LIFE

രണ്ടു കാമുകിമാരും ഒരു കാമുകനും പിന്നെ നാടകീയ ക്ലൈമാക്സും

‘കെട്ടുകഥകളെക്കാള്‍ വിചിത്രമായിരിക്കും ജീവിതം’ എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഒരു ടോസിലൂടെ പരിസമാപ്തിയിലെത്തിയ ത്രികോണ പ്രണയത്തിന്റെ കഥയാണിത്.

അതെ, ഒരു ‘നാണയം’ മൂന്ന് വ്യക്തികളുടെ വിധി നിർണയിച്ച കഥ. മമ്മൂട്ടിയും മോഹന്‍ലാലും ജൂഹിചൗളയും അഭിനയിച്ച ‘ഹരികൃഷ്ണൻസി’ൻ്റെ ക്ലൈമാക്സ് പോലെയാണ് ഈ ത്രികോണ പ്രണയവും. പക്ഷെ ഇവിടെ യുവാവിന്റെ കൈയില്‍ ചില്ലറ വില്ലത്തരമുണ്ടെന്ന് മാത്രം.

കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ സകലേഷ്പൂര്‍ താലൂക്കിലാണ് സംഭവം. ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു 27കാരന്‍ അയല്‍ ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി കണ്ടുമുട്ടി. തുടര്‍ന്ന് പലപ്പോഴും ഇരുവരും ഒരുമിച്ചു കാണുകയും, ഷോപ്പിംഗിനും നര്‍മ്മ സല്ലാപത്തിനുമായി നഗരത്തിലേക്ക് രഹസ്യമായി പോകുകയും ചെയ്തു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തിലെ അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഈ യുവാവ് കൂട്ടിമുട്ടി. ഇവിടെയും ഒരു ‘സൗഹൃദം’ വിരിഞ്ഞു. നഗരത്തിലേക്കും പാര്‍ക്കിലേക്കും ഒളിച്ചുപോകുന്ന ആ പഴയ കളികള്‍ ഇവിടെയും തുടർന്നു.
ഇക്കാലമത്രയും, രണ്ട് പെണ്‍കുട്ടികളും പരസ്പരം അറിയാതെ ഒരാളെത്തന്നെ പ്രണയിച്ചുക്കൊണ്ടിരുന്നു. ഒടുവില്‍ ത്രികോണ പ്രണയം പെണ്‍കുട്ടികളും അവരു വീട്ടുകാരും, യുവാവിന്റെ വീട്ടുകാരും, നാട്ടുകാരും അറിഞ്ഞു. ഇത് ഗ്രാമത്തില്‍ വലിയൊരു വിഷയമായി. ഒടുവില്‍ പ്രണയകാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രദേശത്തെ പഞ്ചായത്ത് കൂട്ടത്തിന് വരെ ഇടപെടേണ്ടി വന്നു.

പ്രശ്നത്തിൽ തീരുമാനം എടുക്കാന്‍ ഈ ഓഗസ്റ്റ് ആദ്യം ഒരു യോഗം വിളിച്ചു. അവിടെവച്ച് യുവാവിനോട്, അയാള്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. രണ്ട് പെണ്‍കുട്ടികളും പല അവകാശവാദങ്ങളും നടത്തി, തങ്ങളുടെ വിവാഹത്തെക്കുറിച്ച് നീണ്ട തർക്കങ്ങള്‍ ഉന്നയിച്ചു. പക്ഷേ, ആ യുവാവ് ഒരു വാക്കുപോലും ശബ്ദിച്ചില്ല. ഒരു നിഗമനത്തിലെത്താന്‍ കഴിയാതെ പഞ്ചായത്ത് പിരിഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടു എന്ന ദു:ഖത്തില്‍ ആദ്യപെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യവശാല്‍, കൃത്യസമയത്ത് ആളുകള്‍ ഇടപെട്ടതുകൊണ്ട് അവള്‍ രക്ഷപ്പെട്ടു.

സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രണ്ടാമതും പഞ്ചായത്ത് വിളിച്ചു. യുവാവിന്റെയും രണ്ട് പെണ്‍കുട്ടികളുടെയും കുടുംബങ്ങള്‍ പങ്കെടുത്തു.

പഞ്ചായത്തിന്റെ തീരുമാനം അന്തിമമാണെന്ന് ഒരു അഭിഭാഷകനെ വിളിച്ച് മൂന്ന് കക്ഷികള്‍ക്കും വേണ്ടി മുദ്രപത്രത്തില്‍ ഒരു കരാര്‍ ഉണ്ടാക്കി. കൂടാതെ, തീരുമാനം തങ്ങള്‍ക്ക് അനുകൂലമല്ല എങ്കില്‍പ്പോലും ആരും പോലീസിലോ കോടതിയിലോ മാധ്യമങ്ങൾക്കു മുന്നിലോ പോകില്ലെന്നും ധാരണയിലായി. മൂന്ന് കക്ഷികളും സമ്മതിക്കുകയും കരാറില്‍ ഒപ്പിടുകയും ചെയ്തു.

കാര്യങ്ങള്‍ അത്രത്തോളം എത്തിയിട്ടും യുവാവ് തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയോ തീരുമാനം എന്താണെന്ന് പറയുകയോ ചെയ്തില്ല. അങ്ങനെയാണ് ഏത് പെണ്‍കുട്ടിയാണ് യുവാവിനെ വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പഞ്ചായത്ത് ടോസ് ഇടാൻ തീരുമാനിച്ചത്.
ആ തീരുമാനം എടുത്തുകഴിഞ്ഞപ്പോള്‍, അയാള്‍ ആദ്യ പെണ്‍കുട്ടിയുടെ അടുത്തേക്ക് നീങ്ങി. പഞ്ചായത്തിന് മുന്നില്‍ വച്ച് അവളെ ആലിംഗനം ചെയ്തു. പക്ഷേ, അവസാനരംഗത്തില്‍ കൈയടി വാങ്ങിയത് കാഴ്ചക്കാരിയായി നിന്ന രണ്ടാമത്തെ പെണ്‍കുട്ടിയാണ്. അവള്‍ മുന്നോട്ട് വന്ന് വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചു, പക്ഷേ പിരിയുന്നതിന് മുമ്പ് യുവാവിന്റെ കവിളിൽ ഒന്നു പൊട്ടിച്ചു. ഒപ്പം ഒരുമുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

”നിങ്ങള്‍ എന്നെ ഒഴിവാക്കി കടന്നുപോയി. നിങ്ങള്‍ക്ക് ചിലപ്പോള്‍ നല്ലൊരു ജീവിതം ലഭിച്ചേക്കാം, ലഭിക്കാതെയുമിരിക്കാം. പക്ഷേ ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ മുന്നില്‍ ഒരു അത്ഭുതകരമായ ജീവിതം നയിക്കും. പക്ഷെ സൂക്ഷിച്ചോ, ഞാന്‍ നിന്നെ ഒഴിവാക്കില്ല.” അവള്‍ പറഞ്ഞു.
ഈ വാചകത്തില്‍ ഗ്രാമം മുഴുവന്‍ കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ തീരുമാനമനുസരിച്ച് അയാൾ ഇപ്പോള്‍ വിവാഹിതനാണെങ്കിലും ക്ലൈമാക്സ് എങ്ങനെയാകുമോ, ആവോ!

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker