KeralaNEWS

മരണത്തില്‍ സംശയം; സംസ്കാരത്തിനിടെ മൃതദേഹം ഏറ്റെടുത്ത് പൊലീസ്

മാവേലിക്കര: സംസ്‌കാരത്തിനിടെ മരണത്തില്‍ സംശയത്തെത്തുടര്‍ന്ന് വയോധികയുടെ മൃതദേഹം ഏറ്റെടുത്ത് പൊലീസ്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (80) മൃതദേഹമാണ് കുറത്തികാട് പൊലീസ് ഏറ്റെടുത്തത്.

മകനായ സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസം. തെക്കേക്കരയില്‍ വ്യാഴാഴ്ച രാത്രി ചിന്നമ്മ മരണമടഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനുശേഷം രാത്രി ഒമ്പതിന് സംസ്‌കാരത്തിന് എടുക്കാന്‍ തുടങ്ങവെ കുറത്തികാട് സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു.

മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക മൃതദേഹ പരിശോധനയില്‍ ചില ചതവുപാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയര്‍ത്തുന്നതായും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പൊലീസ് പറയുകയായിരുന്നു. മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker