KeralaNEWS

സി.പി.എം അടിമുടി മാറുന്നു; ഇന്ത്യന്‍ ജനാധിപത്യ പാര്‍ട്ടിയായി പുതിയ പരിണാമം

വർത്തമാനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ് )യിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ആശയപരമായ പരിണാമത്തെ ഗുണപരമായി വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ വി.ആർ അജിത് കുമാർ

സി.പി.എം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുഗുണമായ ഒരു ജനാധിപത്യ പാര്‍ട്ടിയായി മാറുകയാണ്. ഈ മാറ്റം സ്വാഗതാര്‍ഹമാണ്. കമ്മ്യൂണിസവും ആദര്‍ശവും എത്തിക്‌സും ഒക്കെ മുറുകെ പിടിച്ചും ലോകത്തൊട്ടാകെ കമ്മ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ സഞ്ചരിക്കുന്ന പാതകള്‍ പഠിച്ച് അതിനൊപ്പം നീങ്ങാം എന്ന് സ്വപ്‌നം കണ്ടും നടന്നുനടന്ന് പാര്‍ട്ടി ക്ഷീണിച്ചു. സി.പി.ഐയാകട്ടെ വെന്റിലേറ്ററിലാണ്. അടുത്തുള്ള കിടക്ക അന്വേഷിക്കേണ്ട അവസ്ഥയിലായിരുന്നു സിപിഎം.

ഈ സാഹചര്യത്തിലാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ പിണറായി ഇന്ത്യന്‍ സി.പി.എമ്മിന്റെ ഏകശബ്ദമായി മാറിയത്. അത് കേരളത്തില്‍ ഗുണം ചെയ്തു.
മറ്റു സംസ്ഥാനങ്ങളിലും ഈ പരിണാമം പ്രസ്ഥാനത്തിന് ഉണര്‍ന്നെഴുനേല്‍ക്കാന്‍ സഹായിക്കും.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരണപക്ഷത്താണ് സി.പി.എം എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

സ്വാതന്ത്യസമരത്തെ വളരെ വൈകിയെങ്കിലും അംഗീകരിക്കാന്‍ സി.പി.എം തയ്യാറായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആയാറാം ഗയാറാമിനെ കൈനീട്ടി സ്വീകരിക്കുകയും പഴയ കാലത്തെപോലെ പുറത്തുപോകുന്നവനെ ഉന്മൂലനം ചെയ്യലുമൊക്കെ വേണ്ടെന്നു വയ്ക്കാനും പാര്‍ട്ടി തയ്യാറായിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയുടെ മാറ്റമൊക്കെ അംഗീകരിക്കാനും കോണ്‍ഗ്രസിലെ പ്രധാന നേതാക്കളായ പി.എസ് പ്രശാന്തിനെയും കെ.പി അനില്‍ കുമാറിനെയും കൈനീട്ടി സ്വീകരിച്ചതും പാലക്കാട്ടെ എ.വി ഗോപിനാഥിനായി ചുവപ്പു പരവാതാനി വിരിച്ചതുമൊക്കെ ജനാധിപത്യത്തിന്റെ നല്ല ലക്ഷണങ്ങളാണ്. യൂസഫ് അലി, രവി പിള്ള തുടങ്ങി കേരളത്തിന് അഭിമാനിക്കാവുന്ന ബിസിനസ് രാജാക്കന്മാരുമായുള്ള സൗഹൃദവും മുതലാളി-തൊഴിലാളി ബന്ധത്തില്‍ അനാവശ്യമായ തൊഴിലാളി സ്‌നേഹം ഒഴിവാക്കിയതും തൊഴിലാളികളെ മര്യാദക്കാരാക്കി മാറ്റിയതുമൊക്കെ തൊഴിലാളി വിപ്ലവം പ്രായോഗികമല്ല എന്ന തികഞ്ഞ ബോധ്യം കൊണ്ടാണ്.

കെ.എം മാണിയുടെ മകന്റെ പാര്‍ട്ടിയെ ഇടതുസഖ്യത്തിന്റെ ഭാഗമാക്കിയതും തെന്നിയും തെറിച്ചും വരുന്ന എല്ലാ പ്രസ്ഥാനങ്ങളെയും ചില്ലറ അധികാരസ്ഥാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുന്നതും ഈ നയം മാറ്റത്തിന്റെ ഭാഗമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ പാര്‍ട്ടിക്ക് ദോഷമാകുമ്പോള്‍ മാത്രം ഇടപെടാം എന്നതും ജനാധിപത്യ ക്രമം തന്നെയാണ്.
തകര്‍ന്നുകൊണ്ടിരിക്കുന്ന യു.ഡി.എഫില്‍ നിന്നും ഏത് സമയത്തും ഇപ്പുറത്തേക്ക് വരാവുന്ന മുസ്ലിലീഗിനെയും കൂടി ഒപ്പം കൂട്ടുന്നതോടെ ന്യൂനപക്ഷ സംരക്ഷണത്തിലും മതേതരത്വത്തിലും പാര്‍ട്ടിക്കുളള വിശ്വാസം ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താനും സി.പി.എമ്മിന് കഴിയും. ഈ സ്ട്രാറ്റജി നേരാംവണ്ണം വിജയിച്ചാല്‍ തെലങ്കാനയില്‍ തെലുഗുദേശം , ഒറീസയില്‍ ബിജു പട്‌നായിക് പാര്‍ട്ടി ഒക്കെപോലെ ദീര്‍ഘകാലം അധികാരത്തില്‍ തുടരാന്‍ ഇടതുപക്ഷത്തിന് കഴിയും. അത്ര ഇടതുപക്ഷമാല്ലാത്ത സി.പി.ഐയോടുള്ള ആജന്മ പക തീര്‍ത്ത് ആ പ്രസ്ഥാനത്തെ ഇല്ലാതാക്കുകയോ പുറത്തുചാടിക്കുകയോ ചെയ്യാനും ഈ സ്ട്രാറ്റജി ഉപകരിക്കും. ജ്യോതിബസുവിനെ പ്രധാനമന്ത്രി ആക്കാതിരുന്നതുള്‍പ്പെടെ എല്ലാ ജനാധിപത്യ വിരുദ്ധ തീരുമാനങ്ങള്‍ക്കും സി.പി.എമ്മില്‍ അവസാനമായി എന്നു കരുതാം. ഈ രീതി ആദ്യമെ സ്വീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ശേഷം ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റുകള്‍ മാറിയേനെ. ഏതായാലും ചരിത്രം ചികഞ്ഞിട്ട് കാര്യമില്ല. ഇന്നത്തെയും നാളത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനാധിപത്യപരമായി ശക്തമായിരിക്കും എന്നും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയും എന്നും കരുതാം.

ഈ മാതൃക സമര്‍ത്ഥമായി പിന്‍തുടരാന്‍ ബിജെപിക്ക് കഴിയുമെങ്കില്‍ അവര്‍ക്ക് കേരളത്തിലെ പ്രധാന പ്രതിപക്ഷമാകാനും കഴിയും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker