KeralaNEWS

അഭിനയകലയുടെ പെരുന്തച്ചൻ വിടപറഞ്ഞിട്ട് 9 വർഷങ്ങൾ

'ഉൾക്കടൽ' എന്ന ചിത്രത്തിലൂടെ 1979-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച തിലകൻ 1981-ൽ 'കോലങ്ങ'ളിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ക്യാരക്ടർ റോളുകളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്

മലയാള നാടക, ചലച്ചിത്രരം‌ഗത്തെ പെരുന്തച്ചൻ, തിലകൻ അരങ്ങൊഴിഞ്ഞിട്ട് 9വർഷങ്ങൾ. ഹൃദയാഘാതത്തെ തുടർന്ന് 2012 സെപ്റ്റംബർ 24-ന് അദ്ദേഹം വിടപറഞ്ഞു, 77മത്തെ വയസിൽ.

കേശവൻ- ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് റാന്നിക്കടുത്ത് അയിരൂരിലാണ് തിലകന്റെ ജനനം. മാതാപ്പാറ എൽപി സ്കൂൾ, മുണ്ടക്കയം സി എം എസ്, കോട്ടയം എം ഡി സെമിനാരി സ്‌കൂൾ, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

തിലകന്റെ കലാപ്രവർത്തനം സ്‌കൂൾ നാടകങ്ങളിലൂടെയാണ് ആരംഭിച്ചത്.
18ലേറെ പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായി പിന്നീട് അദ്ദേഹം വളർന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണമായും നാടക നടനായി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ‘മുണ്ടക്കയം നാടകസമിതി’ ആരംഭിച്ചു അദ്ദേഹം .

മുണ്ടക്കയം പ്രദേശത്തെ മിക്ക രാഷ്ട്രീയയോഗങ്ങളിലും ‘മുണ്ടക്കയം തിലക’ന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു അന്ന്. നോട്ടീസിലത് പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായ പി.ജെ.ആന്റണിയുടെ ‘ഞങ്ങളുടെ മണ്ണാണ്’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് നാടക സംവിധാന രംഗത്തേക്ക് തിലകൻ പ്രവേശിച്ചത്. 1966 വരെ കെ.പി.എ.സിയിലും തുടർന്ന് കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു.

‘ഉൾക്കടൽ’ എന്ന ചിത്രത്തിലൂടെ 1979-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു തിലകൻ. 1981-ൽ ‘കോലങ്ങ’ളിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ക്യാരക്ടർ റോളുകളിലേക്കും കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്.

ഏറ്റവും ഒടുവിൽ അഭിനയിച്ചത് ‘സീൻ ഒന്ന്- നമ്മുടെ വീട്’ എന്ന ചിത്രത്തിലാണ്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ പരസ്യമായി വിമർശിച്ചതിനെ തുടർന്ന് 2010-ൽ അദ്ദേഹത്തെ സംഘടനയിൽ നിന്നു പുറത്താക്കി. ഇത് വൻ വിവാദത്തിന് വഴിവച്ചിരുന്നു.

തയ്യാറാക്കിയത്: ഏബ്രഹാം വറുഗീസ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker