IndiaNEWS

ചരിത്രത്തെ മറയ്ക്കുന്ന ജാലവിദ്യ…

 

കേരളത്തില്‍ ഒരു കാലത്ത്‌ ഉണ്ടായിരുന്ന രണ്ട്‌ ദുരാചാരങ്ങളാണ്‌ മണ്ണാപ്പേടിയും പുലപ്പേടിയും. ചില പ്രത്യേക ദിവസങ്ങളില്‍ സവര്‍ണ സമുദായങ്ങളിലെ സ്‌ത്രീകള്‍ പുറത്തിറങ്ങിയാല്‍ താഴ്ന്ന സമുദായങ്ങളിലെ പുരുഷന്‍മാര്‍ അവരെ പിടിച്ച്‌ കൊണ്ട്‌ പോകുമെന്ന ഭയം. സ്‌ത്രീകളെ വീടുകളുടെ അകത്തളങ്ങളില്‍ തന്നെ തളച്ചിടാന്‍ ഒരുപക്ഷെ അന്നത്തെ
പുരുഷാധിപത്യ സമൂഹം കണ്ടുപിടിച്ച മാര്‍ഗമാകും ഇത്‌. ഇത്‌ പോലെ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്‌ ഇപ്പോള്‍ പള്ളിപ്പേടി എന്ന പുതിയ ഭയം പിടികൂടുകയാണോ എന്ന സംശയമാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിലെ ഇന്ത്യന്‍ മഹായുദ്ധത്തില്‍ പ്രശാന്ത്‌ രഘുവംശം അവതരിപ്പിച്ച സെന്‍ട്രല്‍ വിസ്‌തയുടെ കഥ കാണുമ്പോള്‍ തോന്നുന്നത്‌. നഗരാസൂത്രണത്തില്‍ ഇന്ത്യയിലെ
വിദഗ്‌ധരില്‍ ഒരാളായ കെ.ടി.രവീന്ദ്രനുമായുള്ള അഭിമുഖം കാണുമ്പോള്‍ ഇങ്ങനെയാണ്‌ ചിന്തിക്കാന്‍ തോന്നുന്നത്‌.
ബാബറി മസ്‌ജിദില്‍ പള്ളി പൊളിച്ചെങ്കില്‍ ഇവിടെ പള്ളിയെ പൊളിക്കാതെ മറയ്‌ക്കുന്ന ജാലവിദ്യയാണ്‌ കേന്ദ്രസര്‍ക്കാര്‍
നടത്താന്‍ പോകുന്നത്‌.

ഇന്ത്യയുടെ മുഖം മാറ്റാനെന്ന്‌ പറയപ്പെടുന്ന ഈ പദ്ധതി കൊണ്ടൊന്നും മുഖം മാറാന്‍ പോകുന്നില്ലെന്ന്‌ കെ.ടി.രവീന്ദ്രന്‍
തറപ്പിച്ച്‌ പറയുന്നു. നിലവിലെ പാര്‍ലമെന്റിന്റെ അലൈന്‍മെന്റ്‌ ചെന്ന്‌ മുട്ടുന്നത്‌ പ്രസിദ്ധമായ ജുമാമസ്‌ജിദിന്റെ താഴികക്കുടങ്ങളിലാണ്‌. പുതിയായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റിന്റെ അലൈന്‍മെന്റ്‌ ചെന്ന്‌ മുട്ടുന്നത്‌ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ
ഗോപുരത്തിലാണ്‌. ഇത്‌ തന്നെയാണ്‌ സെന്‍ട്രല്‍ വിസ്‌തയുടെ നിര്‍മ്മാണത്തിന്‌ പിന്നിലെ ചേതോവികാരം എന്ന്‌
കെ.ടി.രവീന്ദ്രന്‍ ലളിതമായി നമുക്ക്‌ പറഞ്ഞ്‌ തരുന്നു. പത്ത്‌ വര്‍ഷം മുമ്പ്‌ തന്നെ ഇതിനുള്ള പരിപാടികള്‍ ആസൂത്രണം
ചെയ്‌ത്‌ തുടങ്ങി എന്ന്‌ ഉറപ്പാണ്‌. അത്‌ പോലെ തന്നെ നെഹ്രുവിന്റെ സ്‌മരണകള്‍ നിലനില്‍ക്കുന്ന മന്ദിരങ്ങളും എല്ലാം
പൊളിച്ച്‌ നീക്കുന്നതോടെ ബി.ജെ.പി യുടെ ഈ ഗ്രാന്‍ഡ്‌ ഡിസൈനിന്‌ അന്തിമരൂപം കൈവരുന്നു. ലോകത്തെ ഏറ്റവും
വലിയ ജനാധിപത്യ രാജ്യത്തിലാണ്‌ ഇതൊക്കെ നടക്കുന്നത്‌ എന്ന്‌ കാണുമ്പോള്‍ ലജ്ജ തോന്നണം നമുക്ക്‌.
തിരുവനന്തപുരം നഗരത്തില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിച്ചതിന്‌ ശേഷം ഒരു കാലത്ത്‌ നാട്‌ ഭരിച്ചിരുന്ന ഒരു
പത്മനാഭ ദാസന്‍ പ്രതിമ സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം വഴി മരണം വരെ സഞ്ചരിച്ചിട്ടില്ലായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌.
ഭരണാധികാരികള്‍ക്ക്‌ പല പ്രതീകങ്ങളേയും ഭയമാണ്‌ എന്നാണ്‌ ഇതില്‍ നിന്ന്‌ നമ്മള്‍ മനസിലാക്കേണ്ടത്‌. ഓരോ
മന്ദിരത്തിനും അതിന്റേതായ ചരിത്രമുണ്ട്‌, സ്വത്വമുണ്ട്‌ . അതിനെയൊക്കെ തകര്‍ത്തിട്ടോ വഴിമാറി നടന്നിട്ടോ ഒന്നും
ചരിത്രം ചരിത്രമല്ലാതാകുന്നില്ല എന്നത്‌ പ്രപഞ്ചസത്യമാണ്‌. കേരളത്തിലും പുതിയ നിയമസഭ കോടികള്‍ മുടക്കി
നിര്‍മ്മിച്ചപ്പോള്‍ അതില്‍ കേരളീയ വാസ്‌തുശില്‍പ്പ ശൈലിയുടെ ഒരംശം പോലും കാണാന്‍ കഴിയില്ല എന്നത്‌
നമ്മളോര്‍ക്കണം. ഈയൊരു വിഷയം പ്രശാന്ത്‌ രഘുവംശം വളരെ ബോധ്യമാകുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌.

അത്‌ പോലെ തന്നെയാണ്‌ പഞ്ചാബിലെ ഭരണമാറ്റത്തെ കുറിച്ചുളള റിപ്പോര്‍ട്ടും ഏറെ ശ്രദ്ധേയമായി. നേതാവിനെ
മാറ്റിയത്‌ കൊണ്ട്‌ കോണ്‍ഗ്രസ്‌ പഞ്ചാബില്‍ ക്ലച്ച്‌ പിടിക്കുമോ എന്നത്‌ ചിന്തിക്കേണ്ട കാര്യമാണ്‌. രാജ്യത്ത്‌ കോണ്‍ഗ്രസിന്‌
ഭരണമുള്ള വെറും മൂന്ന്‌ സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ പഞ്ചാബ്‌. അവിടെയാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ മുഖ്യമന്ത്രിയെ
മാറ്റി കോണ്‍ഗ്രസ്‌ പുതിയ പരീക്ഷണത്തിന്‌ ഒരുങ്ങുന്നത്‌. അമരീന്ദര്‍സിംഗിന്റെ കളികള്‍ കോണ്‍ഗ്രസ്‌ കാണാനിരിക്കുന്നതേ
യുള്ളൂ.

ഹത്രാസിലെ ക്രൂരതക്ക്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നീതിക്കായി കാത്തിരിക്കുന്ന ഇരയായ പെണ്‍കുട്ടിയുടെ
കുടുംബത്തെ ഇന്ത്യന്‍ മഹായുദ്ധമെങ്കിലും ഓര്‍ത്തത്‌ നന്നായി. കാരണം നമ്മുടെ പല നേതാക്കള്‍ക്കും അതൊക്കെ
മറന്ന്‌ പോയ അധ്യായങ്ങളാണല്ലോ. ഉത്തര്‍പ്രദേശ്‌ പോലീസ്‌ ചുട്ടുകരിച്ച ഈ കേസിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ഇതിലൂടെ
നമ്മള്‍ കടന്ന്‌ ചെല്ലുകയാണ്‌.

എത്രയോ യുദ്ധങ്ങള്‍ കണ്ട ഭൂമിയാണ്‌ ഇന്ദ്രപ്രസ്ഥം. ഇന്ത്യന്‍ ദേശീയതയുടെ ഒരു പരിഛേദമാകാന്‍ ഏഷ്യാനെറ്റിന്റെ മഹായുദ്ധത്തിന്‌ എപ്പോഴും കഴിഞ്ഞിട്ടുണ്ട്‌. മഹായുദ്ധം നീതിക്ക്‌ വേണ്ടിയാണന്ന്‌ മാത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker