KeralaNEWS

വധിക്കാൻ ശ്രമിച്ചെന്ന് കേസെടുക്കാൻ സർക്കാരിന് ഉളുപ്പുണ്ടോ? പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ച് പറഞ്ഞാൽ മരിച്ചു വീഴുന്നത് ആണോ കേരളാ മുഖ്യമന്ത്രിയുടെ പദവിയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പൊലീസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കുറ്റം ചെയ്തത് ഇ പി  ജയരാജനാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ കേസെടുക്കാൻ സർക്കാരിന് ഉളുപ്പുണ്ടോയെന്നും  ഷാഫി പറമ്പിൽ ചോദിച്ചു.

പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ച് പറഞ്ഞാൽ മരിച്ചു വീഴുന്നത് ആണോ കേരളാ മുഖ്യമന്ത്രിയുടെ പദവിയെന്ന് ഷാഫി പരിഹസിച്ചു. ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണം എന്ന് യൂത്ത് കോണ്‍ഗ്രസ് വ്യോമയാന മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അക്രമ സമരം നടത്തിയിട്ടില്ല. മുദ്രാവാക്യം വിളിച്ചാൽ വധശ്രമത്തിന് കേസ് എടുക്കുമെങ്കിൽ ജയരാജനെതിരെ കൊല കേസ് എടുക്കണ്ടേയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. എന്തുകൊണ്ടാണ് ജയരാജനെതിരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

തൊടുപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ലാത്തി കൊണ്ട് കണ്ണിൽ അടിച്ചു. കാഴ്ച തിരിച്ചു കിട്ടുമോ എന്ന് സംശയമാണെന്നും പ്രവർത്തകന്‍റെ ഫോട്ടോ ഉയർത്തിക്കാട്ടി കൊണ്ട് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന് മറവി രോഗം ബാധിച്ചിട്ടില്ലെങ്കിൽ കഴിഞ്ഞകാല സമരങ്ങൾ ഓർക്കണമെന്ന് പറഞ്ഞ ഷാഫി, യൂത്ത് കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്നത് ജയരാജ ജല്പനം. പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെൻഡ്‌ ചെയ്തെങ്കിൽ നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

കന്റോൺമെന്‍റ് ഹൗസിലേക്ക്‌ ചാടി കടന്നാലും അത് സതീശന്‍റെ പൊലീസിന്‍റെ പരാജയം അല്ലെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മറക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 18ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നും ഷാഫി പറമ്പിൽ പ്രഖ്യാപിച്ചു. വിമാനം ലാൻഡ് ചെയ്ത് വാതില്‍ തുറന്നതിന് ശേഷമായിരുന്നു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. വിമാനത്താവളത്തിൽ പ്രതിഷേധിക്കും എന്ന് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചില ഘടകങ്ങളെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: