Column

ശശികലയുടെ ‘കല’ മായുന്നു, ‘അമ്മ’ക്കു പകരം ‘ചിന്നമ്മ’യായി സ്വയം അവരോധിക്കാനുള്ള ശ്രമവും പാളി

ജയലളിതയുടെ മരണത്തോടെ കാവൽ മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിനെ നിർബന്ധിച്ച് രാജിവെപ്പിച്ച് സ്വയം മുഖ്യമന്ത്രിയായി അവരോധിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇവരുടെ അറസ്റ്റ്

അധികാരസോപാനത്തിൽ നിന്നും താഴേക്ക് പതിച്ചതു കൂടാതെ ഉണ്ടായിരുന്ന സ്വത്തുക്കളും കൈമോശം വന്ന അവസ്ഥയാണ് ഇപ്പോൾ, ജയലളിതയുടെ തോഴി വി.കെ ശശികലയുടേത്

ജയലളിതയുടെ ഇഷ്ടവിശ്രമകേന്ദ്രമാണ് നീലഗിരി കുന്നിലെ കോടനാട്.
പക്ഷേ ശശികലക്ക് ചെന്നൈ നഗരത്തോട് തൊട്ടുകിടക്കുന്ന പയനൂരിനോടാണ് ഇഷ്ടം.
സംഗീത സംവിധായകൻ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയതാണ് അത്. അധികാരത്തിന്റെ അതിർവരമ്പിൽ ആയിരിന്നിട്ടു കൂടി അവർ ഇങ്ങനെ നേടിയത് കോടികളുടെ സ്വത്തുക്കൾ. ജയലളിത എന്ന വടവൃക്ഷത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് കയ്യൂക്കിന്റെ ബലത്തിൽ അങ്ങനെ നേടിയ പലതും ഒന്നൊന്നായി ശശികലയിൽ നിന്നും ഊർന്നുപോകുന്ന കാഴ്ചയാണ് ഇന്ന് തമിഴ്നാട്ടിലെങ്ങും കാണുന്നത്.

തമിഴ്‌നാട് പയനൂര്‍ ഗ്രാമത്തില്‍ 24 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന 100 കോടിയുടെ ബംഗ്ലാവും ഫാം ഹൗസും കണ്ടുകെട്ടിയതാണ് ഇതിൽ ഒടുവിലത്തേത്.

1994 ല്‍ സംഗീത സംവിധായകൻ ഗംഗൈ അമരനെ ജയലളിതയുടെ ചെന്നൈയിലുള്ള വസതിയിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമും ബംഗ്ലാവും ഇഷ്ടപ്പെട്ടെന്നും വാങ്ങാൻ താൽപ്പര്യമുണ്ടെന്നും ശശികല അറിയിച്ചു. എന്നാല്‍ അതിന് വിസമ്മതിച്ച ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി തുഛമായ തുകയ്ക്ക് ഇവർ ഇത് എഴുതി വാങ്ങുകയായിരുന്നു.

തമിഴ്നാടിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ‘സ്വന്ത ഊരായ’ മണ്ണാർഗുഡിയിലും പരിസര പ്രദേശങ്ങളിലും ഇതുപോലെ നൂറുകണക്കിന് ഫാമുകളും എസ്റ്റേറ്റുകളുമാണ് ശശികലയ്ക്കുള്ളത്. എല്ലാം ബിനാമികളുടെ പേരിൽ. ഇതിൽ പലതും ശശികലയെ ബിനാമിയാക്കി ജയലളിത തന്നെ വാങ്ങിയതാണ് എന്നതായിരുന്നു ഏറെ കൗതുകകരം.

ജയലളിതയുടെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ ശശികല, അവരുടെ മരണശേഷം എഐഎഡിഎംകെയുടെ തലപ്പത്തെത്തിയിരുന്നു.
2016 ൽ ജയലളിതയുടെ മരണശേഷമാണ് തമിഴ്നാട്ടുകാരുടെ ‘അമ്മ’യായ ജയലളിതയുടെ സ്ഥാനത്തേക്ക് ‘ചിന്നമ്മ’യായി ശശികലയുടെ രംഗപ്രവേശം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ട്ഠേനെ അവർ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരിയിൽ എഐഎഡിഎംകെ ലെജിസ്ലേച്ചർ പാർട്ടി നേതാവായും അവരെ തെരഞ്ഞെടുത്തു.

ജയലളിതയുടെ മരണത്തോടെ അപ്പോഴത്തെ കാവൽ മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിനെ നിർബന്ധിച്ച് രാജിവെപ്പിച്ച് സ്വയം മുഖ്യമന്ത്രിയായി അവരോധിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇവരുടെ അറസ്റ്റ്.
കുറ്റക്കാരെന്ന് തെളിഞ്ഞതോടെ ശശികല ഉൾപ്പെടെയുള്ളവരെ ബംഗളൂരിവിലെ ജയിലിലേക്ക് അയച്ചു. നാല് വർഷത്തെ ജയില്‍ ശിക്ഷ പൂർത്തിയാക്കി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ശശികല വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി വരികയായിരുന്നു. പക്ഷെ കഴിഞ്ഞ ഇലക്ഷനിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ അധികാരത്തിൽ വന്നതോടെ അവരുടെ എല്ലാ സ്വപ്നങ്ങളും അസ്തമിച്ചു.

ജയലളിതയുടെ മരണ ശേഷം, പാർട്ടി ജനറൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണു തോഴി ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എന്നാൽ ഒ.പനീർസെൽവം കലാപക്കൊടി ഉയർത്തിയതോടെ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെയായിരുന്നു ശശികലയുടെ അറസ്റ്റും ജയിൽ വാസവും. ഇപ്പോൾ കയ്യിലുണ്ടായിരുന്ന സ്വത്തുക്കളും ഒന്നൊന്നായി അവരിൽ നിന്ന് ഊർന്നു പോകുകയാണ്.

ശശികലയുടെയും ബന്ധുക്കളുടെയും പേരിലുള്ള 1900 കോടി വിലമതിക്കുന്ന 84 വസ്തുവകകള്‍ ഇതുവരെ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ അന്വേഷണങ്ങളും ഇതോടൊപ്പം നടന്നുവരികയാണ്. ബംഗളൂരുവിലും മൈസൂരുവിലും മൂന്നാറിലുമൊക്കെ ഇവർക്ക് നിരവധി എസ്റ്റേറ്റുകളും ഫാം ഹൗസുകളും ഉണ്ടെന്നാണ് സൂചന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker