LIFEMovie

തല്ലുമാല ഷൂട്ടിംഗ് 16ന് തുടങ്ങും; ടൊവിനോയും കല്യാണി പ്രിയദര്‍ശനും ഇതാദ്യം

മൗസിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന തല്ലുമാല ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. കാരണം 2016 തൊട്ട് ഈ പ്രൊജക്ടിനെക്കുറിച്ച് കേള്‍ക്കുന്നതാണ്. ഇടയ്ക്കുവച്ച് മൗസിന്‍ പരാരി തന്നെ ഈ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആഷിക് അബു ആയിരുന്നു നിര്‍മ്മാതാവ്. അടുത്തിടെ സമീര്‍ താഹിറിന്റെ പേരും തല്ലുമാലയുടെ സംവിധായകനായി ഉയര്‍ന്ന് കേട്ടിരുന്നു. ഇപ്പോഴിതാ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്നതായി ഫൈനല്‍ അനൗണ്‍സ്‌മെന്റും വന്നിരിക്കുന്നു.

ഒക്ടോബര്‍ 16 ന് തല്ലുമാലയുടെ ഷൂട്ടിംഗ് തുടങ്ങുകയാണ്. ഇതിന് മുന്നോടിയായി എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍വച്ച് പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നിരുന്നു. തല്ലുമാലയുടെ പ്രധാന ലൊക്കേഷന്‍ തലശ്ശേരിയാണ്. കൊച്ചിയിലും ദുബായിലുമായി കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നുണ്ട്.

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് നായകനും നായികയും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ്. ഇവരെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്ക് മാന്‍, ആസ്റ്റിന്‍ ഡാന്‍, ജോണി ആന്റണി തുടങ്ങിയവരും താരനിരയിലുണ്ട്. നടന്‍ കൂടിയായ വിനീത്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് ടൊവിനോ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ബാംഗ്ലൂരിലായിരുന്നു അതിന്റെ ഷൂട്ടിംഗ്. അത് പൂര്‍ത്തിയാക്കി വന്നതിനുപിന്നാലെയാണ് ടൊവിനോ തല്ലുമാലയില്‍ ജോയിന്‍ ചെയ്യുന്നത്.

ആഷിക്ക് ഉസ്മാനാണ് തല്ലുമാല നിര്‍മ്മിക്കുന്നത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണിത്. വിനീത് കുമാര്‍-ടൊവിനോ ചിത്രം നിര്‍മ്മിച്ചതും ആഷിക്ക് ഉസ്മാനാണ്. ‘എട്ട് ഫൈറ്റുകളും എട്ട് പാട്ടുകളും ഈ ചിത്രത്തിലുണ്ട്. മൗസിന്‍ പരാരിയാണ് എട്ട് പാട്ടുകളും എഴുതുന്നത്. വിഷ്ണു വിജയ് യാണ് സംഗീതസംവിധായകന്‍. ജിംഷി ഖാലിദിനാണ് ഛായാഗ്രഹണ ചുമതല. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. സുധര്‍മ്മന്‍ വള്ളിക്കുന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.’ ആഷിക്ക് ഉസ്മാന്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker