CrimeNEWS

8 ലക്ഷത്തിന്‍റെ ദിര്‍ഹത്തിനു പകരം 5 ലക്ഷം തന്നാല്‍ മതിയെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്, ഓട്ടോ ഡ്രൈവർ ഇരയായി

കയ്യില്‍ അത്രയും പണമില്ലാതിരുന്ന ഹനീഫ, ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് അഞ്ച് ലക്ഷം സംഘടിപ്പിച്ചു. ഭാര്യയോടൊപ്പം എത്തിയ ഹനീഫയിൽ നിന്ന് പണംവാങ്ങിയ സംഘം തുണിയില്‍ പൊതിഞ്ഞ 'ദിര്‍ഹം' കൈമാറി. പക്ഷേ തുറന്നു നോക്കിയപ്പോള്‍ ദിര്‍ഹമല്ല, കടലാസുകള്‍ മുറിച്ചെടുത്ത് അടുക്കി വച്ച കെട്ടുകള്‍ മാത്രമായിരുന്നു അത്

കാസര്‍കോട്: ദിര്‍ഹം മാറാനെന്ന വ്യാജേന എത്തിയ സംഘം ഓട്ടോറിക്ഷാ ഡ്രൈവറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. ഓട്ടോഡ്രൈവർ പി. ഹനീഫയ്ക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പിടിയിലായി. ഓട്ടോഡ്രൈവർ ഹനീഫയെ ഇതര സംസ്ഥാനക്കാരായ രണ്ടു പേര്‍ വന്ന് പരിചയപ്പെട്ട് കയ്യിലുളള ദിര്‍ഹം മാറ്റിക്കിട്ടാന്‍ സഹായം തേടി.

എട്ട് ലക്ഷത്തി‍ന് തുല്യമായ ദിര്‍ഹം തരാമെന്നും അഞ്ച് ലക്ഷം രൂപ തിരിച്ച് തന്നാല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം. കയ്യില്‍ അത്രയും പണമില്ലാതിരുന്ന ഹനീഫ, ഭാര്യയുടെ സ്വര്‍ണ്ണം അടക്കമുള്ളവ വില്‍പ്പന നടത്തി അഞ്ച് ലക്ഷം സംഘടിപ്പിച്ചു. തൃക്കരിപ്പൂരില്‍ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഹനീഫ ഭാര്യയോടൊപ്പം എത്തിയപ്പോള്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയ സംഘം തുണിയില്‍ പൊതിഞ്ഞ എട്ട് ലക്ഷം രൂപയ്ക്ക് സമാനമായ ദിര്‍ഹം കൈമാറുകയും ചെയ്തു. പക്ഷേ തുറന്നു നോക്കിയപ്പോള്‍ ദിര്‍ഹമല്ല, കടലാസുകള്‍ മുറിച്ചെടുത്ത് അടുക്കി വച്ച കെട്ടുകള്‍ മാത്രമായിരുന്നു അത്.

ചന്ദേര പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. ജാര്‍ഖണ്ഡ് സ്വദേശി ഫാറൂഖ് ശൈഖ് , വെസ്റ്റ് ബംഗാൾ സ്വദേശി ജുവൽ അലി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഹനീഫയില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ മൂന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

ബാക്കി എവിടെ എന്നത് സംബന്ധിച്ച് മൂന്നാമൻ പിടിയിലാക്കുന്നതോടെ വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്. വര്‍ഷങ്ങളായി പയ്യന്നൂര്‍ പെരുമ്പയിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള വ്യാപാരം മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്നാണ് വിവരം. സമാന രീതിയിലുള്ള തട്ടിപ്പുകളില്‍ കണ്ണൂര്‍, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker