NewsThen Special

ചെറുതോണിയിലെ ചെമ്പൻ കൊലുമ്പൻ സ്മാരകം

 

കേരളത്തിന്റെ വൈദ്യുതി സ്വപ്നങ്ങൾക്ക് വഴികാട്ടിയ ഒരു ഗോത്രത്തലവനുണ്ടായിരുന്നു. കുറവൻ– കുറത്തി മലകളെ ലോകത്തിനു കാട്ടിക്കൊടുത്ത ഊരാളി ഗോത്ര തലവൻ ചെമ്പൻ കൊലുമ്പൻ. ചെമ്പൻ കൊലുമ്പന്റെ ഓർമകൾക്ക് 51 വർഷം പിന്നിടുമ്പോൾ ആ സമാധിയിലേക്ക് ഒരു യാത്ര…

1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ചെമ്പൻ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടുന്നത്. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെയും അദ്ദേഹം കൂട്ടി.അങ്ങനെയാണ് കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ ജോണിന് കാണിച്ചുകൊടുക്കുന്നത്. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്നും ജോണിനുതോന്നി. പിന്നീട്‌ നടന്നതെല്ലാം ചരിത്രം.

വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനവും ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടുമായിരുന്നു ഇടുക്കിയിൽ രൂപം കൊണ്ടത്.പക്ഷെ പദ്ധതി കമ്മിഷൻ ചെയ്യുന്നതു കാണാനാകാതെ 1970 ജൂൺ 21ന് തന്റെ 112–ാം വയസ്സിൽ ചെമ്പൻ കൊലുമ്പൻ വിടപറഞ്ഞു.തുടർന്ന് 1976 ൽ ഇടുക്കി ജലവൈദുത പദ്ധതി കമ്മീഷൻ ചെയ്തപ്പോൾ ഡാമിനോട് ചേർന്ന് കൊലുമ്പന്റെ പ്രതിമയും സ്ഥാപിച്ചിരുന്നു.അത് ഇടിച്ചുകളഞ്ഞാണ് ഇപ്പോൾ പുതിയ സമാധി മണ്ഡപം നിർമ്മിച്ചിരിക്കുന്നത്.2016 ലായിരുന്നു ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.2020 നവംബറിൽ പൂർത്തിയായി.

കരിങ്കല്ലിൽ തീർത്ത കൊലുമ്പന്റെ അഞ്ചേമുക്കാൽ അടി പൊക്കമുള്ള വെങ്കല പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം.സമാധിക്ക് സമീപം 20 അടി പൊക്കമുള്ള സിമന്റിൽ തീർത്ത മരവും അതിൽ ഒരു ഏറുമാടത്തിന്റെ മാതൃകയും ചെയ്തിട്ടുണ്ട്.അതിനു ചുറ്റും സിമന്റിൽ തീർത്ത ആന, പുലി, മാൻ എന്നിവയുടെ ശില്പങ്ങൾ.സമാധി സ്മാരകത്തിൽ കൊലുമ്പന്റെ പിൻതലമുറക്കാരും വിശ്വാസികളും തിരികത്തിച്ച് ദിവസവും പ്രാർഥന നടത്തുന്നുണ്ട്.അറിഞ്ഞും കേട്ടും നിരവധി പേരാണ് ഇതു കാണുവാനായി ദിവസവും ഇവിടെ സന്ദർശനത്തിനായി എത്തുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker