CrimeNEWS

കോഴിക്കോട്ട് ദുരൂഹ കവര്‍ച്ച; തടഞ്ഞുനിര്‍ത്തി കാറും നാലുലക്ഷവും കവര്‍ന്നു: പരാതിയില്ലെന്ന് ഡ്രൈവര്‍

കോഴിക്കോട്: ബാങ്കില്‍നിന്ന് പണവുമായി മടങ്ങിയ ആളെ തടഞ്ഞ് കാറും പണവും ഉള്‍പ്പെടെ കവര്‍ന്നു. മാമ്പറ്റയിലാണ് പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് താമസിക്കുന്ന രണ്ട് പേര്‍ കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാല് ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് ഇവര്‍ എടുത്തതായാണ് വിവരം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തന്നെ കവര്‍ച്ച നടത്തിയ സംഘവുമായി പണം നഷ്ടപ്പെട്ടവര്‍ തര്‍ക്കിച്ചിരുന്നു. പിന്നീടാണ് കാറില്‍ ഇടിച്ച് പണം തട്ടലും മര്‍ദ്ദനവും ഉണ്ടായത്. കവര്‍ച്ചാ സംഘം കാറും പണവും തട്ടിയെടുത്തശേഷം പിന്നീട് മണാശേരിയില്‍ കാര്‍ ഉപേക്ഷിച്ചെന്നും പൊലീസിന് മനസിലാക്കാനായി.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് തട്ടിപ്പിന് ഇരയായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതി ഇല്ലെന്നുമാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. അക്രമത്തിലും കവര്‍ച്ചക്കും ഇരയായവര്‍ക്ക് പണം കവര്‍ന്ന സംഘവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുക്കം പൊലീസിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.

Back to top button
error: