NewsThen Special

പ്രവാസ ജീവിതത്തോടു വിട, യുവ എഞ്ചിനിയര്‍ ദമ്പതികളുടെ പുതു സംരംഭം വൻവിജയം

പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച പല സംരംഭകരും നഷ്ടത്തിലായി കെട്ടുകെട്ടിയ കാര്യം അറിഞ്ഞു തന്നെയാണ് ഈ ബിസിനസിലേക്ക് തിരിഞ്ഞത്. വലിയ വിപണി കണ്ടെത്തിയും ഗുണനിലവാരമുള്ള ഉല്‍പ്പനങ്ങള്‍ നിര്‍മിച്ചു നല്‍കിയുമാണ് ഇവർ പരാജയ സാധ്യതയെ മറികടന്നത്. ഇതോടെ സംരംഭം വിജയവീഥിയിലേയ്ക്കു കടന്നു

കാഞ്ഞങ്ങാട്: ഗൾഫിലെ മികച്ച ജോലിയും ആകർഷകമായ ശമ്പളവും ഉപേക്ഷിച്ചാണ് ദേവകുമാറും ഭാര്യ ശരണ്യയും നാട്ടിൽ തിരിച്ചെത്തിയത്. പതിവ് പാത വിട്ട് വേറിട്ട വഴിയിലൂടെ സഞ്ചരിച്ചാലോ എന്നായി യുവ എഞ്ചിനിയര്‍ ദമ്പതികളുടെ ചിന്ത.

അങ്ങനെയാണ് പാള നിര്‍മിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിൽ എത്തിക്കുക എന്ന ആശയത്തിലേക്ക് ഇവരെത്തിയത്.
ഇന്ന് ഇവരുടെ ഉല്‍പ്പനങ്ങള്‍ക്ക് വിദേശവിപണികളില്‍ വൻ ഡിമാന്റാണ്. ഏരിക്കുളം സ്വദേശി ദേവകുമാര്‍, ഭാര്യ ശരണ്യ എന്നിവരാണ് പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നാട്ടിലും വിദേശത്തും നല്‍കുന്ന മികച്ച സംരംഭകരായി മാറിയത്.
പാള പ്ലേറ്റുകള്‍, സ്പൂണുകള്‍, കപ്പുകള്‍, ഡ്രോയിംഗ് ബോര്‍ഡ്, ഫയലുകള്‍ ഉള്‍പ്പെടെ 18ലേറെ ഇനം ഉല്‍പ്പന്നങ്ങൾ ഇവര്‍ നിര്‍മിച്ചു നല്‍കുന്നു. വടക്കന്‍ കേരളത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. സംസ്ഥാനത്തും രാജ്യത്തും കൂടുതല്‍ മാര്‍ക്കറ്റുകള്‍ കണ്ടെത്താനാണ് ശ്രമം. യു.എ.ഇയിലെ വന്‍ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദേവകുമാറിന് ആ ജീവിതം വിരസമായി മാറിയപ്പോഴാണ് നാട്ടിലെത്തി സമൂഹത്തിന് ഗുണം ചെയ്യുന്ന എന്തെങ്കിലും സംരംഭം ആരംഭിച്ചാലോ എന്ന ചിന്ത വന്നത്. ഇതോടെയാണ് പാള നിര്‍മിത ഉല്‍പ്പന്നങ്ങളിലേക്ക് തിരിഞ്ഞത്. നാട്ടില്‍ സമൃദ്ധമായി കാണുന്ന പാളകള്‍ വെറുതെ ഉപേക്ഷിച്ചു കളയുന്ന അവസ്ഥയാണുള്ളത്. ഇവയെ എങ്ങനെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാമെന്ന് തെളിയിച്ചു കൊണ്ടാണ് പാള പ്ലേറ്റ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. എന്‍ജിനീയറിങ്ങ് ബിരുദാനന്ത ബിരുദധാരിയായ ഭാര്യ ശരണ്യയും ജയകുമാറിന് പിന്തുണയുമായി ഒപ്പം കൂടിയപ്പോള്‍ സംരംഭം വിജയിച്ചു.
പാള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച പല സംരംഭകരും നഷ്ടത്തിലായി കെട്ടുകെട്ടിയ കാര്യം അറിഞ്ഞു തന്നെയാണ് ഈ ബിസിനസിലേക്ക് തിരിഞ്ഞത്.
വലിയ വിപണി കണ്ടെത്തിയും ഗുണനിലവാരമുള്ള ഉല്‍പ്പനങ്ങള്‍ നിര്‍മിച്ചു നല്‍കിയുമാണ് ഇവർ പരാജയ സാധ്യതയെ മറികടന്നത്. ഇതോടെ സംരംഭം വിജയവീഥിയിലേയ്ക്കു കടന്നു.
ഒരു രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്നും പച്ചപ്പാള വാങ്ങുന്നത്. വൃത്തിയായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷമാണ് ഉപയോഗിക്കുന്നത്. 80 മുതല്‍ 90 വരെ ഡിഗ്രി താപത്തിലാണ് വിവിധ ഉല്‍പ്പനങ്ങളുണ്ടാക്കുന്നത്. വിവിധ തരം ഉല്‍പ്പന്നങ്ങള്‍ക്കുള്ള അച്ചുകള്‍ ഘടിപ്പിച്ചാണ് ഈ ഉല്‍പ്പനങ്ങൾ നിർമിക്കുന്നത്. ഇപ്പോള്‍ അഞ്ച് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. പാള പാത്രങ്ങള്‍ക്ക് പുറമേ കല്യാണ ക്ഷണക്കത്ത്, സമ്മേളനങ്ങള്‍ക്കുള്ള ബാഡ്ജ് എന്നിവയും നിര്‍മിച്ചു നല്‍കുന്നു. ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ വഴിയാണ് വിപണി കണ്ടെത്തുന്നത്. ഇപ്പോൾ മാസത്തില്‍ 60000 പ്ലേറ്റുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു. വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചതിനു ശേഷം ബാക്കിവരുന്ന പാളയുടെ ഭാഗങ്ങള്‍ കൊണ്ട് കാലിത്തീറ്റ ഉണ്ടാക്കുവാനുള്ള പദ്ധതിയും ഈ എഞ്ചിനിയര്‍ ദമ്പതികളുടെ ആലോചനയിലുണ്ട്. പ്രവാസ ജീവിതവും ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ ഈ എഞ്ചിനിയര്‍ ദമ്പതിൾ ഇന്ന് അതീവസന്തുഷ്ടരാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker