IndiaNEWS

എഐസിസി ആസ്ഥാനത്തിനു മുന്നിൽ‌ പ്രതിഷേധം കനക്കുന്നു; സച്ചിൻ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടര്‍ച്ചയായി മൂന്നാം ദിവസവും എൻ‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിനു മുന്നിൽ‌ പ്രതിഷേധം കനക്കുന്നു. കോൺഗ്രസ് ആസ്ഥാനത്തേക്കു ഡൽഹി പൊലീസ് കടന്നതിനു പിന്നാലെയാണു പ്രവർത്തകരുടെ പ്രതിഷേധം ശക്തമായത്. രാഹുലിന്റെ അടുപ്പക്കാരനും യുവനേതാവുമായ സച്ചിൻ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോൺഗ്രസ് ആസ്ഥാനത്തു പൊലീസും ദ്രുതകർമ സേനയും കയറി പ്രവർത്തകരെ മർദിച്ചതിനെതിരെ വ്യാഴാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ പാർട്ടി തീരുമാനിച്ചു. പാർട്ടി എംപിമാരോടു ഡൽഹിയിലെത്താൻ നിർദേശം നൽകി. സംസ്ഥാന രാജ്ഭവനുകളും ഉപരോധിക്കും. മറ്റന്നാൾ ജില്ലാ ആസ്ഥാനങ്ങളിലാണു പ്രതിഷേധം. പൊലീസുകാര്‍ സര്‍ക്കാരിന്റെ ഗുണ്ടകളെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലെ ആരോപിച്ചു.

പാർട്ടി ഓഫിസിൽ പൊലീസ് അക്രമം കാട്ടിയെന്നു നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. ഇഡി ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്കു പിന്തുണയുമായി എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഡി ഓഫിസിനു മുന്നില്‍ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു. പ്രവർത്തകരെ പൊലീസ് ബസുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മുതിർന്ന നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഭൂപേഷ് ബാഗൽ, പവൻ ഖേര തുടങ്ങിയ നേതാക്കൾ പ്രതിഷേധങ്ങളുടെ ഭാഗമായി. സർക്കാരിന്റെ ഉത്തരവനുസരിച്ചുള്ള പൊലീസ് ഗുണ്ടായിസമാണു നടക്കുന്നതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇത്തരം അപരിഷ്കൃതമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Back to top button
error: