KeralaNEWS

അതിജീവനത്തിന്റെ കരുത്തുമായി ജുമൈല; മലപ്പുറത്തെ ഹെവി ലൈസന്‍സുള്ള ആദ്യ യുവതി

മലപ്പുറം: ഹെവി ലൈസന്‍സുള്ള മലപ്പുറം ജില്ലയിലെ ആദ്യ വനിതയായതിന്റെ സന്തോഷത്തിലാണ് മാറാക്കര മരുതന്‍ചിറയിലെ ഓണത്തുകാട്ടില്‍ ഹാരിസിന്റെ ഭാര്യ ജുമൈല. അതിജീവനത്തിന്റെ കരുത്തുണ്ട് വളയം പിടിക്കുന്ന 39 കാരിയായ ജുമൈലയുടെ കൈകള്‍ക്ക്. കുട്ടിക്കാലത്ത് ചിറകു മുളച്ച സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണിതെന്ന് ജുമൈല പറയുന്നു.

കുട്ടിയായിരിക്കേ സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ വണ്ടിയോടിക്കുന്നത് കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ഡ്രൈവര്‍ വളരെ ലാഗവത്തോടെ ഗിയര്‍ മാറ്റലും, ക്ലച്ചും ബ്രേക്കും ആക്‌സിലറേറ്റര്‍ മാറ്റുന്നതുമെല്ലാം അന്താളിച്ച് നോക്കി നിന്നിട്ടുണ്ട്. അന്ന് മനസ്സില്‍ കയറി കൂടിയതാണ് വളയം പിടിക്കാനുള്ള മോഹം. പിന്നീട് കല്ല്യാണ ശേഷം ഭര്‍ത്താവിന്റെ പിന്തുണയോടു കൂടി 2009ല്‍ ഫോര്‍ വീലര്‍ ലൈസന്‍സ് നേടി.

മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയറായി ജോലി തുടങ്ങിയതോടെ വാഹനത്തില്‍ ഡ്രൈവര്‍ ഇല്ലാത്ത സമയങ്ങളില്‍ അതിന്റെ ഡ്രൈവറായി മാറുകയും ചെയ്തു. ഡലീഷ്യ എന്ന യുവതി ടാങ്കര്‍ ലോറി ഓടിക്കുന്നതു സമൂഹമാധ്യമം വഴി അറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് ഹെവി ലൈസന്‍സ് സ്വന്തമാക്കണമെന്ന മോഹം. ചങ്കുവെട്ടിയിലെ ഡ്രൈവിങ് സ്‌കൂളിലെ ബസില്‍ ഒരു ദിവസം പരിശീലനം നടത്തി.

തുടര്‍ന്ന് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഹെവി ലൈസന്‍സും സ്വന്തമാക്കി. ഇപ്പോള്‍ ലോറിയടക്കം ജുമൈല ഓടിക്കും. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച വനിതകളെ പൂര്‍ണതോതില്‍ വാഹനം ഓടിക്കാന്‍ പരിശീലിപ്പിക്കുകയാണിപ്പോള്‍ ജുമൈല. അടുത്തത് ഇനി ടാങ്കര്‍ ലോറി ഓടിക്കണം. ലൈസന്‍സ് നേടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. മക്കളായ ഫാത്തിമ റിന്‍ഷ, ഫാത്തിമ ഗസല്‍, അയിഷ എന്നിവര്‍ പൂര്‍ണ്ണ പിന്തുണയുമായി ജുമൈലയുടെ കൂടെയുണ്ട്.

Back to top button
error: