Column

നന്നാകാൻ ഒരൊറ്റമൂലി: കൃഷ്ണ പൂജപ്പുര

പിന്നെ അവിടെ നടന്നതാണ് സാക്ഷാൽ കാളിയമർദ്ദനം. ശ്രീകൃഷ്ണൻ പണ്ട് പാമ്പിന്റെ തലയ്ക്കു ചവിട്ടി ഡാൻസ് കളിച്ചല്ലോ. അതുപോലുള്ള താണ്ഡവനൃത്തം. രണ്ട് അടി കിട്ടിയപ്പോൾ തന്നെ ഞാൻ ശ്വാസം പിടിച്ചു മരിച്ചത് പോലെ അഭിനയിച്ചു കിടന്നു. മഹാപാപികൾ പക്ഷേ എന്റെ മനഃശാസ്ത്രം എല്ലാം മനസ്സിലാക്കിയിരുന്നു. ഭാര്യ തടയാൻ വന്നപ്പോൾ 'പെങ്ങൾ ക്ഷമിക്കണം പെങ്ങളുടെ ഭർത്താവ് നന്നാകാൻ വേണ്ടിയാണ്' എന്ന് പറഞ്ഞിട്ടാരുന്നു അടി

നന്നാകാൻ ഒരൊറ്റമൂലി

ങേ… ജി കെ ചേട്ടന്റെ മോന് കല്യാ ണാലോചനയോ…? മനസ്സമാധാനം കെടുത്തുന്ന വാർത്തകളാണല്ലോ ദൈവമേ നേരം വെളുത്താൽ കേൾക്കുന്നത്.
പെണ്ണിന്റെ അച്ഛൻ ഡിവൈ.എസ്.പി യോ…?
പെണ്ണിന്റെ അമ്മാവൻ എംഎൽഎയോ…? കുടുംബത്തിലെ നാലു പേർ അഡ്വക്കേറ്റ് മാരും രണ്ടുപേർ ഡോക്ടർമാരുമോ…?ഒറ്റ മോളാണെന്നോ…? ഇതൊന്നും കാണാനും കേൾക്കാനും ഇട്ടേക്കാതെ ഈയുള്ളവനെ അങ്ങോട്ട് കെട്ടി എടുക്കാത്തതെന്ത്…?ഈ കല്യാണം നടന്നു കിട്ടിയാൽ അയാൾ പിന്നെ തറയിൽ ആയിരിക്കില്ലല്ലോ. ആനബലത്തേക്കാൾ ശക്തിയാണ് ബന്ധു ബലത്തിന്.
ഡിവൈ.എസ്.പി പോലീസ് ജീപ്പിൽ വന്നിറങ്ങി ഷേക്ക് ഹാന്റ് കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും തമാശ പറയുന്നതും ഒക്കെ ഞാൻ എങ്ങനെ സഹിക്കും…?
തന്റെ സമാധാനം കെടുത്താൻ ആരെങ്കിലും തട്ടിക്കൂട്ടിയ കഥയായിരിക്കും.
ആകാൻ വഴിയില്ല… ഈയിടെ അങ്ങേരുടെ വീട്ടിൽ സംശയാസ്പദമായ നിലയിൽ ചിലരുടെ വരവ് പോക്ക് ഉണ്ടായിരുന്നു. താൻ അപ്പോഴേ ഇടപെടണമായിരുന്നു.അല്ല ഇനിയും സമയമുണ്ട്.
എന്തോന്ന് ചായയോ…?കൊണ്ട് ഭോഡി അവളുടെ ഒരു ഛായ…
ഇവിടെ മനുഷ്യൻ ആകാശത്തും ഭൂമിയിലും അല്ലാതെ നിന്ന് തീ തിന്നു മ്പോഴാണ് അവളുടെ ചായ.
ഓഫീസിൽ പോകാൻ സമയമായില്ലേ എന്നോ…ഞാൻ തോന്നുമ്പോ പോകും. അതിനു നിനക്കെന്തുവേണം.
എന്തുപറ്റി എന്നോ…? ചാടിക്കടിക്കാൻ വരുന്നത് എന്തിനാണെന്നോ…?തോന്നിയതുകൊണ്ട്. ഇങ്ങനെയാണോ ഷർട്ട് തേക്കുന്നത്… ഇതാ കിടക്കുന്നു ഷർട്ട്… എടുത്തോണ്ട് പോ.. ലഞ്ച് ബോക്സിന്റെ അടപ്പു നേരെ അടക്കാൻ വയ്യ അല്ലേ…?
ക്ഡിം… ഇതാ കിടക്കുന്നു ചോറും കറിയും. ഭർത്താവിന്റെ മനസ്സ് കാണാൻ സാധിക്കാത്ത ഭാര്യ…

പുകയുന്നു

പെണ്ണു വീട്ടുകാരുടെ അഡ്രസ്സ് ഒന്ന് കിട്ടാൻ മാർഗ്ഗമെന്തെങ്കിലുമുണ്ടോ…? അത് കിട്ടിയാൽ ഇടതുകൈകൊണ്ട് ഒരു ഊമക്കത്ത് അങ്ങ് ഡ്രാഫ്റ്റ് ചെയ്ത് അയയ്ക്കാമായിരുന്നു. സത്യം പറഞ്ഞാൽ ഊമക്കത്ത് എഴുതിയെഴുതി ഇപ്പോൾ ഇടതു കൈ യാണ് വാക്ക്.
ഡിവൈ.എസ്.പിയുടെ അഡ്രെസ്സ് എങ്ങനെ തരപ്പെടുത്തും…? രാമപുരത്താണത്രേ വീട്. അല്ല ഓഫീസിലെ റഷീദിന്റെ വീടും രാമപുരത്താണല്ലോ…?ആ വഴിക്ക് നീങ്ങാം. എന്തെങ്കിലും വെളിച്ചം കിട്ടാതിരിക്കില്ല.പെണ്ണുമ്പിള്ളക്ക് ഇതൊന്നും ഇഷ്ടമല്ല. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനപ്പൊരുത്തം ഉള്ള ദമ്പതിമാർ ലക്ഷത്തിൽ ഒന്നേ ഉള്ളൂ എന്നല്ലേ പറയുന്നത്. എന്തായാലും റഷീദിനെ കണ്ട് കാര്യങ്ങൾ അന്വേഷിക്കാം.
ഞാൻ അതല്ല ആലോചിക്കുന്നത്… മറ്റൊരാൾ നന്നാകുമ്പോൾ എന്റെ മനസ്സിന് എന്താണ് ഒരു സമാധാനക്കേട്…? ഒരാൾ നന്നാകുന്നത് കണ്ടാൽ അപ്പൊ ടെൻഷൻ തുടങ്ങും. എനിക്ക് പരിചയമില്ലാത്ത ആൾക്കാർ നന്നായാൽ കുഴപ്പമില്ല. ഇപ്പോൾ അമേരിക്കയിലെ ഒരാൾക്ക് 500 കോടി ലോട്ടറി അടിക്കട്ടെ, പ്രശ്നമില്ല…
പക്ഷേ പരിചയമുള്ളവരും ബന്ധുക്കളും മേൽഗതി പ്രാപിക്കുന്നത് സഹിക്കാൻ പറ്റൂല്ല. ദൈവം എന്തിന് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു. അതൊക്കെ പോട്ടെ, ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യും…?ഈയിടെയൊരു മോട്ടിവേഷൻ വീഡിയോയിൽ കണ്ടതുപോലെ മനസ്സിനെ പറഞ്ഞു ഉറപ്പിക്കാം. നിന്നെക്കൊണ്ട് സാധിക്കും സാധിക്കും സാധിക്കും. ഒരു കാര്യത്തിന് നമ്മൾ ഉറപ്പിച്ചു ഇറങ്ങിയാൽ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കുമെന്നല്ലേ ഏതോ ഒരു സായിപ്പ് എഴുതിയിട്ടുള്ളത്…? ഏതായാലും ഓഫീസിൽ റഷീദിനെ കണ്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.

ഓഫീസിൽ

റഷീദേ എന്തൊക്കെ ഉണ്ട് വിശേഷം. രാമപുരത്തു മഴയൊക്കെ ഉണ്ടോ…? തകർപ്പൻ മഴയോ..വെരിഗുഡ്.. രാമപുരത്തു ഒരു ഡിവൈഎസ്പിയെ അറിയാമോ.. രണ്ടുമൂന്ന് ഡിവൈഎസ്പി മാർ ഉണ്ടെന്നോ. ബന്ധുവായി ഒരു എംഎൽഎ ഉണ്ട്. രണ്ടുമൂന്ന് അഡ്വക്കേറ്റ് മാരുണ്ട്…
പരിചയം ഇല്ല പക്ഷേ അറിയാം എന്നോ.. ഈശ്വരാ രക്ഷപ്പെട്ടു… എന്താണ്, ഭയങ്കര ചക്രം പാർട്ടിയാണെന്നോ… ഏക്കറുകണക്കിന് റബ്ബറും തെങ്ങും ഒക്കെ ഉണ്ടെന്നോ…? ഹാർട്ട് പിന്നെയും ഇളകും എന്നാണ് തോന്നുന്നത്. എന്തെങ്കിലും കേസ് ഒതുക്കിത്തീർക്കാൻ ആണോ എന്നോ…
ങാ ഒരു കേസ് തീർക്കണം.. അങ്ങേരുടെ അനിയൻ ഒരാൾ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്നുണ്ടെന്നോ…
അടിപൊളി, ഏത് ഡിപ്പാർട്ട്മെന്റിൽ….
ഓ അത് ശരി..അവിടെ എനിക്കും ഒരാളുണ്ട്. താങ്ക്യൂ റഷീദേ… നമുക്ക് കാന്റീനിൽ പോയി ഒരു ചായ കുടിച്ചാലോ.. വേണ്ടെന്നു പറഞ്ഞാൽ പറ്റൂല്ല..ബാ..ഒരു ചായയും ഒരു കടിയും…

വഴിതെളിയുന്നു

ഹോ അങ്ങിനെ ലക്ഷ്യത്തിലേക്കുള്ള ആദ്യ വഴി തുറന്നു കിട്ടി. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ഡിവൈ.എസ്.പിയുടെ അനുജൻ…! സത്യം പറഞ്ഞാൽ അപാരമായ വൈദഗ്ധ്യം ആവശ്യമുള്ള ഒരു മേഖലയാണിത്.
ഒരു സംശയവും തോന്നിക്കാത്ത രീതിയിൽ വേണം ഡാറ്റാകൾ കളക്ട് ചെയ്യാൻ… നൂൽപ്പാലത്തിൽ കൂടെയുള്ള നടക്കലാണ്…
ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തീർന്നു. പിടിക്കപ്പെടും… നിരന്തരമായ സാധന യിലൂടെയാണ് താൻ ഈ കലയിൽ ഒരു ആചാര്യനായി തീർന്നിരിക്കുന്നത്. അപ്പോൾഇനി സെക്രട്ടറിയേറ്റിലേക്ക്… അവിടെ എന്റെ പരിചയക്കാരൻ വഴി ഡി വൈ.എസ്.പിയുടെ അനിയനിലേക്ക്… ആകെ ഒരു ഉന്മേഷം. ലോകത്തിനാകെ വെളിച്ചം… ഇനി അടുത്ത ജന്മത്തിലും ഭൂമിയിൽ ഞാനായിട്ട് തന്നെ ജനിക്കണം

സെക്രട്ടറിയേറ്റിൽ

ആഹാ നമ്മുടെ കക്ഷി അതാ കൃത്യമായിട്ട് ഓഫീസിൽ.
ഹലോ ആശാനേ… ഞാനിവിടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഒരാളെ കാണാൻ വന്നതാ അപ്പോൾ തന്നെ കൂടി ഒന്ന് കണ്ടു കളയാം എന്നു വെച്ചു. ഇരിക്കാൻ ഒന്നും നേരമില്ല. എനിക്ക് രാമപുരം വരെ ഒന്ന് പോണം. അവിടെ ഒരാളെ ഒന്ന് കാണണം.. രാമപുരത്തുള്ള ആരെങ്കിലും ഇവിടെ ഉണ്ടോ, അങ്ങോട്ട് എത മണിക്കാണ് ബസ്സെന്നന്വേഷിക്കാൻ…
ഉണ്ടെന്നോ.
ഈശ്വരാ ആള് തൊട്ടടുത്ത സീറ്റിൽ തന്നെ. കണ്ടിട്ട് ശാന്ത പ്രകൃതക്കാരനാണ്‌. നമസ്കാരം…
ഓരോ അര മണിക്കൂറിലും ബസ് ഉണ്ടല്ലേ.. ഓക്കെ താങ്ക്യൂ താങ്ക്യൂ..
ഞാൻ എവിടെ താമസിക്കുന്നെന്നോ.. ഇതാ പ്രതീക്ഷിച്ച ചോദ്യം വന്നു. ഇതിൽനിന്നാണ് പിടിച്ചു പിടിച്ചു കയറേണ്ടത്.. ഞാൻ ഇവിടെ നന്മ നഗറിൽ.
അതാ ആ മുഖത്ത് കൗതുകം വിടരുന്നു. ഇപ്പോൾ ആ ചോദ്യം വരും…
വന്നു.
ഒരു കനകപ്പൻ ചേട്ടനെ അറിയാമോ എന്നോ… ഒന്നു രണ്ട് കനകപ്പന്മാരുണ്ട്. ഒരു തണ്ണി കനകപ്പൻ ചേട്ടൻ ഉണ്ട് പിന്നെ… പഞ്ചായത്ത് ഓഫീസിൽ ജോലി ഉണ്ടായിരുന്നതോ.. അത് തന്നെ തണ്ണി കനകപ്പൻ ചേട്ടൻ…
ജി കെ ചേട്ടൻ… കനകപ്പൻ ചേട്ടൻ തണ്ണി അടിക്കുമോന്നോ. അതിപ്പോ ഈ ലോകത്ത് ആരാ തണ്ണി അടിക്കാത്തത് സാറേ… ഞാൻ അടിക്കില്ലേ. സാർ അടിക്കല്ലേ. കനകപ്പൻ ചേട്ടൻ ഇത്തിരി കൂടുതൽ അടിക്കും. അത്രേ ഉള്ളൂ. പക്ഷേ നാട്ടുകാർക്ക് ഒരു പരിഹാസമാണ്. തണ്ണി എന്നൊക്കെ പേരുമിട്ടുകൊടുത്തു. ഒരു നാട്ടുകാര്, നാട്ടുകാരുടെ കാര്യമൊന്നും എന്നെക്കൊണ്ട് പറയിക്കണ്ട. പക്ഷെ അങ്ങേരുടെ മോന്റെ വെള്ളമടിയുമായിട്ട് കമ്പയർ ചെയ്താൽ അങ്ങേര് വെറും അശു. മോന് ഒരു ദിവസം രണ്ടു കുപ്പി എങ്കിലും വേണം എന്നാണ് പറയുന്നത്. ഞാൻ കണ്ടിട്ടില്ല, എല്ലാം നാട്ടുകാര് പറഞ്ഞുള്ള അറിവാ.
എനിക്ക് ഇതുപോലുള്ള കാര്യങ്ങൾ അന്വേഷിച്ചു നടക്കാൻ സമയമില്ല. അച്ഛനും മോനും ആയിട്ട് ഇടയ്ക്ക് വലിയ പ്രശ്നങ്ങൾ ഒക്കെ നടന്നിരുന്നു. തല്ലു വരെ ആയി എന്ന് കേൾക്കുന്നു. കാരണമോ…? പയ്യൻ വീട്ടിലെത്തുന്നത് രാത്രി രണ്ടുമണിക്ക്. ചീട്ടുകളി ആണെന്ന് കേൾക്കുന്നു. ബാങ്കിൽ നിന്ന് കിട്ടുന്ന ശമ്പളം ഒറ്റ ദിവസത്തെ കളിക്കേ വരുള്ളൂവത്രേ. പയ്യന് ഒരു പ്രേമം ഉണ്ടായിരുന്നു. അത് പൊളിഞ്ഞത് മുതലാണ് ഈ സ്വഭാവ മാറ്റം എന്നാണ് നാട്ടുകാർ പറയുന്നത്. അവന്റെ അനിയത്തി ഒരുത്ത ന്റെ കൂടെ ഇറങ്ങി പോയത് കൊണ്ട് അവൾ രക്ഷപ്പെട്ടു. പാവം ഇവന് ഒരു കല്യാണം വന്നാൽ ഇവനും രക്ഷപ്പെടുമാരുന്നു. പക്ഷേ വരുന്ന ആലോചനകൾ ഒക്കെ തെറ്റിപ്പോകുന്നു. അല്ല അതിപ്പോൾ നമ്മൾ ആണെങ്കിലും നമ്മുടെ മോളെ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരിടത്തേക്ക് പറഞ്ഞയക്കുമോ…? വല്ല രണ്ടാംകെട്ടുകാരി ആണെങ്കിലും സാരമില്ല ഒരു കല്യാണം കഴിഞ്ഞാൽ എല്ലാം നേരെ ആയിപ്പോവുമായിരിക്കും.
കനകപ്പൻ ചേട്ടന് വേറെ ഏതോ ഒരു ബന്ധമുണ്ടെന്നും അവിടുന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ഒരു ശ്രുതിയുണ്ട്. ഈശ്വര ഭഗവാനെ എല്ലാം ഒന്ന് നേരെ ആയി കണ്ടാൽ മതി.
അല്ല താങ്കൾ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നത്…?
എങ്ങിനെ, താങ്കളുടെ ചേട്ടന്റെ മോൾക്ക് വേണ്ടി ഈ പയ്യനെ ആലോചിച്ചതാണെന്നോ… ചേട്ടൻ ഡിവൈ.എസ്.പി ആണെന്നോ…? ഇവിടെയാണ് എന്റെ അഭിനയം തുടങ്ങേണ്ടത്…
ശേ നിങ്ങൾ നല്ല ചതിയാണല്ലോ സാറെ കാണിച്ചത്. ഇത് ആദ്യമേ പറയാത്തതെന്ത്.
ഞാനായിട്ട് ഒരാളുടെ കല്യാണം, അയ്യേ… ശേ… ഞാൻ പറഞ്ഞതുപോലെ പയ്യന് കാര്യമായ കുഴപ്പമൊന്നുമില്ല.
എന്നാലും സാറ്ചെയ്തത് മഹാ മോശമായിപ്പോയി. ഇതിനു വേണ്ടിയാണ് അല്ലേ ഇങ്ങനെ ഓരോന്ന് കിണ്ടി കിണ്ടി ചോദിച്ചത്. പയ്യന് കുഴപ്പമൊന്നുമില്ലെന്നേ,ധൈര്യമായി ആലോചിക്കാം.
ഇനി ഒന്നും ആലോചിക്കാനില്ലെന്നോ. ആലോചന വിടാൻ പോവുകയാന്നോ. ശോ… എന്നാലും എന്റെ നാവിൽ നിന്നാണല്ലോ ജഗദീശ്വരാ പിഴ പറ്റിയത്.
തലയിൽ കൈ വച്ച് ശോകം അഭിനയിക്കാം.. അതാണ് എന്റെ മാസ്റ്റർപീസ്. എന്റെ പേര് പുറത്ത് പറയില്ലെന്നോ. എന്നാലും ഞാൻ കാരണം ഒരു നല്ല പയ്യന് ഇങ്ങനെ ഒരു ഗതി വന്നല്ലോ… കല്യാണക്കാര്യം പറഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും പറയില്ലായിരുന്നു. നിങ്ങൾ വളരെ മോശമാണ് കാണിച്ചത്. നിങ്ങളുടെ മക്കളണെ സത്യം എന്റെ പേര് പറയരുത്. സാറിന്റെ മക്കളെ പിടിച്ചാണ് ഞാൻ ആണയിട്ടി ട്ടുള്ളത്. ശരി ഞാൻ ഇറങ്ങുന്നു.
ഹൊ എന്തൊരു സമാധാനം, സന്തോഷം… വീട്ടിൽ വിളിച്ച് രാത്രി ആഹാരം ഒന്നും വയ്ക്കേണ്ട എന്ന് പറയാം.
ഇന്ന് എല്ലാവർക്കും ചിക്കൻ ബിരിയാണി… ഒരു പാട്ട് പാടാൻ തോന്നുന്നു.
“ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി”
ഗാനരചന വയലാർ.. സംഗീതം ദേവരാജൻ..

ആശുപത്രിയിൽ

എല്ലാം കൂടി എണ്ണിപ്പെറുക്കിയപ്പോൾ എത്ര എല്ല് ഒടിഞ്ഞിട്ടുണ്ട് ഡോക്ടറെ…? പറയാറായിട്ടില്ലെന്നോ… ഒരാഴ്ചയായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇനിയെത്ര കാലം കിടക്കണം ഡോക്ടറെ.
കാലിലും കയ്യിലും ഒക്കെ കൂടി ഇട്ടേക്കുന്ന കമ്പികൾ അഴിച്ചെടുത്താൽ ഒരു വീട് വാർക്കാനുള്ളത് കിട്ടും അല്ലേ ഡോക്ടറെ…?
എന്താ സംഭവത്തിന്റെ ബാക്കി പറയാനോ…
എല്ലാം എന്റെ കുഴപ്പം തന്നെ ഡോക്ടറെ, പറഞ്ഞില്ലേ എന്തെങ്കിലും നല്ലത് കണ്ടാൽ അപ്പൊ വെപ്രാളം തുടങ്ങും… ഒരാൾ പുതിയ വീട് വെച്ചാൽ, കാർ വാങ്ങിയാൽ, നല്ല കല്യാണാലോചന വന്നാൽ ഒക്കെ ടെൻഷനാണ്.
ഇപ്പോൾ ഡോക്ടർ എന്റെ പരിചയക്കാരനാണ് എന്നിരിക്കട്ടെ… എങ്കിൽ ഡോക്ടർ ഡോക്ടർ ആവില്ലായിരുന്നു.. എന്നെ പോലെ ഒരുപാട് പേരുണ്ട് ഡോക്ടറെ… ചിലർ മനസ്സിന്റെ സംതൃപ്തിക്ക്.. ചിലർ വിരോധം തീർക്കാൻ.. ചിലർ ഒരു കലയായി ആസ്വദിക്കാൻ ഒക്കെയാണ് ഈ മേഖലയിൽ വിഹരിക്കുന്നത്.
കല… രാഷ്ട്രീയ, സാമൂഹ്യ, സിനിമ… അങ്ങിനെ സമസ്തമേഖലകളിലും ഉണ്ട് സാറേ എന്റെ സഹോദരങ്ങൾ.
ഒരു പയ്യൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് അറിഞ്ഞാൽ ഉടനെ പ്രൊഡ്യൂസറെ വിളിച്ച് അത് മുടക്കാൻ ഒരു ത്വര വരും…
രണ്ട് അയൽക്കാർ വലിയ സൗഹൃദത്തിൽ ആണെന്നിരിക്കട്ടെ, അവരെ തമ്മിൽ തെറ്റിക്കാതെ എനിക്ക് ഉറക്കം വരില്ല. ടെലിവിഷനിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അനിമൽ പ്ലാനറ്റ് ഒക്കെയാണ്.
പുലി മാനിന്റെ പിറകെ ഓടുന്നത് കാണുമ്പൊ എനിക്കങ്ങു കുളിരുകോരും. മാൻ രക്ഷപ്പെട്ടാൽ എനിക്ക് പുലിയോട് കലിയാണ്. പത്രമെടുത്താൽ ചരമ പേജ് തന്നെ നോക്കണം.
ഇനി 500 കോടി വർഷം കഴിഞ്ഞാൽ സൂര്യൻ കത്തി തീരുമെന്നും ഭൂമി അതോടെ അവസാനിക്കുമെന്നും ഒരു ന്യൂസ് കണ്ടു. സന്തോഷം കാരണം അന്ന് എനിക്ക് ഉറങ്ങാൻ പറ്റിയില്ല ഡോക്ടറെ. എന്തായാലും അതിനൊക്കെകൂടി നല്ല മരുന്നാണ് ഡോക്ടറെ കിട്ടിയത്…
ങ്ങാ ബാക്കി പറയാം
അന്ന് ഡിവൈ.എസ്.പിയുടെ അനിയനെ കണ്ടു സന്തോഷത്തോടെ വീട്ടിൽ വന്നു. രാത്രി ചിക്കൻ ബിരിയാണി കഴിക്കാൻ തുടങ്ങുകയായിരുന്നു. ബെൽ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ ഉണ്ട് ഞങ്ങളുടെ നഗറിലെ ഒരു സംഘം ആൾക്കാർ. ന്യൂ… മിഡിൽ… ഓൾഡ് അങ്ങനെ എല്ലാ ജനറേഷനും ഉണ്ട്. അവർ എന്നെ ഒരു വീഡിയോ കാണിച്ചു സാറേ. ഡിവൈ.എസ്.പിയുടെ അനിയനോട് ഞാൻ കാര്യങ്ങൾ സംസാരിക്കുന്നത്.. കല്യാണാലോചന വന്നപ്പോൾ തന്നെ ഒരു കുഴപ്പക്കാരൻ പ്രശ്നം ഉണ്ടാക്കുമെന്നും ആളിനെ കണ്ടുപിടിക്കാൻ സഹായിക്കണമെന്നും പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. കുഴപ്പക്കാരൻ റൂട്ട് പിടിച്ച് അനിയന്റെ അടുത്തെത്തുമെന്ന് അവർ ഊഹിച്ചു. അനിയൻ പോക്കറ്റിൽ ക്യാമറ ഉള്ള പേന വച്ചിരുന്നു ഡോക്ടറെ. മോഡേൺ ടെക്നോളജി വിനാശങ്ങൾ ഉണ്ടാക്കും എന്ന് പറയുന്നത് വെറുതെയല്ല. പിന്നെ അവിടെ നടന്നതാണ് ഡോക്ടറെ സാക്ഷാൽ കാളിയമർദ്ദനം. ശ്രീകൃഷ്ണൻ പണ്ട് പാമ്പിന്റെ തലയ്ക്കു ചവിട്ടി ഡാൻസ് കളിച്ചല്ലോ. അതുപോലുള്ള താണ്ഡവനൃത്തം ആയിരുന്നു.
രണ്ട് അടി കിട്ടിയപ്പോൾ തന്നെ ഞാൻ ശ്വാസം പിടിച്ചു മരിച്ചത് പോലെ അഭിനയിച്ചു കിടന്നു. മഹാപാപികൾ പക്ഷേ എന്റെ മനഃശാസ്ത്രം എല്ലാം മനസ്സിലാക്കിയിരുന്നു ഡോക്ടറെ.
ഭാര്യ തടയാൻ വന്നപ്പോൾ പെങ്ങൾ ക്ഷമിക്കണം പെങ്ങളുടെ ഭർത്താവ് നന്നാകാൻ വേണ്ടിയാണ് എന്ന് പറഞ്ഞിട്ടാരുന്നു അടി… ഞാൻ നന്നായി ഡോക്ടറെ. ഇതിലും നന്നായി നന്നാകാൻ വേറെ ആർക്കും പറ്റാത്ത തരത്തിൽ നന്നായി. വേണമെങ്കിൽ കുറച്ചൂടെ നന്നാവാം ഡോക്ടറെ…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker