IndiaNEWS

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയിൽ, പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനി

"സഹോദരൻ പൂന്തുറ സിറാജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ് അദ്ദേഹമിപ്പോഴുള്ളത്. എല്ലാവരും അദ്ദേഹത്തിന്റെ രോഗശമനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നു അഭ്യർഥിക്കുന്നു..."

ബാംഗ്ലൂർ: പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന്‍റെ രോഗശമനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുൾ നാസിർ മഅ്ദനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ:
“പൂന്തുറ സിറാജിനായി പ്രാർത്ഥിക്കുക…!
സഹോദരൻ പൂന്തുറ സിറാജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ് അദ്ദേഹമിപ്പോഴുള്ളത്.
എല്ലാവരും അദ്ദേഹത്തിന്റെ രോഗശമനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നു അഭ്യർഥിക്കുന്നു…
(പ്രത്യേകിച്ചും നാളെ ജുമുഅ പ്രാർത്ഥനകളിൽ)
മഅ്‌ദനി, ബാംഗ്ലൂർ”

അതേസമയം പി.ഡി.പി വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസിര്‍ മഅ്ദനി നോമിനേറ്റ് ചെയ്തത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. കത്ത് പരിഗണിച്ച്‌ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും വൈസ്ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്യാനുമുള്ള പി.ഡി.പി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം ചെയര്‍മാന്‍ അംഗീകരിച്ചതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.

അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറാജ് പി.ഡി.പി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നു. തിരുവനന്തപുരം മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി. അധികം വൈകാതെ പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയിലേക്ക് തിരിച്ചുവരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker