IndiaNEWS

സെക്കന്തരാബാദിലെ അക്രമം ആസൂത്രിതമെന്ന് ആര്‍.പി.എഫ്. റിപ്പോര്‍ട്ട്

ഹൈദരാബാദ്: അഗ്‌നിപഥിനെതിരെ തെലങ്കാനയിലെ സെക്കന്തരാബാദിലെ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ പ്രതിഷേധം ആസൂത്രിതമായിരുന്നുവെന്ന് ആര്‍.പി.എഫ്. റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ഒരു വിഭാഗം ആഹ്വാനം ചെയ്തതിരുന്നതായാണ് ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്.

ഇവര്‍ക്ക് ജോലി ലഭിച്ചേക്കില്ലെന്ന് ഉദ്യോഗാര്‍ത്ഥികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെതിരെ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

അക്രമാസക്തമായതോടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മരിച്ച വാറങ്കല്‍ സ്വദേശിയായ ഡി രാകേഷ് കായികക്ഷമത വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഇയാളുടെ സഹോദരി ബിഎസ് എഫ് സേനാംഗമാണ്. ട്രെയിനുകള്‍ക്ക് തീവെക്കുന്നതടക്കം വലിയ പ്രതിഷേധമാണ് സെക്കന്തരാബാദിലുണ്ടായത്. പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് 20 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് ആര്‍പിഎഫ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ ഗൂഢാലോചനയാണ് സെക്കന്തരാബാദിലെ പ്രതിഷേധത്തിന് പിന്നിലെന്ന വാദമാണ് ബിജെപിയും ഉയര്‍ത്തുന്നത്. രാജ്യത്ത് നടക്കുന്ന അഗ്‌നിപഥ് പ്രതിഷേധം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. അഗ്‌നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. യുവാക്കളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. പദ്ധതി അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം. അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ 3 വര്‍ഷം ഇളവ് നല്‍കാനും തീരുമാനമായി.

ഇതോടൊപ്പം ഈ വര്‍ഷം അഗ്‌നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസ്സിന്റെ ഇളവും ലഭിക്കും. ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും.

Back to top button
error: