Movie

‘തലൈവി’ വരുന്നു, തമിഴകം ഇളകിമറിയുമോ…?

മക്കൾ തിലകം എം.ജി.ആറിൻ്റെ നായികയായി തിരശ്ശീലയിൽ നിറഞ്ഞാടിത്തുടങ്ങിയ ജീവിതയാത്ര തമിഴ്നാടിൻ്റെ അമ്മ എന്ന നിലയിലേക്ക് ഉയർന്ന സംഭവബഹുലമായ 57 വർഷത്തെ ജയലളിതയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്

ബോളിവുഡ് നടി കങ്കണ റനൗട്ട് ജയലളിതയായി വേഷമിടുന്ന ‘തലൈവി’ ഇന്ന് തീയേറ്ററുകളിലെത്തും. കോവിഡിൻ്റെ ആഘാതത്തിൽ തളർന്നു കിടന്ന തമിഴ് സിനിമയെ ഈ ചിത്രം തട്ടി ഉണർത്തുമെന്നാണ് പ്രതീക്ഷ. തമിഴ് ജനതയുടെ ഹൃദയത്തുടിപ്പായി അമ്പത്തേഴു വർഷം നിറഞ്ഞു നിന്ന ജയലളിതയുടെ ജീവിതം വരച്ചിടുന്ന ചിത്രത്തിൻ്റെ പ്രിവ്യു ഇതിനോടകം ഗംഭീരമായ അഭിപ്രായമാണ് സൃഷ്ടിച്ചത്.

രാജ്യത്തെ പ്രധാന തീയേറ്ററുകളിൽ ‘തലൈവി’ ഒരു മാസം തുടർച്ചയായി പ്രദർശനം നടത്തും. പിന്നീട് ആമസോൺ, നെറ്റ് ഫ്ലിക്സ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വീണ്ടും റിലീസ് ചെയ്യും.
മക്കൾ തിലകം എം.ജി.ആറിൻ്റെ നായികയായി തിരശ്ശീലയിൽ നിറഞ്ഞാടിയ ജീവിതയാത്രയിൽ തുടങ്ങി തമിഴ്നാടിൻ്റെ അമ്മ എന്ന നിലയിലേക്ക് ഉയർന്ന സംഭവബഹുലമായ 57 വർഷത്തെ ജയലളിതയുടെ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്. വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞതായിരുന്നു ജയലളിതയുടെ ജീവിതം. ആ ജീവിതത്തിലെ നിർണായക ഘട്ടമായ എം.ജി. ആറിൻ്റെ വിലാപയാത്രക്കിടെ വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നത് അടക്കമുള്ള രംഗങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റിലുണ്ട്.


90 കോടി രൂപയാണ് ചിത്രത്തിൻ്റെ നിർമ്മാണച്ചെലവ്. സിനിമയുടെ പ്രചരണാർത്ഥം ചെന്നൈയിലെത്തിയ നടി കങ്കണറനൗട്ട് ജലളിതയുടെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു.
ജയയുടെകുട്ടിക്കാലം മുതലുള്ള കഥയാണ് ‘തലൈവി’യിൽ പറയുന്നത്. മലയാളികൾക്ക് ഏറെ പരിചിതനായ അരവിന്ദ്സ്വാമി ആണ് എം.ജി.ആർ ആയി രൂപംമാറുന്നത്. ജയലളിതയുടെ തോഴി ശശികലയുടെ വേഷത്തിൽ മലയാള താരം ഷംനകാസിം, ഭാര്യ ജാനകിയായി മധുബാല, കരുണാനിധിയുടെ വേഷത്തിൽ നടൻ നാസർ എന്നിവരാണ് ‘തലൈവി’യിലെ പ്രധാന താരങ്ങൾ.

ജയലളിത സിനിമയിൽ നിറഞ്ഞുനിന്ന കാലവും അണ്ണാ ഡി.എം.കെയുടെ സുവർണ്ണ തേരോട്ടങ്ങളും പുരട്ചി തലൈവിയുടെ മരണവുമെല്ലാം അതേപടി സിനിമയിൽ ഉണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും മികച്ചതുമായ വേഷമാണ് അഭിനയിച്ചു തീർത്തതെന്ന് അരവിന്ദ് സ്വാമി പറയുന്നു. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’യുടെ തമിഴ്, ഹിന്ദി ഭാഷകളും പിന്നാലെ പുറത്തിറങ്ങും.
ഏറെ നാളുകൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കോവിഡിൽ പെടുകയായിരുന്നു. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററിൽ എത്തുന്ന ആദ്യ ബിഗ്ബഡ്ജറ്റ് സിനിമയാണ് തലൈവി. എം.ജി.ആറും ജയലളിതയും ഒന്നിച്ച് അഭിനയിച്ച 28 സിനിമകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പുനർനിർമ്മിച്ചതാണ് മറ്റൊരു പ്രത്യേകത.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker