NewsThen Special

ദുരിയാൻ ചക്കപ്പഴത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ, അനുഭവം പങ്കുവച്ചു മുൻമന്ത്രി തോമസ് ഐസക്

വിദേശി ഫലവൃക്ഷങ്ങളെക്കുറിച്ചും ഐസക്

 

ചീഞ്ഞ മണവും അസാദ്ധ്യ രുചിയുമുള്ള ഒരു ചക്കപ്പഴമാണ് ദുരിയാൻ. ഒത്തിരി ചുളകൾ ഉണ്ടാവില്ല. കുറച്ചു വലിയ ചുളകൾ മാത്രം. നൂറു കണക്കിന് വകഭേദങ്ങളുണ്ട്. പക്ഷെ, എല്ലാറ്റിനും ഒരു പൊതുസ്വഭാവമുണ്ട്. ആദ്യം മണമടിക്കുമ്പോൾ മൂക്കുപൊത്തിപ്പോകും. കഴിച്ചു തുടങ്ങിയാലോ അതിന് അടിമയാകും. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യക്കാരെല്ലാം ഇതിനെ പഴങ്ങളുടെ രാജാവ് എന്നാണ് വിളിക്കുക. അവരുടെ ഏറ്റവും പ്രിയപ്പെട്ടതും വിലയേറിയതുമായ പഴങ്ങളിൽ ഒന്ന്.

ഒരിക്കൽ തായ്ലണ്ടിൽ നിന്നും മടങ്ങുമ്പോൾ പ്ലാസ്റ്റിക്ക് പാക്കറ്റിൽ രണ്ട് ദുരിയാൻ ചക്കയുമെടുത്തു വച്ചു. പക്ഷേ വിമാനം പൊങ്ങുന്നതിനു മുമ്പേ എയർ ഹോസ്റ്റസ് മണം പിടിച്ചു. ആരാണ് ദുരിയാൻ കൊണ്ടുവന്നതെന്ന ചോദ്യവും പരിശോധനയുമായി. പുറത്ത് കളയുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു. തായ്ലണ്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും വിമാനത്തിൽ കയറ്റില്ല.

റമ്പൂട്ടാൻ കേരളത്തിൽ പരന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ ദുരിയാനെ കണ്ടെത്താൻ പ്രയാസം. എന്നാൽ റമ്പൂട്ടാനെപ്പോലെ തന്നെ നമ്മുടെ നാടിന് ഇണങ്ങിയ മറ്റൊരു ഫലവൃക്ഷമാണ് ഡൂറിയാൻ. ചക്ക പോലെ തന്നെ ഏത് കൊമ്പിൽ നിന്നും തൂങ്ങാം. വർഷത്തിൽ ഒന്നുരണ്ടു തവണ പൂവിടും. തായ്ലണ്ടിൽ നിന്നും കഴിച്ച ദുരിയാന്റെ രുചി മറന്നു കഴിഞ്ഞു. ഹോംഗ്രോണിന്റെ ജോസ് ജേക്കബ് തന്ന ദുരിയാൻ ക്രീം ഒന്നല്ല രണ്ട് കപ്പ് കഴിച്ചു.

ജോസ് ജേക്കബ് കേരളത്തിലെ ആദ്യത്തെ ദുരിയാൻ തോട്ടം വച്ചു പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ 4 വർഷം പ്രായമായി. ദുരിയാൻ കൂടാതെ മാങ്കോസ്റ്റിൻ, പുലാസാൻ, അച്ചാചറു, ലോഗോംൺ, തുടങ്ങി വിവിധതരം പഴവർഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ഇത് ഫാം ടൂറിസത്തെ ലക്ഷ്യമാക്കി ചെയ്തിട്ടുള്ളതാണ്. പഴം ഫെസ്റ്റിവലുകൾ, ഫാം തീം ഇവന്റുകൾ മുതലായവ സംഘടിപ്പിക്കാനാണു പരിപാടി.

നമ്മുടെ നാട്ടിലെ ഫലവൃക്ഷങ്ങളെ വിട്ടു മറ്റു രാജ്യങ്ങളിലെ വൃക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു ശരിയാണോയെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ചില കാര്യങ്ങൾ ഓർക്കുന്നതു നന്ന്. നമ്മുടെ നാട്ടിലെ പല വൃക്ഷങ്ങളും വിദേശിയാണ്. റബർ, തേയില, കാപ്പി, കശുമാവ്, പേരയ്ക്ക, കടച്ചക്ക, പിന്നെ വൃക്ഷമല്ലെങ്കിലും കപ്പയും മുളകുമെല്ലാം. പ്രധാനപ്പെട്ട കാര്യം കേരളവും ആദ്യം സൂചിപ്പിച്ച ഫലവൃക്ഷങ്ങൾ വളരുന്ന തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും പൊതുവിൽ ഒരേ കാർഷിക കാലാവസ്ഥാ മേഖലകളാണ്.

മേൽപ്പറഞ്ഞ പഴങ്ങൾക്കെല്ലാം അന്തർദേശീയമായി വലിയ ഡിമാന്റാണ്. മെച്ചപ്പെട്ട വിലയും കിട്ടും. അനുയോജ്യമായ ഭൂപ്രദേശം ഇന്ത്യയിൽ 5 ശതമാനത്തിൽ താഴെയേ വരൂ. അതിൽ ഏറിയപങ്കും കേരളത്തിലാണ്. നമ്മുടെ പുരയിടകൃഷിയിലെ ഇടവിളകൾ പുനരുജ്ജീവിപ്പിക്കണമെങ്കിൽ വലിയ തോതിൽ തൊഴിൽ വേണ്ടാത്ത ചെറിയ ഫലവൃക്ഷങ്ങളായിരിക്കും അനുയോജ്യം. തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് ഒരു ഭാഗം ഭൂമി നല്ല വരുമാനം ഉറപ്പുനൽകുന്ന ഫലവൃക്ഷങ്ങൾ നൽകുന്നതിനുള്ള അനുവാദം വേണമെന്ന കാര്യം ചർച്ചയിലാണ്. ആദിവാസികളുടെ ഭൂമി ഉറപ്പുനൽകിക്കൊണ്ടേ ഇത്തരമൊരു നടപടിയിലേയ്ക്കു പോകാനാകൂവെന്നതാണു പ്രശ്നം.

ഉയർന്നവില കിട്ടുന്ന പുതിയ വിളകളിലേയ്ക്കുള്ള വൈവിധ്യവൽക്കരണം കേരളത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഫലമരവൃക്ഷങ്ങളായിരിക്കും അഭികാമ്യം. വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം വൈവിധ്യവൽക്കരണത്തിന്റെ വിജയഗാഥകളാണ്. പഴങ്ങളുടെ അന്തർദേശീയ മാർക്കറ്റ് ഇന്ന് 24000 കോടി രൂപയുടേതാണ്.

കേരള സർക്കാരാണെങ്കിൽ വർഷംതോറും ഒരുകോടി ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലായി തുടങ്ങുന്നതേയുള്ളൂ. ഈ സന്ദർഭത്തിൽ നല്ല വരുമാനം ഉറപ്പുവരുത്തുന്ന പുതിയയിനം ഫലവൃക്ഷങ്ങളെക്കുറിച്ച് നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. രണ്ടുവർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാമീസ് പ്ലാവുകൾ ഇന്ന് കേരളത്തിൽ പരുന്നുതുടങ്ങിയിട്ടുണ്ട്. ഇവ ഇടതൂർന്ന് തോട്ടങ്ങളായി കൃഷി ചെയ്യാൻ അനുയോജ്യമാണ്. ഇവയുടെ കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം ഉൽപ്പന്നങ്ങൾ അഗ്രിഗേറ്റ് ചെയ്യുന്നതിനും വിൽപ്പന്ന നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമുകളും വികസിപ്പിക്കണം.

തൊടുപുഴയിലെ ഷാജി കൊച്ചുകുടിയിൽ, കാഞ്ഞിരപ്പള്ളിയിലെ ജോസ് ജേക്കബ്ബ് തുടങ്ങി ഫലവൃക്ഷകൃഷി ഫലപ്രദമാണെന്നു തെളിയിച്ച കൃഷിക്കാരുടെ അനുഭവങ്ങൾ ഇതുവരെ നയരൂപീകരണകർത്താക്കൾ ചിട്ടയായി പഠിച്ചിട്ടില്ല. ഇവരിൽ ഹോം ഗ്രോൺ ബയോടെകിന്റെ ജോസ് ജേക്കബ്ബ് കൃഷിക്കാരെ മാത്രമല്ല, ഫലവൃക്ഷങ്ങളുടെ ഏറ്റവും വലിയ നഴ്സറിയുടെ സംരംഭകൻ കൂടിയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker