CrimeNEWS

കൊച്ചിയെ വിറപ്പിച്ച അധോലോക നായകൻ കുടുങ്ങി, മരട് അനീഷിൻ്റെ ‘എ.എ.എ’ ബ്രാൻഡിന് പോലീസ് പിന്തുണയും

ആനക്കാട്ടിൽ അനീഷ് ആന്റണിയെന്ന അനീഷിന്റെ പൂർണനാമത്തിന്റെ ചുരുക്കരൂപമായ ‘എ.എ.എ’ എന്ന ബ്രാൻഡിലാണ് ഗ്യാങ്ങിൻ്റെ പ്രവർത്തനം. മാസ്ക്, തൊപ്പി, ടി-ഷർട്ട് എന്നിവയിലെല്ലാം ഈ ഗ്യാങ് ഉപയോഗിക്കുന്നു

കൊച്ചി: വാളയാർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാന്ന് പുറത്തുവരുന്നത്. കുഴൽപ്പണം കടത്ത്, കള്ളപ്പണം കവർച്ച, ഭൂമിനികത്തൽ എന്നു വേണ്ട തല്ലാനും കൊല്ലാനും ഉൾപ്പടെ എന്ത് അധോലോക ഇടപാടിനും അനീഷ് റെഡി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണ് മരട് അനീഷിന്. അതുകൊണ്ട് എല്ലാ ഇടപാടുകൾക്കും പോലീസിൻ്റെ ഒത്താശയുമുണ്ട്.

മരട് അനീഷിന്റെ ഗ്യാങ്‌ ഒരു ബ്രാൻഡ് എന്ന നിലയിൽ കൊച്ചിയിൽ കുപ്രസിദ്ധമാണെങ്കിലും ഔദ്യോഗിക തലത്തിൽ ഇത് കണ്ടിട്ടില്ലെന്ന് നടിക്കുകയാണ് പോലീസ് . ആനക്കാട്ടിൽ അനീഷ് ആന്റണിയെന്ന അനീഷിന്റെ പൂർണനാമത്തിന്റെ ചുരുക്കരൂപമായ ‘എ.എ.എ’ എന്ന ബ്രാൻഡിലാണ് പ്രവർത്തനം. മാസ്ക്, തൊപ്പി, ടി-ഷർട്ട് എന്നിവയിലെല്ലാം പ്രിന്റ് ചെയ്ത് ഈ ഗ്യാങ് ഉപയോഗിക്കുന്നു.

നെട്ടൂർ, കാക്കനാട് ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ റെസ്റ്റോറന്റുകളുണ്ട്. ഗ്യാങ്ങിലുള്ളവർക്ക് ഇവിടെനിന്ന് സൗജന്യ ഭക്ഷണം ലഭിക്കും. ഈ ഹോട്ടൽ ചുറ്റിപ്പറ്റിയാണ് എപ്പോഴും ഗ്യാങ് അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്വട്ടേഷൻലീഡർ എന്നാണ് മരട് അനീഷ് അറിയപ്പെടുന്നത്. ഒരു പോലീസ് ഉന്നതന്റെ ബിനാമി ഭൂമി നികത്താനുള്ള ക്വട്ടേഷൻ ഇപ്പോൾ അനീഷിൻ്റെ നേതൃത്വത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്.

പനങ്ങാട് ചാത്തമ്മ ജങ്ഷനിലാണ് വയൽ നികത്തുന്നത്. ഭൂമി നികത്തുന്നത് ഗുണ്ടാ നേതാവാണെന്ന വിവരം അറിഞ്ഞതോടെ മുന്നോട്ടുവച്ച കാൽ പിന്നോട്ടു വലിച്ചു നിൽക്കുകയാണ് നാട്ടുകാർ. റെവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്ത് പണി നിർത്തിച്ചു. പക്ഷേ പനങ്ങാട് പോലീസാകട്ടെ, ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഷെയറുള്ള ബിനാമി ഭൂമിയാണ് എന്നറിഞ്ഞതോടെ നടപടിയെടുക്കാതെ പിൻവലിഞ്ഞു. കാരണം നേരത്തെ ചിലർ ആവേശത്തോടെ ചാടിപ്പുറപ്പെട്ട് ‘പണി വാങ്ങി’യ കാര്യം അറിയാവുന്നതു കൊണ്ട് തന്നെ സ്വന്തം കുഴി തോണ്ടേണ്ടതില്ലെന്നാണ് പോലീസുദ്യോഗസ്ഥരുടെ മനോഭാവം.

മുമ്പ് കുമ്പളത്ത് നിലംനികത്തൽ തടഞ്ഞ എസ്.ഐ ഉൾപ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരെ മലബാറിലേക്ക് സ്ഥലം മാറ്റി. അന്ന് ഭൂമി നികത്തൽ തടഞ്ഞ പോലീസുകാരോട് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിട്ടാണ് ഭൂമി നികത്തുന്നതെന്ന് അറിയിച്ചു. എന്നാൽ, ആരു പറഞ്ഞാലും തടയുമെന്ന് നിലപാടിൽ ഉറച്ചു നിന്നുപോലീസ്‌. ഈ സംഭാഷണം റെക്കോഡ്‌ ചെയ്ത് പോലീസ് ഉന്നതന്റെ കാതുകളിൽ എത്തിച്ച ഉടൻ സ്ഥലംമാറ്റ ഓർഡർ വന്നു. ഇതിനു പിന്നാലെ പനങ്ങാട്, കുമ്പളം ഭാഗത്ത് ഗുണ്ടകളുടെ സാന്നിധ്യം ഉപയോഗിച്ച് വൻതോതിൽ ഭൂമി നികത്താനും തുടങ്ങി.

എറണാകുളം പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഒരോഫീസിലാണ് അനീഷിന്റെ ഡീലുകൾ ഉറപ്പിക്കുന്നത്. തിരുവാണിയൂർ ഭാഗത്ത് അനീഷിന് ഒരു രഹസ്യസങ്കേതം ഉണ്ടത്രേ.

തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന അനീഷിനെ വാളയാർ അതിർത്തിയിൽനിന്നാണ് പോലീസ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണെങ്കിലും എല്ലാ വലയും ഭേദിച്ച് ഈ ഗുണ്ടാനേതാവ് പുറത്തിങ്ങുന്നത് കാത്തിരിക്കുകയാണ് ഇയാളുടെ ഗ്യാങ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker