KeralaNEWS

വൃക്കമാറ്റം ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവം അസി.കമ്മീഷണർ അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റ ശസ്ത്രക്രിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ച സംഭവം കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഒരുകേസും ഒരു പരാതിയുമാണ് പൊലീസിലുള്ളത്.

മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്കെതിരായ ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ല. ഇവ രണ്ടുമാണ് അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കുക. മെഡിക്കൽ കോളേജ് പൊലീസിന്‍റെ അന്വേഷണ ഫയലുകൾ അസിസ്റ്റന്‍റ് കമ്മീഷണർ ഹരികുമാറിന് കൈമാറും. പോസ്റ്റുമോർട്ടം അന്തിമ റിപ്പോ‍ർട്ട് ഇനിയും വൈകും. രണ്ട് ഡോക്ടരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കെജിഎംസിടിഎ.

എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക്കമരണം സംഭവിച്ച ആളുടെ വൃക്കയുമായി ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ എത്തിയത് ഞായറാഴ്ച വൈകീട്ട് 5.33 നാണ്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിൽ നിന്നുള്ള ഡോക്റുമുണ്ടായിരുന്നു. ഗ്രീൻ ചാനൽ വഴി മൂന്ന് മണിക്കൂ‌ർ കൊണ്ടാണ് അവയവമെത്തിച്ചത്.

പക്ഷേ മെഡിക്കൽ കോളേജാശുപത്രിയിൽ അവയവമെത്തിച്ച സമയത്ത് വേണ്ടത്ര മുന്നൊരുക്കങ്ങളുണ്ടായില്ലെന്നാണ് പരാതി. അവയവം എങ്ങോട്ട് മാറ്റണമെന്നതിലടക്കം ആശയക്കുഴപ്പമുണ്ടായി. ഓപ്പറേഷൻ തിയേറ്റർ തുറക്കാൻ ഇരുപത് മിനുട്ടോളം വൈകി. കാരക്കോണം സ്വദേശി സുരേഷ് കുമാറിൽ വൃക്ക വെച്ച് പിടിപ്പിക്കുന്നത് എട്ടുമണിയോടെ മാത്രമെന്നാണ് പരാതി.

അതേ സമയം ശസ്ത്രിക്രിയക്ക് കാലതാമസം ഉണ്ടായെന്ന പരാതി ആശുപത്രി അധികൃതർ തള്ളി. അവയവമെത്തിക്കഴിഞ്ഞ ശേഷവും രോഗിയുടെ നില ഗുരുതരമായിരുന്നു. ഏഴ് മണിക്ക് ഡയാലിസിസ് പൂർത്തിയാക്കിയശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയെന്നാണ് വിശദീകരണം. രോഗിയുടെ ഗുരുതരസ്ഥിതി ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.

സംഭവം വിവാദമായതോടെയ ആരോഗ്യമന്ത്രി ഡ്ടൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ വിളിച്ചുവരുത്തി. അന്വേഷണത്തിന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സുരേഷ് കുമാറിൻറെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലും അവയവമെത്തിയിട്ടും ആശുപത്രിയിലുണ്ടായ ആശയക്കുഴപ്പം അധികൃതർക്ക് ഇതുവരെ വിശദീകരിക്കാനായിട്ടില്ല

Back to top button
error: