Column

ഹീറോ

കണ്ണീരുകൊണ്ടൊരു കഥ: ജിതേഷ് മംഗലത്ത്

“അച്ഛാ”

“ഉം”

“കുറേ ദിവസായല്ലോ അച്ഛനെനിക്കൊരു കഥ പറഞ്ഞു തന്നിട്ട്. ഇന്നേലും ഒരു കഥ പറഞ്ഞു തര്വോ…?”

“ഇന്നെന്താ ദിനൂസേ പ്രത്യേകത?”

“ഒന്നൂല്ല”

ഒരൽപ്പം സീരിയസാണല്ലോ ടോൺ. ഞാൻ പതുക്കെ സ്ഥിരം പല്ലവി തുടങ്ങി.

“ഒരിടത്തൊരിടത്തൊരിടത്ത്…..”

“ഒരു രാജകുമാരൻ ണ്ടായിരുന്നൂന്നല്ലേ അച്ഛാ?”

“അതെ”

“ദ് വേണ്ടച്ഛാ”

“എന്തു പറ്റിയെടാ?”

“ഇങ്ങനത്തെ എത്ര കഥയാ…?”

“ന്നാ മൃഗങ്ങടെ കഥ പറയട്ടെ?”

“വേറെയെന്തെങ്കിലും?”

എന്തു പുതിയ കഥയാണ് ഇനി പറയാനുള്ളത്…?

“ഇന്ന് അച്ഛൻ അച്ഛന്റെ കുട്ടിക്കാലത്തെ ഏതേലും കഥ പറയ്യോ?”

“അത്ര കഥയുള്ള കുട്ടിക്കാലമൊന്നുമായിരുന്നില്ല അച്ഛന്റെ…”

“കഥകളില്ലാത്ത കുട്ടികളൊന്നുണ്ടാവില്ലച്ഛാ. അച്ഛനൊന്നാലോചിച്ചു നോക്ക്യേ…”

“ഉം”

“അച്ഛാ, പിന്നൊരു കാര്യണ്ടേ. അച്ഛൻ ഹീറോ ആവണ നുണക്കഥയൊന്നും ഉണ്ടാക്കിപ്പറയണ്ട ട്ടോ…”

വൃത്തി കെട്ടവൻ! സ്വന്തം തന്തേടെ ‘ഓസം ചൈൽഡ് ഹുഡി’നെ വിശ്വാസമില്ലാത്ത ഇവനോടൊക്കെ കഥപറയാൻ നിൽക്കണ എന്നെ വേണം തല്ലാൻ.

“ഒരു കഥ പറയാം”

“പറ”

“അച്ഛൻ സ്കൂളീ പഠിക്കണ കാലാണ്. വലുതായിട്ടൊന്നുമില്ലേലും അത്യാവശ്യം കുസൃതിയൊക്കെ അച്ഛനുമുണ്ടാരുന്നു. അന്ന് അച്ഛന്റെ ക്ലാസിലൊരു വിശ്വനാഥനുണ്ടായിരുന്നു. വിശ്വനാഥനെ അച്ഛന് തീരെ ഇഷ്ടമില്ലാരുന്നു. അച്ഛന്റെ മോശം സ്വഭാവായിരുന്നു അത്.”

“അതെന്താ അച്ഛന് ആളെ ഇഷ്ടല്യാതിരുന്നത്…?”

“അവന് വർഷത്തിൽ പന്ത്രണ്ട് മാസോം മൂക്കൊലിപ്പുണ്ടാവും. അതും പോരാഞ്ഞ് ദിവസോം തലേല് എണ്ണേം തേച്ച്, അത് നെറ്റീലോട്ട് ഒലിച്ച്… എനിക്ക് ആകെ അറപ്പ് തോന്നും. വിശ്വനാഥന് അച്ഛനില്ലായിരുന്നു. ആകെ ഉള്ളത് ഒരമ്മേം, പെങ്ങളും. രണ്ടു ദിവസം അവനെക്കണ്ടാൽ അടുത്ത മൂന്ന് നാൾ കാണില്ല. അങ്ങനെ കുറച്ചീസം അവനെ കണ്ടില്ലേലും മാഷ്മ്മാര്ക്ക് ഒരു പ്രശ്നവൂല്യ. അവരവനെ ഒന്നു ചീത്ത പറയുക കൂടിയില്ല. അവനോട് ദേഷ്യം തോന്നാൻ വേറെ കാരണം വല്ലോം വേണോ? അച്ഛനു മാത്രല്ല, ഉള്ളി കക്ഷത്തിലു വെച്ച് ഇല്ലാത്ത പനി ഉണ്ടെന്നു വരുത്തി ലീവൊപ്പിക്കണേന് കുഞ്ഞൂട്ടൻ മാഷിന്റേന്ന് ചീത്ത കേക്കണ കുട്ട്യോൾക്കൊക്കെയും അവനോട് ദേഷ്യായിരുന്നു. ഉച്ചയ്ക്കു കളിക്കാൻ ഗ്രൗണ്ടില് വരുമ്പോ കളിക്കാൻ കൂട്ടാതിരിക്കാം എന്നു വിചാരിച്ചാൽ അവൻ കളിക്കാൻ വരുന്ന കൂട്ടത്തിലേ അല്ല. ഇനി പരീക്ഷയ്ക്ക് ഉത്തരപേപ്പർ കാണിച്ചുകൊടുക്കാതെ ദേഷ്യം പ്രകടിപ്പിക്കാൻ നോക്കാന്നു വെച്ചാൽ അവൻ പരീക്ഷയൊന്നും മൈൻഡ് ചെയ്യാറൂല്യ. മിണ്ടാതിരിക്കാൻ നോക്കിയാലോ? അവനതൊന്നും വല്യ പ്രശ്നല്ല. അവനെ എങ്ങനെ വിഷമിപ്പിക്കാമെന്നു നോക്കീട്ട് അച്ഛനും, കൂട്ടുകാർക്കും ഒരൈഡിയേം കിട്ടീല. പോകെപ്പോകെ ഞങ്ങക്ക് വിഷമായി. അങ്ങനെ കുറച്ചീസം പോയപ്പോ പ്രമോദാണ് ഒരു കാര്യം കണ്ടുപിടിച്ചത്.
“വിശ്വനാഥന്റെ ഊണ് ചോറല്ല…!”
ഒരു മണിക്ക് ബെല്ലടിച്ചാൽ അഞ്ചു മിനിറ്റോണ്ട് ഊണും തീർത്ത് ഗ്രൗണ്ടിലേക്കോടുന്ന തിരക്കിൽ ആര് എന്തു കൊണ്ടുവരുന്നൂന്ന് ആരു നോക്കുന്നു?
ഞങ്ങൾ പ്രമോദിനോട് ചോദിച്ചു, പിന്നെന്താ കൊണ്ടുവരുന്നേന്ന്. അപ്പോ അവൻ പറഞ്ഞു ഇടയ്ക്ക് പൂളക്കിഴങ്ങ്, കപ്പയേ… അല്ലെങ്കില് ഇച്ചിരി അവലെന്ന്. രണ്ടു ദിവസം കഴിഞ്ഞു. മൂന്നാമത്തെ പിരീഡ് നളിനിടീച്ചറില്ലാത്തോണ്ട് ഞങ്ങൾ കുറേപ്പേര് കളിക്കാൻ പോയി. ദാഹിച്ച് തിരിച്ചെത്തിയപ്പോൾ ക്ലാസിൽ വിശ്വനാഥനില്ല. ബട്ടൻസ് പൊട്ടിയ അവന്റെ സഞ്ചിയുണ്ട് ഡെസ്ക്കില് കിടക്കുന്നു. മണികണ്ഠനാന്നു തോന്നുന്നു ‘നമുക്കതു തുറന്നു നോക്കാ’ന്നു പറഞ്ഞത്. നോക്കിയപ്പോ കുറേ ചപ്രപ്പുസ്തകങ്ങളുണ്ട്, പിന്നെ മൂടു ചളുങ്ങിയ ഒരു ചോറ്റുതട്ടും. മണി അതു തുറന്നു. രണ്ടു കഷണം കപ്പ പുഴുങ്ങിയതുണ്ട്. ‘ഒരൈഡിയ ഉണ്ടെ’ന്നും പറഞ്ഞ് അവനതെടുത്ത് അവന്റെ പാത്രത്തിൽ കൊണ്ടിട്ടു. എന്നിട്ടാ തട്ടടച്ച് സഞ്ചീൽ തന്നെ വെച്ചു. അന്ന് ഉച്ചയ്ക്ക് ഞങ്ങളാരും കളിക്കാൻ പോയില്ല. പാത്രം തുറക്കുമ്പോൾ ഇളിഭ്യനാവുന്ന വിശ്വനാഥന്റെ മുഖം കണ്ട് ഉറക്കെ ചിരിക്കുക എന്നതാരുന്നു ലക്ഷ്യം. അങ്ങനെ അവൻ സഞ്ചി തുറന്നു. ഞങ്ങളെല്ലാം ഊണ് കഴിക്കുന്നതു നിർത്തി അവനെ നോക്കി. എന്തായിരിക്കും അവന്റെ മുഖഭാവം എന്നായിരുന്നു ഞങ്ങടെ കൗതുകം. പാത്രം തുറന്ന അവന്റെ മുഖമൊന്നു വാടിയോ? അച്ഛനോർമ്മയില്ല. പക്ഷേ വേറൊന്നോർമ്മയുണ്ട്. അവൻ പതുക്കെ പാത്രം ഡെസ്കിന് താഴെയ്ക്കാക്കി ഭക്ഷണം കഴിക്കുന്നതു പോലെ ആംഗ്യം കാണിക്കാൻ തുടങ്ങി. അച്ഛനൊരുരുള തൊണ്ടയിൽ കുരുങ്ങി. അഞ്ചെട്ടു മിനിറ്റു കഴിഞ്ഞപ്പോ അവൻ പാത്രം കഴുകാനായി കിണറ്റിൻ കരയിലേക്കു നടന്നു. പിന്നാലെ പോയി അവനോട് ഒക്കെ പറയണമെന്ന് അച്ഛനു തോന്നി. പക്ഷേ കുഞ്ഞൂട്ടൻ മാഷടെ തടിച്ച കൈവിരലോർത്തപ്പോ പേടിയായി. അച്ഛനൊന്നും മിണ്ടാതിരുന്നു. ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോ, വിശ്വനാഥൻ ടി.സിയും വാങ്ങി എങ്ങോട്ടോ പോയി. അതീപ്പിന്നെ ജീവിതത്തില് എന്തു മോശം കാര്യം സംഭവിച്ചാലും അച്ഛൻ കരുതും, ഇതിനേക്കാളും മോശം കാര്യം അച്ഛൻ അർഹിക്കണുണ്ടെന്ന്.”

ഞാൻ പറഞ്ഞു നിർത്തി.
അവനൊന്നും മിണ്ടുന്നില്ല. നിശ്ശബ്ദത മാത്രം. ഞാനവനെ നോക്കി. അവന്റെ മിഴിക്കോണിൽ ഒരു ജലകണം അണപൊട്ടിയൊഴുകാൻ വിതുമ്പി നിൽക്കുന്നു. ഞാനവനെ വെറുതെ കെട്ടിപ്പിടിച്ചു. എന്നിട്ട് സ്വകാര്യമായി ആ ചെവിയിലിങ്ങനെ മന്ത്രിച്ചു:

“ഡോ,ഇക്കഥേല് അച്ഛൻ ഹീറോ അല്ലാട്ടോ, സമാധാനായോ?”

കുഞ്ഞിക്കൈകൾകൊണ്ട് എന്റെ കഴുത്ത് വരിഞ്ഞുമുറുക്കി അവൻ പറഞ്ഞു:

“പക്ഷേ എന്റെ ഹീറോ എപ്പഴും അച്ഛൻ തന്ന്യാ”

ഒരു മഴക്കോളിലും, സ്നേഹക്കോളിലും ഞാൻ അടിമുടി വിറച്ചുനിന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker