരോപണവുമായാണ് അനുപമ എന്ന 22 കാരി രംഗത്തെത്തിയിത്. പേരൂര്‍ക്കട പൊലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിച്ചില്ലെന്നാണ് ആവലാതി. കുഞ്ഞിനെ കൊണ്ടുപോയതിന് ശേഷം എവിടെയാണ് തന്‍റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് കണ്ടെത്തി തരണം എന്നുമാണ് യുവതിയുടെ ആവശ്യം.

അച്ഛനും അമ്മയ്ക്കുമെതിരെ രംഗത്തു വന്നിരിക്കുന്ന അനുപമ പേരൂര്‍ക്കടയിലെ പ്രാദേശിക സി.പി.എം നേതാവ് ജയചന്ദ്രന്‍റെ മകളാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന അനുപമയും വിവാഹിതനായ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അജിത്തും തമ്മില്‍ പ്രണയത്തിലായി. അജിത്ത് ദളിത് ക്രിസ്ത്യന്‍ ആണ്. അനുപമയുടെ കുടുംബത്തിന്‍റെ പദവിക്ക് യോജിക്കില്ല. മാത്രമല്ല വിവാഹിതനും. ഈ കാരണത്താൽ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെന്ന് അനുപമ പറയുന്നു.
ഇതിനിടെ അനുപമ ഗര്‍ഭിണിയായി. വീട്ടുകാർ മകളെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച് മാസം മുതല്‍ അനുപമയ്ക്കൊപ്പം താമസം തുടങ്ങി. ഏപ്രില്‍ 19 ന് തൻ്റെ കുഞ്ഞിനെ കാണാനില്ലെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. പലതവണ നേരിട്ട് പോയി, കുട്ടിയെ അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്തില്ലത്രേ. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും സി.പി.എം നേതാക്കള്‍ക്കും പരാതി നല്‍കി.
ഒരിടത്തു നിന്നു പോലും നീതി കിട്ടിയില്ല.
പ്രസവിച്ച് ഒരുവര്‍ഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് ആ അമ്മക്കറിയില്ല.

കുട്ടിയെ അനുപമയുടെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞത്. അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍റെ വിശദീകരണം. വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതിയും അപമാനിക്കലുമായി നടക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker