NewsThen Special

അടുക്കളയിൽ അടിതെറ്റി വീഴുന്ന പുരുഷ കേസരികൾ, കൃഷ്ണ പൂജപ്പുര

" ജോസേ എനിക്ക് 'വൈഫ് ജോക്‌സ്‌' പതിനാലെണ്ണം അറിയാം,പതിനാലെണ്ണം... അതിൽ എട്ടാമത്തേതും പന്ത്രണ്ടാമത്തേതും അടിപൊളിയാണ് ചിരിച്ചുചാവും, മക്കൾ ഇതൊക്കെ കേട്ട് എന്റെ പക്ഷം ചേർന്ന് കൈയടിക്കും..." കോമഡി കേട്ടാൽ ലോക്ഡൗണിലും കുടുങ്ങി ചിരി മറന്നു പോയവർക്ക് സ്വയം മറന്നു ചിരിക്കാൻ ഒരു ചിരിക്കൂട്ട്

“ഹലോ… ജോസല്ലേ ? ജോസേ ഇത് ഞാനാ. എന്റെ നമ്പർ തെളിഞ്ഞില്ലേ? എന്താ… ശബ്ദം കേട്ടിട്ട് മനസ്സിലായില്ലെന്നോ? ഫോണിന് തകരാറാണോ എന്നോ? ഒന്നുമല്ല ജോസേ. ഞാൻ അടക്കിപ്പിടിച്ച് സംസാരിക്കുന്നതാ. വിശദമായി പിന്നെപ്പറയാം. ഇപ്പോൾ ഒരു സംശയം തീർത്തുതരണം. സാമ്പാറുണ്ടല്ലോ… സാമ്പാർ. അതേ… കറി…സാമ്പാർ. അതിൽ മഞ്ഞൾപ്പൊടി ഇടുമോ ജോസേ …? ഇല്ലില്ല, നിന്നെ കളിയാക്കാനല്ല. എന്റെ തലയ്‌ക്ക്‌ ഒന്നും സംഭവിച്ചിട്ടുമില്ല. നീ പെട്ടെന്ന് ഉത്തരം പറ. സാമ്പാറിന് മഞ്ഞൾപ്പൊടി ഇടുമോ? കായം എത്ര വേണം? പ്ലീസ്, തമാശയല്ല. ആകെ തലകറങ്ങി നിൽക്കുകാ. പറ ജോസേ… സാമ്പാറിന് എന്തൊക്കെയാ ചേർക്കുന്നത്…? നിനക്ക് ക്ലിയറായിട്ട് അറിയില്ലെന്നോ…? കുടുങ്ങിയല്ലോ… എന്താണ് സംഭവിച്ചതെന്നോ….? പറയാം, നീ കേൾക്കണം. നീ മാത്രമല്ല എന്നെപ്പോലുള്ള പലരും കേൾക്കണം.”

പാഠം ഒന്ന്. അടുക്കള

“ഇന്നലെ രാത്രിയാ സംഭവങ്ങളുടെ തുടക്കം. മറ്റൊരർഥത്തിൽ ഇന്നലെയാ ഒടുക്കം എന്നുപറയുന്നതാ ശരി. തുടങ്ങീട്ട് കുറെ വർഷമായി. ആത്യന്തികമായി ചിന്തിച്ചാൽ മനുഷ്യരാശി തുടങ്ങിയതുമുതൽ, പുരുഷനും സ്‌ത്രീയും ഉണ്ടായതുമുതൽ. എന്നെ സംബന്ധിച്ച് ഇന്നലെ അതിന്റെ അവസാനമാരുന്നു. രാത്രി ആഹാരം കഴിക്കുകയായിരുന്നു. ചപ്പാത്തിയും വെജ് കറിയും. കറിക്ക് ഉപ്പ് കൂടിയോ എന്നൊരു ശങ്ക. സത്യത്തിൽ വെറും ഒരു സംശയം മാത്രം. അവഗണിക്കേണ്ടതാ… പക്ഷേ, നമ്മൾ ഭർത്താക്കന്മാരല്ലേ, മീശയും ഭാര്യമാരെ കൊച്ചാക്കലുമല്ലേ നമ്മൾക്ക്‌ പുരുഷലക്ഷണം.

‘‘ഭയങ്കര ഉപ്പാണല്ലോ…”
ഭർതൃസഹജമായ മുഖംചുളിക്കലോടെ ഞാൻ പറഞ്ഞു. ഇതൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ എന്നും നാലുപേർക്ക് ആഹാരംവയ്‌ക്കൽ അത്രവലിയ അധ്വാനമാണോ എന്നുമൊക്കെ, വിവാഹം കഴിഞ്ഞ കാലം മുതൽ ഞാൻ ചോദിച്ചുതുടങ്ങിയ ചോദ്യങ്ങൾ ആവർത്തിച്ചു.

‘‘ഒരുദിവസം അടുക്കളയിൽ ഒന്ന് കയറണം. അപ്പോഴറിയാം.”
ഭാര്യ എന്നെ രൂക്ഷമായൊന്നു നോക്കി.
ഈയിടെ ചിലസ്ത്രീപക്ഷ സിനിമകൾ കണ്ട് പൊടിക്ക് ഫെമിനിസം കയറിയിട്ടുണ്ട് കക്ഷിക്ക്.
‘‘പിന്നേ! അതാണിത്ര ആനക്കാര്യം.’’ മക്കളും പങ്കെടുക്കുന്ന സദസ്സിൽ തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ.
പുരുഷന്മാർ വിചാരിച്ചാൽ നടക്കാത്തതെന്തുണ്ട്…? പുരുഷനുവേണ്ടിയാണ് ലോകം. അലക്‌സാണ്ടർ, നെപ്പോളിയൻ, അശോകൻ, അക്ബർ, സീസർ തുടങ്ങിയ ചക്രവർത്തിമാർക്ക് തുല്യം ഏത് സ്‌ത്രീയുണ്ട്.
വാൽമീകി, കാളിദാസൻ, ഹോമർ, ഷേക്‌സ്‌പിയർ തുടങ്ങിയവരെപ്പോലെ ഏത്‌ പെണ്ണെഴുത്തുകാരിയുണ്ട്. ആംസ്ട്രോങ്, ടെൻസിങ്, ഗഗാറിൻ, കൊളംബസ് തുടങ്ങിയ ഗണത്തിൽ എത്ര സ്‌ത്രീകളുണ്ട്. തുടങ്ങി പതിവ് പോയിന്റുകളിട്ട് അമ്മാനമാടി. ഇതിനിടയിൽ ഭാര്യമാരെ കളിയാക്കുന്ന മൂന്ന് നേരമ്പോക്കും തട്ടി. കേട്ടോ ജോസേ എനിക്ക് ‘വൈഫ് ജോക്‌സ്‌’ പതിനാലെണ്ണം അറിയാം. പതിനാലെണ്ണം. അതിൽ എട്ടാമത്തേതും പന്ത്രണ്ടാമത്തേതും അടിപൊളിയാണ്. ചിരിച്ചുചാവും. മക്കൾ ഇതൊക്കെ കേട്ട് എന്റെ പക്ഷം ചേർന്ന് കൈയടിക്കും. പക്ഷേ, ജോസേ, ഞാൻ നിറുത്തി. ഇനിയില്ല ജോക്ക് പറച്ചിൽ. ഇല്ലേയില്ല. (എന്നുമാത്രമല്ല, മക്കൾ ഇതുപോലെ ഭാര്യാജോക്ക് പറഞ്ഞാൽ തല്ലും കൊടുക്കും.)
സുനന്ദയും തർക്കിച്ചു. തർക്കത്തിനൊടുവിൽ ഞാൻ പ്രഖ്യാപിച്ചു:
“നാളെ ഞാനാണ് അടുക്കളയിൽ… നാളത്തെ ഫുൾ വീട്ടുകാര്യവും ഞാൻ നോക്കും… ”
‘ഉറപ്പാണോ’ എന്ന് സുനന്ദ ചോദിച്ചു. മൂന്നുവട്ടം ഉറപ്പെന്ന‌് ഞാൻ. രാവിലെ എന്താണ് ബ്രേക്ക്ഫാസ്റ്റ് വേണ്ടതെന്ന് ഞാൻ ചോദിച്ചു. ഞാൻ എന്ത് വച്ചാലും കഴിക്കാമെന്ന് സുനന്ദയും. ‘ശരി, എങ്കിൽ പുട്ടും കടലക്കറിയും’ എന്ന് ഞാൻ. ‘അടിപൊളി’ എന്ന് സുനന്ദ.
അത് പറയുമ്പോൾ അവളുടെ ചുണ്ടിലെ മന്ദഹാസത്തിന്റെ അർഥം ഇപ്പോഴാണ് ജോസേ എനിക്ക് മനസ്സിലാകുന്നത്.’

സുപ്രഭാതത്തിൽ

“എന്നും രാവിലെ നാലരയ്‌ക്ക് സുനന്ദ ഉണരും. (ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു ഞാനും പിള്ളേരും ഇറങ്ങിക്കഴിഞ്ഞാൽ അവൾക്ക് തയ്യലൊക്കെയുണ്ട്. ഒരു സ്വയംതൊഴിൽ.) ക്ർർ എന്ന് അലാറം അടിക്കുമ്പോൾ സുനന്ദ എണീറ്റ്, എനിക്ക് ശല്യമാകാതിരിക്കാൻ ലൈറ്റിടാതെ അടുക്കളയിലേക്ക് പോകും. പത്രം വന്നുകഴിഞ്ഞാൽ പത്രം വിത്ത് ചായയുമായി സുനന്ദ വരും. ഉണർന്നാലും ചായയും പത്രവും വന്നുകഴിഞ്ഞാലേ എണീക്കാൻ തോന്നു…
അങ്ങനെ ചായയും പത്രവുമായി രാജ്യ വാർത്തമാനമൊക്കെ വായിക്കുമ്പോഴാണ് ഭാവിയിലും ഭർത്താവായി തന്നെ ജനിക്കണം എന്ന് തോന്നിപ്പോകുന്നത്. അങ്ങിനെ ഇന്ന് രാവിലെ അലാറം അടിച്ചു. തലേന്നത്തെ ശപഥം ഞാൻ മറന്നിരുന്നു. ‘എണീക്കുന്നില്ലേ’ എന്ന് സുനന്ദ ചോദിച്ചപ്പോൾ ആദ്യം എനിക്ക് മനസ്സിലായില്ല. പെട്ടെന്നാണ് എല്ലാം ഓർമ വന്നത്. ഞാൻ എണീറ്റു. കണ്ണടഞ്ഞടഞ്ഞുപോകുന്നു.
കട്ടിലിൽ ഇരുന്നു. കണ്ണുകളങ്ങ് കയ്ക്കുകയാണ്.
എന്നും രാവിലെ ഈ സമയത്ത് ഉണരുന്ന സുനന്ദയോട് ഒരു ചെറിയ ബഹുമാനം തോന്നി. എനിക്ക് ഉറങ്ങണമെന്നുണ്ട്. ശപഥം ഒഴിഞ്ഞാൽ കൊള്ളാമെന്നുണ്ട്. പക്ഷേ ഞാൻ കൊച്ചായി പോകും. ഭാര്യയുടെ മുന്നിൽ ആളാകാൻ കഴിയാതെ വരിക എന്നതിനേക്കാൾ മരണമല്ലേ ജോസേ നമ്മൾ ഭർത്താക്കന്മാർക്ക് കരണീയം.
നമുക്ക് വേണ്ടിയല്ലേ പൂർവികരായ ഭർതൃ കാരണവന്മാർ ഒരുപാട് ചൊല്ലുകൾ ഉണ്ടാക്കിയിട്ടുള്ളത്. ‘പെൺചൊല്ലു കേട്ടാൽ പെരുവഴിയാധാരം’, ‘നാരി ഭരിച്ചിടം നായ്കുട്ടി ഇട്ടിടം’ അങ്ങനെ എന്തെന്തു ചൊല്ലുകൾ.
ഭാര്യയുടെ മുമ്പിൽ തോറ്റു കൊടുത്താൽ മരിച്ചു മുകളിൽ ചെല്ലുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക് നമ്മൾ എന്തു മറുപടി കൊടുക്കും. എന്തായാലും അടുക്കളേൽ കയറാൻ തന്നെ ഞാൻ തീരുമാനിച്ചു…”

അടുക്കളയിൽ

“അടുക്കള… എന്നെ സംബന്ധിച്ച് അജ്ഞാതവും അത്ഭുതവും നിറഞ്ഞ ആ ലോകത്തേക്ക് ഞാൻ പ്രവേശിച്ചു. അതു അപരിചിതമായ ഒരു ഭൂഖണ്ഡം പോലെതോന്നിച്ചു..
അടുക്കള എന്നെയും അത്ഭുതത്തോടെ നോക്കി ക്കാണും. ഇങ്ങനെ ഒരു അവതാരം ഈ വീട്ടിൽ ഉണ്ടായിരുന്നോ എന്ന്.
ചായയിടലാണ് ആദ്യകർമം. ഗ്യാസ് കുറ്റിയുടെ നോബ് മുകളിലേക്കാണോ താഴേക്കാണോ തിരിക്കേണ്ടതെന്ന വലിയ സംശയം എന്നെ പിടികൂടി. ആറ്റംബോംബിനെക്കാൾ എനിക്ക് പേടിയാണ് ഗ്യാസ്‌ കുറ്റിയെ. ഒന്ന് സന്ദേഹിച്ചു. റ്റുബി ഓർ നോട്ട് റ്റുബി. തിരിക്കുന്നത് എതിർദിശയിലായാൽ നോബ് പൊട്ടി ഗ്യാസ് ലീക്കുചെയ്‌‌താലോ. തീർന്നില്ലേ.. സുനന്ദയെ സമ്മതിക്കണം. എത്ര ഈസിയായിട്ടാണ് അവൾ ഇതൊക്കെ ചെയ്യുന്നത്…?
ഞാൻ നോബ് തിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കൊച്ചിലേ പടക്കം കൊളുത്തുന്ന ഓർമ്മയാണ് വന്നത്. പേടിച്ച് പേടിച്ച് പേടിച്ച്… എനിക്ക് കൺഫ്യൂഷൻ കൂടി. ഞാൻ അടുക്കളയിൽ തെക്കുവടക്ക് നടന്നു. വീട്ടിൽ ബാക്കി എല്ലാവരും ഉറക്കം. എനിക്ക് കലിവന്നു. അത് ശരിയല്ലല്ലോ. ഞാൻ ഇവിടെ അടുക്കളയിൽ… മറ്റുള്ളവർ ഉറക്കം. പെട്ടെന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. ഇന്നലെവരെ സുനന്ദ അടുക്കളയിൽനിന്ന് ജോലിയൊക്കെ ചെയ്യുമ്പോൾ അവളും ആഗ്രഹിച്ചുകാണുമോ, അടുക്കളയിൽ ഒരു കൂട്ടിനുവേണ്ടിയെങ്കിലും ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ എന്ന്.

ഇനിയെന്ത്…?

ഇനിയിപ്പോൾ ഗ്യാസ് തുറക്കാൻ എന്തുചെയ്യും. അതാ ഒരു ശബ്ദം. ‘നോബ് മുകളിലേക്ക് തിരിച്ചാൽ മതി.’ സുനന്ദ ആയിരുന്നു ജോസേ. അവൾ കാര്യങ്ങൾ ഊഹിച്ച് അടുക്കളയിലേക്ക് വന്നതാണ്. ഞാൻ ഉടൻ തന്നെ ഉൾട്ട അടിച്ചു: ‘എനിക്കറിയാം, ഞാനൊരു തുടക്കത്തിനുവേണ്ടി നിന്നതാണ്.’ എങ്ങനെ എറിഞ്ഞാലും നാലു കാലിൽ വീഴാൻ ഭർത്താക്കന്മാരെ ആരും പഠിപ്പിക്കേണ്ടല്ലോ. ഒരു ഭർത്താവിന്റെ കഥയുണ്ടല്ലോ, ഭാര്യ, മുട്ടഓംലറ്റ് അടിച്ചു വെച്ചാൽ തനിക്ക് പുഴുങ്ങിയ മുട്ട കഴിക്കാനായിരുന്നു ആഗ്രഹം എന്ന് പറയും. പുഴുങ്ങി വച്ചാൽ, ഓംലെറ്റ് ആണ് കൊതിച്ചു വന്നത് എന്ന് പറയും… ഒരു ദിവസം ഭാര്യ രണ്ടും തയ്യാറാക്കി വച്ചു.. അപ്പോഴുണ്ട്‌ അണ്ണന്റെ ഡയലോഗ്:
“”നീ പുഴുങ്ങേണ്ട മുട്ട എടുത്തു ഓംലെറ്റ് അടിച്ചു. ഓംലറ്റ് അടിക്കേണ്ടത് എടുത്തു പുഴുങ്ങിയും വച്ചു അല്ലേ.. ”
അതിരിക്കട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം, എനിക്കറിയാം എന്ന് ഞാൻ സുനന്ദയോട് പറഞ്ഞെങ്കിലും ഇന്നലെവരെ പറഞ്ഞ ഒരു വെല്ലുവിളി മൂഡ് എന്റെ ടോണിൽ ഇല്ലായിരുന്നു. താൻ കരുതുന്നുണ്ടാകും ഞാൻ ജാഡക്ക് വേണ്ടി കാര്യങ്ങൾ ഓവറാക്കി പറയുകയാണെന്ന്. ചായയിടാൻ പോലും അറിയില്ലെന്ന് ഞാൻ വെറുതെ പറയുന്നതാണെന്ന്. സത്യമായിട്ടും അല്ല, പാചകമൊക്കെ അറിയാവുന്ന, ഭാര്യമാരെ സഹായിക്കുന്ന ഒരുപാട് ഭർത്താക്കൻമാർ ഉണ്ട്. പക്ഷേ ഞാൻ ആ വിഭാഗത്തിൽ പെടില്ല.”

പ്രശ്നത്തിലേക്കു പ്രവേശിക്കാം

“സുനന്ദ പോയി. ഞാൻ ഗ്യാസ് ഓൺചെയ്‌തു. ചായക്ക്‌ വെള്ളം വച്ചു. അടുത്തത്‌ ചായപ്പൊടിക്കുള്ള അന്വേഷണമാണ് . തേയിലപ്പൊടിയും കാപ്പിപ്പൊടിയും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാൻ കുറേസമയം വേണ്ടിവന്നു. ചായപ്പൊടി ക്കുള്ള അന്വേഷണത്തിനിടയിൽ മല്ലിപ്പൊടി കുപ്പി താഴെ വീണു പൊട്ടി. ഉപ്പിന്റെ പാത്രം സൈഡിൽ വച്ചിരുന്നത് സിങ്കിലേക്ക് ചരിഞ്ഞു പകുതി ഉപ്പു പോയി. എന്തായാലും ഞാൻ ചായ ഇടുകതന്നെ ചെയ‌്തു. ജോസേ. പക്ഷേ, ഇതിനിടയിൽ മണി അഞ്ചരകഴിഞ്ഞു. ചായ ഞാൻ ഒന്നു രുചിച്ചു. ജോസേ, അതെങ്ങനെയിരുന്നു എന്ന് ഞാൻ പറയുന്നില്ല. പക്ഷേ, തന്റെ മുമ്പിലാണ് അത് കൊണ്ടുവച്ചിരുന്നതെങ്കിൽ പിന്നീട് ജീവീതത്തിലൊരിക്കലും താൻ എന്റെ വീട്ടിൽ വരില്ലായിരുന്നു.

ചായ സുനന്ദയ്‌ക്ക്‌ കൊടുത്തു. ഞാൻ ടെൻഷനോടെ സുനന്ദയെ നോക്കി. അവൾ ചായ രുചിച്ചിട്ടു പറഞ്ഞു: ‘‘നന്നായിരിക്കുന്നു’’
അവൾ ആക്ഷേപിച്ചതാണോ എന്ന് എനിക്ക് സംശയമായി. ഞാൻ ഞാൻ സ്ഥിരം അങ്ങനെയാണല്ലോ. ചോറിലേക്ക് സാമ്പാർ ഒഴിക്കുമ്പോൾ ഞാൻ പറയും ‘രസം നന്നായിരിക്കുന്നു..’ എന്ന്.
സുനന്ദയും അങ്ങനെ കളിയാക്കിയതാണോ എന്നാണ് ഞാൻ സംശയിച്ചത്.
‘‘സത്യം…?” ഞാൻ ചോദിച്ചു.
‘‘സത്യം.”
സത്യം പറഞ്ഞാൽ ജോസേ എനിക്കപ്പോഴുണ്ടായ സന്തോഷം എത്രയാന്ന് നിനക്ക് മനസ്സിലാവില്ല. സുനന്ദ എന്നും ഇട്ടുതരുന്ന ഒന്നാന്തരം ചായയെ കുറ്റം പറഞ്ഞതിനെക്കുറിച്ച് ഓർത്ത് എനിക്ക് ലജ്ജ തോന്നി.
വീട്ടിൽ പ്രത്യേകിച്ചും സ്‌ത്രീകളോട് നമ്മൾ പോസിറ്റീവ് വാക്കുകൾ തന്നെ പറയണം. അതിന്റെയൊരു സുഖം ഒന്നുവേറെയാ. ‘‘കുട്ടികൾക്കുള്ള ഹോർലിക്‌സ്‌ റെഡിയായില്ലേ?” സുനന്ദ ചോദിച്ചു. ‘‘ഹോർലിക്‌സോ? അവർക്കും ചായമതി..അവരും ചായ കുടിക്കട്ടെ… എന്തിനാ പലർക്കും പലരീതിയിൽ.”
‘‘ഏട്ടനിതെന്താ പറയുന്നത്? ബുദ്ധിമുട്ടായെങ്കിൽ ഞാനിടാം.’’
എന്തായാലും തോൽക്കാൻ പറ്റില്ലല്ലോ. ‘‘വേണ്ട.” ഞാൻ പറഞ്ഞു.
ഹോർലിക്‌സ്‌ ഇട്ടു…”

ഹോർലിക്സ്

“ഹോർലിക്സ് കുടിച്ചിട്ട് മകൻ വാഷ്ബെയ്സിനിൽ തുപ്പിക്കൊണ്ട് പറഞ്ഞു:
‘‘അയ്യേ! അച്ഛനിത് എന്തോന്നാ കലക്കി വച്ചേക്കുന്നേ?”
എനിക്കെന്റെ സ്വഭാവമങ്ങ് മാറി.
‘‘എന്തോന്നെടാ പറഞ്ഞത‌്. കലക്കിയത് ശരിയായില്ലെന്നോ. ദേ മിണ്ടാതെ കഴിച്ചേച്ച്‌ പൊയ‌്ക്കോണം. ഒന്നാമത് ഞാൻ ഭ്രാന്തെടുത്തു നിൽക്കുകയാണ്.. മര്യാദയ്ക്ക് കുടിച്ചിട്ട് പോ”

ബഹളം കേട്ട് സുനന്ദ ഓടിവന്നു.
‘‘ഇവന് ഞാനുണ്ടാക്കിയ ഹോർലിക്‌സിന്റെ രുചി പിടിച്ചില്ലെന്ന്.’’

സുനന്ദ ഒന്നും മിണ്ടാതെ ഒന്ന് മന്ദഹസിച്ചു. ഒരുനിമിഷം.. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. ദോശയ്‌ക്കും സാമ്പാറിനും ചോറിനും മീനിനും അവിയലിനുമൊക്കെ ഞാൻ പറഞ്ഞിരുന്ന കുറ്റങ്ങളും കുറവുകളും ആ ചിരിയിൽ ഉണ്ടായിരുന്നു.

‘‘ഏട്ടാ സ്‌കൂൾ ബസ് വരാൻ സമയമായി. മോളെ കുളിപ്പിച്ചില്ല. ഇവരുടെ ബുക്കുകൾ എടുത്തുവച്ചില്ല.”

എനിക്ക് വട്ടായി.
‘‘ദേ സുനന്ദേ എനിക്കാകെ രണ്ട് കൈകളേ…’’ ഞാൻ പകുതിയിൽ നിർത്തി. സുനന്ദയുടെ ചുണ്ടിൽ അതാ പഴയ ചിരി വീണ്ടും.
ഭാര്യമാരെ സമ്മതിക്കണം…. ഇപ്പൊ തന്നെ എനിക്കൊരു തലവേദന വന്നാൽ മതി ഡോക്ടറെക്കൊണ്ട് കാണിക്കാം മരുന്നു വാങ്ങിക്കാം എന്നൊക്കെ സുനന്ദയ്ക്ക് വെപ്രാളമാണ്. പിന്നെ പരിചയക്കാർ ആരെങ്കിലും ഫോൺ ചെയ്താൽ പ്രധാന വിഷയം എന്റെ തലവേദന കാര്യമാണ്. എന്നാൽ നമ്മളോ, രാത്രി ഭാര്യയ്ക്ക് തലവേദന എന്നോ നടുവേദന എന്നൊക്കെ പറഞ്ഞാൽ ഞാൻ ഉറക്കപ്പിച്ച് അഭിനയിച്ചു കിടക്കും.. ‘ഉറങ്ങിയാൽ മതി തലവേദന മാറും’ എന്ന് മരുന്നും പറഞ്ഞുകൊടുക്കും”

പിന്നെ നടന്നത്

“പിന്നെ നടന്ന കാര്യങ്ങൾ ചുരുക്കിപ്പറയാം. മുറ്റം തൂത്ത് വൃത്തിയാക്കാനിറങ്ങി, എന്റെ നടു ഉളുക്കി. പുട്ടുണ്ടാക്കാൻ പുട്ടുകുറ്റിയിൽ ചില്ല് വച്ചില്ല. അത് പുട്ടു കുഴമ്പായി. കറി കടല ഉദ്ദേശിച്ചത് പഞ്ചസാരയിലേക്ക് മാറ്റി. പിള്ളേർക്ക് സ്‌കൂൾ ബസ് തെറ്റി. എനിക്ക് രണ്ട് കൈയേ ഉള്ളൂവെന്ന് ഞാൻ നൂറുവട്ടം പറഞ്ഞു. കുറച്ചുസമയം സുനന്ദ കൂടി അടുക്കളയിൽ ഉണ്ടായിരുന്നു. അത് വല്ലാത്ത സന്തോഷം തന്ന സമയങ്ങളായിരുന്നു.

കേട്ടോ ജോസേ, അലക്‌സാണ്ടർ ലോകം വെട്ടിപ്പിടിച്ചുകാണും ടെൻസിങ് എവറസ്റ്റിന്റെ മുകളിൽ ചവിട്ടിക്കയറിക്കാണും, ഷേക്‌സ്‌പിയർ എഴുതിക്കൂട്ടിക്കാണും, പക്ഷേ, അവരെക്കാളൊക്കെ കഴിവോടെ ഒരു സ്‌ത്രീ അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നിരിക്കുമെന്ന് ഞാൻ ഈ അടുക്കളയിൽ നിൽക്കുമ്പോൾ മനസ്സിലാക്കുന്നു ജോസേ.
സുനന്ദയ്‌ക്കും എനിക്കും കാര്യങ്ങൾ മനസ്സിലായി. സുനന്ദ തയ്യൽപ്പണിക്കും വീട്ടിലെ ട്യൂഷനെടുക്കലിനുമൊക്കെ ഇടയിൽ ഇതൊക്കെ എങ്ങനെ ചെയ്യുന്നു.
അത്ഭുതമല്ല വല്ലാത്ത ബഹുമാനമാണ് തോന്നുന്നത‌്. നമ്മൾ പറയുന്നു, സ്‌ത്രീകൾ പുരുഷന്മാർക്ക്‌ തുല്യർ ആകില്ലെന്ന്.
നേരാ ജോസേ, നേരാ ശിവദാസാ. അവർ പലപ്പോഴും നമ്മളെക്കാൾ മുകളിലാ… നമ്മളാ ഇനി അവർക്കൊപ്പം തുല്യരാകേണ്ടത്. പക്ഷേ ഇതൊന്നും അത്ര എളുപ്പം സമ്മതിച്ചുകൊടുക്കാൻ പാടില്ലല്ലോ. നമ്മൾ പുരുഷന്മാർ അല്ലേ.. ഏതായാലും സാമ്പാർ വച്ചിട്ടു വേണം എനിക്ക് കാര്യങ്ങൾ അവസാനിപ്പിക്കാൻ… പറ ജോസേ സാമ്പാറിന് മഞ്ഞൾപ്പൊടി ഇടുമോ…”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker