KeralaNEWS

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജലീല്‍; പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് നിർദേശം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കെ.ടി. ജലീല്‍ . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ മൊഴികൊടുക്കാന്‍ പോകുന്നതിനു മുന്‍പ് ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജലീല്‍ ഔദ്യോഗിക വസതിയിലെത്തിയതെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 4 മണിക്കു കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകുമെന്നാണ് ജലീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

സഹകരണബാങ്കില്‍ ഇഡി അന്വേഷണം എന്ന ആവശ്യം പാര്‍ട്ടി വിരുദ്ധമെന്നു മുഖ്യമന്ത്രി അറിയിച്ചു. പ്രസ്താവനകളില്‍ ജാഗ്രത വേണം. എന്നാല്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി.ജലീല്‍ അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങള്‍ സംസാരിച്ചതായി കെ.ടി. ജലീല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും.
ജലീല്‍ പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, മലപ്പുറം എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകള്‍ ഇഡി അന്വേഷിക്കണമെന്ന കെ.ടി. ജലീലിന്റെ നിലപാടിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സഹകരണ ബാങ്കുകളുടെ കാര്യം പരിശോധിക്കേണ്ടത് ഇഡിയല്ല, സംസ്ഥാന സര്‍ക്കാര്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker