KeralaNEWS

ചെറുവള്ളി, വിമാനത്താവളത്തിന് അനുയോജ്യമെന്ന് സ്പെഷ്യൽ ഓഫീസർ വി. തുളസിദാസ്

ശബരിമല വിമാനത്താവളം സംബന്ധിച്ച് കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി. ജി. സി. എ) മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പതിവു സാങ്കേതിക നടപടി മാത്രമെന്നും ഇത് പദ്ധതിക്കു വിലങ്ങു തടിയാകില്ലെന്നും വ്യോമയാന രംഗത്തെ പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി തയാറാക്കി നല്‍കുമെന്ന് വിമാനത്താവള പദ്ധതി സ്‌പെഷന്‍ ഓഫിസര്‍ വി. തുളസീദാസ് അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ചെറുവള്ളിക്കു ലഭിച്ചത് പദ്ധതി മുന്നോട്ടുപോകുമെന്നതിനു തെളിവാണെന്നും തുളസീദാസ് പറഞ്ഞു. സ്ഥലം വിമാനത്താവളത്തിനു പറ്റിയതല്ല എന്നതിനു ഡി. ജി. സി. എ മൂന്ന് കാരണങ്ങളാണ് പറയുന്നത്.

1. റണ്‍വേയ്ക്ക് വീതി ഉറപ്പാക്കാന്‍ ആവശ്യമായ സ്ഥലമില്ലാത്തതിനാല്‍ മംഗളൂരു പോലെ ടേബിള്‍ ടോപ് റണ്‍വേയാക്കേണ്ടിവരും.

2. സമീപമുള്ള രണ്ട് ഗ്രാമങ്ങളെ ബാധിക്കും.

3. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ സാമീപ്യം ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള സിഗ്‌നലുകള്‍ ശബരിമല വിമാനത്താവളത്തിന്റെ പരിധിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.

പദ്ധതിക്ക് എതിരല്ലെന്ന് ഉടമസ്ഥര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍ 2500 ഏക്കര്‍ വിട്ടുകിട്ടാന്‍ പ്രയാസമില്ല. അതിനാല്‍ തന്നെ ടേബിള്‍ടോപ് റണ്‍വേ ഒഴിവാക്കാനാവും. ചതുരാകൃതിയിലാണ് വിമാനത്താവള ഭൂമിയുടെ കിടപ്പ്. ഇതാവാം ഡി.ജി.സി.എയുടെ എതിര്‍പ്പിന് കാരണം. നീണ്ടുനിവര്‍ന്ന ഭൂഘടനയാണ് റണ്‍വേയ്ക്ക് അനുയോജ്യം. സമീപ ഗ്രാമങ്ങളെ ബാധിക്കുമെന്ന വാദഗതിക്കും വലിയ പ്രസക്തിയില്ല. എസ്റ്റേറ്റിന് അടുത്ത പട്ടണം എരുമേലിയാണ്. ഇത് അഞ്ച് കിലോമീറ്റര്‍ അകലെയാണ്. സമീപ വിമാനത്താവളങ്ങളുടെ സിഗ്‌നല്‍ സംവിധാനത്തെ ബാധിക്കുമെന്ന കാര്യത്തിനും ആധുനിക കാലത്ത് പരിഹാരമുണ്ട്.

എയര്‍ സ്‌പേസ് അലോക്കേഷന്‍ ഡിസൈന്‍ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സിഗ്‌നല്‍ പ്രതിസന്ധിയെ മറികടക്കാമെന്നും സാങ്കേതിക വിദഗ്ദര്‍ പറയുന്നു. നാൽപ്പതു കിലോമീറ്ററിനുള്ളിലുള്ള ദുബായ് ഷാർജ എയർപോർട്ടുകൾ ഇതിന് ഉദാഹരണമാണ്.

ഡിജിറ്റല്‍ ഭൂരേഖകളോ ഉപഗ്രഹചിത്രങ്ങളോ ഉപയോഗിച്ചാവാം ഡി. ജി. സി. എ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അതിനാലാവാം ഇത്തരം വാദങ്ങളെന്നും സ്‌പെഷല്‍ ഓഫിസര്‍ വി. തുളസിദാസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker