CrimeNEWS

ഭാര്യയെ, മകൻ കൊന്നുവെന്ന് മൊഴി നൽകി; ഒടുവിൽ ഭർത്താവ് അറസ്റ്റിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിൽ രമ (65) മരിച്ച കേസിലാണ് ഭർത്താവ് ശശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയാണ് രമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ നാലും ശരീരത്തിൽ മൂന്നും മുറിവും ഉണ്ടായിരുന്നെന്നും ഇതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.

പിന്നീട് മകൻ ശരത് മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് ശശിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ താനല്ല രമയെ കൊലപ്പെടുത്തിയതെന്നും മകൻ ശരത്തായിരിക്കാമെന്നുമാണ് ശശി പോലീസിനോട് മൊഴി നൽകിയത്. മരണ സമയത്ത് ശരത് ചേർത്തലയിൽ എംബിഎ പരീക്ഷക്ക് പോയിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.

ശശി കുറ്റം സമ്മതിക്കാതെ വന്നതോടെ വീണ്ടും ബന്ധുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തു. രമയുടെ സഹോദരി മരണ ദിവസം രാവിലെ രമയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ 10 സെക്കൻ്റോളം സംസാരിക്കുകയും പിന്നീട് സംസാരിക്കാതെയുമായി. തൊട്ടുപിന്നാലെ ഇവർ ശശിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രമ മരിച്ചുവെന്നായിരുന്നു ശശിയുടെ മറുപടി. കസ്റ്റഡിയിലായിരുന്ന ശശി രമയുടെ മരണം സംബന്ധിച്ച് പല മൊഴികളാണ് നൽകിയത്.

ഇതോടെ കേസ് തെളിയിക്കാൻ പോലീസ് സംഭവം പുന:സൃഷ്ടിച്ചു. ഫോറൻസിക് സർജൻ ഡോ: സ്നേഹൽ അശോകിൻ്റെ സാന്നിധ്യത്തിൽ സംഭവം നടന്ന വീട്ടിൽ പ്രത്യേക പരിശോധനയും നടന്നു. പാർക്കിൻസൻ, ആസ്ത്മ രോഗങ്ങളുണ്ടായിരുന്ന രമയുടെ മരണ കാരണം ആയുധം കൊണ്ടുള്ള ആക്രമണമല്ലെന്നും കൈ കൊണ്ടുള്ള ഇടിയാണ് മരണ കാരണമെന്നും തെളിഞ്ഞു. രമയും മകൻ ശരത്തും ശശിയുമായി പിണങ്ങി കഴിയുകയായിരുന്നു.

മറ്റൊരു മുറിയിൽ തനിച്ചാണ് ശശി കഴിഞ്ഞിരുന്നത്. പല തവണ രമയെ ശശി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. 12 ഓളം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ശശിയാണെന്ന് കണ്ടെത്തുകയായിരുന്നു. രമയെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ശശിയെ കോടതിയിൽ ഹാജരാക്കി.

Back to top button
error: