Opinion

അജയൻ്റെ ‘മാണിക്യക്കല്ലി’ന് പ്രിയദർശൻ പാരവച്ചോ…?

"ഇതിനിടയിൽ എം.ടി സാർ ഇങ്ങനെ ഒരു തിരക്കഥ എഴുതിയ കാര്യം സിനിമ ഫീൽഡിൽ പാട്ടായിരുന്നു. മോഹൻലാൽ ഈ തിരക്കഥ എന്നോട് ചോദിച്ചു. ഞാൻ കൊടുത്തില്ല. എനിക്ക് തന്നെ 'മാണിക്യക്കല്ല്' ചെയ്യണം എന്ന വാശിയിൽ ഞാൻ ഉറച്ചു നിന്നു..."

‘പെരുന്തച്ചന്‍’ എന്ന ക്ലാസിക് ചിത്രത്തിലൂടെ മലയാള സിനിമാ സംവിധായകരുടെ മുൻനിരയിലെത്തിയ പ്രതിഭയാണ് അജയൻ.

ഒരേ ഒരു സിനിമയില്‍ മാത്രം ഒതുങ്ങിപ്പോയ കലാസപര്യ. എന്തുകൊണ്ടാണ് അദ്ദേഹം മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാതിരുന്നത്…?
സിനിമാരംഗത്തെ ചതിയുടേയും അധോലോക അട്ടിമറികളുടെയും നേർസത്യങ്ങള്‍ വെളിപ്പെടുത്തുന്നു, അജയന്റെ ആത്മകഥ ‘മകുടത്തില്‍ ഒരു വരി ബാക്കി’യിൽ.
എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ‘മാണിക്യക്കല്ല്’ എന്ന ചിത്രം സംവിധാനം ചെയ്യണം എന്ന സ്വപ്നവുമായാണ് തോപ്പില്‍ഭാസിയുടെ മകൻ അജയന്റെ സിനിമാ പ്രവേശം.
“കോഴിക്കോടുള്ള എം.ടി സാറിൻ്റെ വീട്ടിൽ എത്തി അദ്ദേഹത്തെ കണ്ടു. ‘ഞാൻ കൊച്ചുന്നാൾ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന കഥയാണ് മാണിക്യക്കല്ല്. എനിക്കത് സിനിമയാക്കണം. സാർ തന്നെ തിരക്കഥ എഴുതണം’ എന്നു പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ അതേറ്റു. 5000 രൂപ ദക്ഷിണയായി കൊടുത്തു.
എം.ടി സാർ തിരക്കഥ എഴുതുന്നത് പ്രത്യേകമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടാണ്. വിഷയവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങൾ വായിക്കും, ഗവേഷണം നടത്തും…

ഞാൻ എം.ടി സാറിന് 25000 രൂപ കൊടുത്തു. ‘മാണിക്യക്കല്ല്’ എന്ന തിരക്കഥ മലയാളഭാഷയിൽ മാത്രം ചെയ്യുക എന്നു രേഖപ്പെടുത്തി അദ്ദേഹം എനിക്ക് അതിൻ്റെ അവകാശം തന്നു..”
അജയൻ പറയുന്നു.
എന്നാൽ ആദ്യം അജയൻ സംവിധാനം ചെയ്തത് ‘പെരുന്തച്ച’നാണ്. അതിൻ്റെ രചനയും എം.ടി തന്നെ.


പക്ഷേ ഒരു നിധിപോലെ ‘മാണിക്യക്കല്ലി’ൻ്റെ തിരക്കഥ ഹൃദയത്തോടു ചേർത്തു പിടിച്ചു കൊണ്ടുള്ള ഒരു യാത്രയായിരുന്നു അജയൻ്റെ ചലച്ചിത്ര ജീവിതം.

“സ്ക്രിപ്റ്റുമായി ഞാൻ മദ്രാസിൽ പോയി. അവിടെ ബാബു എന്ന റിയൽഎസ്റ്റേറ്റ് ബിസിനസുകാരൻ ഈ പടം ചെയ്യാനായി മുന്നോട്ടുവന്നു. നിർഭാഗ്യവശാൽ അയാൾക്ക് ഒരു ആക്സിഡൻറ് പറ്റി. എം.ടി സാർ ഇങ്ങനെ ഒരു തിരക്കഥ എഴുതിയ കാര്യം സിനിമ ഫീൽഡിൽ അപ്പോഴേക്കും പാട്ടായിരുന്നു. മോഹൻലാൽ ഈ തിരക്കഥ എന്നോട് ചോദിച്ചു. ഞാൻ കൊടുത്തില്ല. എനിക്ക് തന്നെ ‘മാണിക്യക്കല്ല്’ ചെയ്യണം എന്ന വാശിയിൽ ഞാൻ ഉറച്ചു നിന്നു….”

ഇതിനിടെ ‘മാണിക്യക്കല്ല്’ നിര്‍മ്മിക്കാൻ ഗുഡ്നൈറ്റ് മോഹന്‍ സന്നദ്ധനായി.
‘മാണിക്യക്കല്ലി’ൻ്റെ സാങ്കേതിക കാര്യങ്ങളും ഗ്രാഫിക്‌സിനെക്കുറിച്ചും പഠിക്കാന്‍ നിര്‍മ്മാതാവ് ഗുഡ് നൈറ്റ് മോഹനും ക്യാമറമാന്‍ മധു അമ്പാട്ടുമൊത്ത് ലോസാഞ്ചല്‍സിലേക്ക് പോകാന്‍ ബോംബെയിലെത്തി. അന്ന് ഹോട്ടലിൽ വന്ന് സംവിധായകന്‍ പ്രിയദര്‍ശൻ മോഹനുമായി ചർച്ച നടത്തിയതും അജയൻ ‘മകുടത്തില്‍ ഒരു വരി ബാക്കി’യിൽ വിവരിക്കുന്നുണ്ട്. എന്തായാലും വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ നാൾ മുതൽ ‘മാണിക്യക്കല്ലി’ൻ്റെ മറ്റ് നഷ്ടമായി.

മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളില്‍ ചിത്രീകരിക്കാനാണ് നിർമാതാവ് ആദ്യം സമ്മതിച്ചത്. ഇതിനിടയില്‍ സൂപ്പര്‍ സ്റ്റാറുകളെ വെച്ച്‌ പടം ചെയ്യണമെന്ന ഗുഡ് നൈറ്റ് മോഹൻ നിര്‍ദ്ദേശിച്ചു. മലയാളത്തില്‍ മോഹന്‍ലാലും , ഹിന്ദിയില്‍ സല്‍മാന്‍ഖാനും അഭിനയിക്കണമെന്നായിരുന്നു ആവശ്യം. കുട്ടികള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സൂപ്പർസ്റ്റാറുകൾ ആവശ്യമില്ലന്ന് അജയൻ തീർത്തു പറഞ്ഞതോടെ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു.
അങ്ങനെ ആ സംരംഭം നിലച്ച മട്ടിലായി
” ഒരുദിവസം ഗുഡ് നൈറ്റ് മോഹൻ്റെ തിരുവനന്തപുരം ഓഫീസിൽ നിന്നും ഒരാൾ എന്നെ കാണാൻ വന്നു. എന്തോ പേപ്പറുകൾ ഒപ്പിടീപ്പിക്കാൻ ആണ് അയാൾ വന്നത്. വായിച്ചുനോക്കിയപ്പോൾ ‘മാണിക്യക്കല്ലി’ൻ്റെ മലയാളത്തിലുള്ള അവകാശം കൈമാറാനുള്ള പേപ്പർ ആണ്. അതോടെ ‘മാണിക്യല്ലി’ന് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ‘മാണിക്യക്കല്ല്’ ഡയറക്ടർ ഞാനാണെന്ന സൂചന അതിൽ ഒരിടത്തും ഇല്ല. ഇതിനിടെയാണ് പ്രിയദർശൻ ‘മാണിക്യക്കല്ല്’ സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രചരണം ഉയർന്നു വന്നത്.”

അതോടെയാണ് അജയൻ്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. മാനസികമായി തകര്‍ന്ന അദ്ദേഹം തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞു. മദ്യപാനവും രോഗവുമായി ഒതുങ്ങി. ഒടുവിൽ 2018 ഡിസംബർ 13ന് കലയുടെ ആ ‘പെരുന്തച്ചന്‍’ അരങ്ങൊഴിഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker