KeralaNEWS

അരുമയാകാം… പക്ഷേ അനുമതി നിര്‍ബന്ധം; പുതിയ നിബന്ധനകള്‍ കൂച്ചുവിലങ്ങാകുമോ ?

കോട്ടയം: മുമ്പേയുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്തു പച്ചപിടിച്ചു തളിര്‍ത്ത അരുമ മൃഗങ്ങളെയും അലങ്കരാമത്സ്യങ്ങളെയും വളര്‍ത്തുന്നവര്‍ക്കു കൂച്ചുവിലങ്ങാകുമോ പുതിയ നിബന്ധനകള്‍?. മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ നിബന്ധനകളാണു ചെറുകിട പെറ്റ് ഷോപ്പ് നടത്തിപ്പുകാരെ ആശങ്കയിലാക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കു ഏപ്രില്‍ മുതലാണു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് െലെസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കിയത്.

പെറ്റ് ഷോപ്പുകള്‍ പ്രഫഷണല്‍ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ കൂടുതല്‍ വളര്‍ത്തുമൃഗ വില്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചെറുകിട മേഖലയിലാണ്. കോവിഡിന് ശേഷം വിദേശത്തു ജോലി നഷ്ടപ്പെട്ടവരടക്കം ചെറുകിട സംരംഭകരാണ് ഈ മേഖലയിലുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും ഇത്തരം ഷോപ്പുകളില്‍ നിന്നു വരുമാനം കണ്ടെത്തിയിരുന്നു.

അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ ഫിഷറീസ് വകുപ്പിന്റെ അനുമതിയും വേണമെന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വര്‍ഷത്തില്‍ 20000 രൂപയോളം നികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കണം. അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിന് ഫിഷറീസ് വകുപ്പില്‍ നിന്ന് ഫീസ് അടച്ച് അനുമതി വാങ്ങണം. പക്ഷികളെയും മൃഗങ്ങളെയും വില്പന നടത്തുന്നതിന് 5000 രൂപയാണ് ഫീസ്.

നിയമത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷങ്ങള്‍ വേറെയും വേണ്ടിവരും. ഓരോ ഇനം പക്ഷി, മൃഗം, മത്സ്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകഫീസും നല്‍കണം. കടകളില്‍ മൃഗസംരക്ഷണവകുപ്പ് പറയുന്ന നിയമങ്ങള്‍ അതേപടി പാലിച്ചാല്‍ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്ന് ഉടമകള്‍ പറയുന്നു.

കുട്ടികള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കരുത്, മൂന്ന് മാസം കൂടുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, പക്ഷികള്‍ക്കു പറന്നു നടക്കാനും വിശ്രമിക്കാനും വിശാലമായ സംവിധാനങ്ങള്‍ വേണം, നായകള്‍ക്ക് തിരിച്ചറിയല്‍ െമെക്രോചിപ്പ് ഘടിപ്പിക്കണം എന്നിങ്ങനെയുള്ള നിബന്ധനകളുമുണ്ട്. രോഗബാധയുള്ളവയെ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം വേണം, കട അടയ്ക്കുന്ന സമയങ്ങളിലും ജോലിക്കാന്‍ നിര്‍ബന്ധമുണ്ടെന്നും, ഇനം തിരിച്ച് വിലവിവരം പ്രദര്‍ശിപ്പിക്കണമെന്നും പറയുന്നു.

മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതാണ് നിയമം. എന്നാല്‍, ഇത്തരം ഷോപ്പുകള്‍ കൊണ്ട് നിതൃവൃത്തി കഴിഞ്ഞിരുന്നുവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. നിബന്ധനകളില്‍ ഇളവു വരുമെന്ന പ്രതീക്ഷയിലാണ് സംരംഭകര്‍.

Back to top button
error: