CrimeNEWS

‘ദൃശ്യം’ മോഡൽ കൊലപാതകം കണ്ണൂരിലെ ഇരിക്കൂറിലും, ‘ബംഗാളി’യെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റിൽ

കണ്ണൂർ: ഇരിക്കൂറിനടുത്ത് പെരുവളത്ത്പറമ്പിൽ സുഹൃത്തിനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടി കോൺക്രീറ്റുമിട്ട് നാടുവിട്ട മറുനാടൻ തൊഴിലാളി രണ്ടുമാസത്തിനുശേഷം അറസ്റ്റിൽ.
ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്‌ലാ(26)മിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തും സഹപ്രവർത്തകനും അതേ നാട്ടുകാരനുമായ പരേഷ്നാഥ് മണ്ഡൽ (26) അറസ്റ്റിലായത്. കേസിൽ ഇവരുടെ കൂട്ടുകാരൻ ഗണേഷിനെക്കൂടി പിടികിട്ടാനുണ്ട്. ഇസ്‌ലാമിന്റെ കൈയിലുണ്ടായിരുന്ന 7,000 രൂപയുമായാണ് ഇരുവരും നാടുവിട്ടത്.

ജൂൺ 28-നാണ് ഇസ്‌ലാമിനെ കാണാതായത്. അന്നുതന്നെ കൂട്ടുകാരായ രണ്ടുപേരെയും കാണാതായിരുന്നു. ഇസ്‌ലാമിന്റെ സഹോദരൻ മോമിൻ ഇരിക്കൂർ പോലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. മൂന്നുേപരെയും തിരയുന്നതിനിടെ പരേഷ്നാഥ് മുംബൈക്കടുത്തുണ്ടന്ന് വ്യക്തമായി. തുടർന്ന് ഇരിക്കൂർ എസ്.ഐ,. എം.വി.ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിൽനിന്ന് 100 കിലോമീറ്റർ അകലെ ഒരു കെട്ടിടനിർമാണ സ്ഥലത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

പരേഷ്നാഥിനെ ചോദ്യചെയ്തപ്പോഴാണ് ഇസ്‌ലാമിനെ കൊലപ്പെടുത്തി എന്ന് വ്യക്തമായത്. പെരുവളത്ത്പറമ്പ് സിദ്ദിഖ് നഗറിൽ ഇവർ ജോലിചെയ്തിരുന്ന പി.വി.മുനീറിന്റെ കെട്ടിടസമുച്ചയത്തിലെ ശൗചാലയത്തിന്റെ മൂലയിൽ ഒരുമീറ്ററോളം ആഴത്തിൽ മൃതദേഹം കുഴിച്ചിട്ട് അതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു.
പ്രതി നൽകിയ വിവരമനുസരിച്ചാണ്‌ മൃതദേഹം കണ്ടെത്തി. ഇവർ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കെത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച രാവിലെ ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്തുവെച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തി. എസ്.പി നവനീത് ശർമ, ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം, പോലീസ് ഇൻസ്പെക്ടർമാരായ കെ.സുധീർ, പി.വി.സജീവ്, കെ.ജെ.ബിനോയി എന്നിവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. പ്രതിയെ ഇന്ന് (ശനി) കോടതിയിൽ ഹാജരാക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker