IndiaNEWS

അഗ്നിപഥ് പ്രതിഷേധം: രാത്രി വൈകി എ എ റഹീമിനെ വിട്ടയച്ചു, ഡിവൈഎഫ്ഐ പ്രവർത്തകരെ ദില്ലി പൊലീസ് വിട്ടില്ല

ദില്ലി: രാജ്യതലസ്ഥാനത്ത് അഗ്നിപഥ് പ്രതിഷേധത്തിന്‍റെ ഭാഗമായ ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എം പിയെ രാത്രി വൈകി വിട്ടയച്ചു. എന്നാൽ റഹീമിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ ഇനിയും ദില്ലി പൊലീസ് വിട്ടയച്ചില്ല. ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് ഒടുവിൽ എ എ റഹിം ഉൾപ്പെടെയുള്ളവരുടെ മെഡിക്കൽ പരിശോധന നേരത്തെ പൊലീസ് പൂർത്തിയാക്കി. ബാക്കിയുള്ള പ്രവ‍ർത്തകരെ എപ്പോ വിട്ടയക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

അതേസമയം എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ ദില്ലി പൊലീസ് സ്വീകരിച്ചത് ഹീനമായ നടപടിയാണ്. എംപിയെയും വനിതാ പ്രവർത്തകരെയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ എംപിമാര്‍ ആവശ്യപ്പെട്ടു.

ദില്ലിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐ ഉച്ചയോടെ നടത്തിയ പാർലമെന്‍റ് മാർച്ച് സംഘർഷഭരിതമായിരുന്നു. ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്‍റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. റഹീം പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു.

എല്ലാവരെയും അറസ്റ്റ് ചെയ്ത് ദില്ലിയിലെ ദ്വാരക സെക്ടർ 23 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ദില്ലിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസിൽ സഞ്ചരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മലയാളി മാധ്യമപ്രവർത്തകർക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായി. അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ വലിയ സുരക്ഷാ വിന്യാസമാണ് സ്ഥലത്തുള്ളത്.

Back to top button
error: